500 വർഷത്തിനിടയിൽ ആദ്യമായി മാർപാപ്പയും ഇംഗ്ലണ്ടിലെ രാജാവും പരസ്പരം ആത്മീയപദവികൾ നൽകി ആദരിച്ചു

പ്രൊട്ടസ്റ്റന്റ് നവീകരണത്തിനു ശേഷമുള്ള കഴിഞ്ഞ 500 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ലെയോ പതിനാലാമൻ മാർപാപ്പയും ഇംഗ്ലണ്ടിലെ ചാൾസ് മൂന്നാമൻ രാജാവും പരസ്പരം ഗൗരവമേറിയ ആത്മീയ/ മതപരമായ പദവികൾ (honorary religious titles) നൽകി ആദരിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒക്ടോബർ 23 ന് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

“ബ്രിട്ടീഷ് രാജാവിന്റെ അനുമതിയോടെ, വിൻഡ്‌സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലുള്ള സെന്റ് ജോർജ് കോളേജിന്റെ ‘പേപ്പൽ കോൺഫ്രേറ്റർ’ (Papal Confrater) ആയി പരിശുദ്ധ ലെയോ പതിനാലാമൻ മാർപാപ്പയെ തിരഞ്ഞെടുത്ത വിവരം ഡീൻ ആൻഡ് കാനൺസ് ഓഫ് വിൻഡ്‌സർ സന്തോഷപൂർവം അറിയിക്കുന്നു” എന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ധ്രുവീകരണവും സംഘർഷങ്ങളും നിറഞ്ഞ ഇന്നത്തെ ആഗോള സാഹചര്യത്തിൽ, ക്രൈസ്തവ പാരമ്പര്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്നതാണ് ഇരുനേതാക്കളും ഇതിലൂടെ ആഗ്രഹിക്കുന്നത്. “കൂടുതൽ ധ്രുവീകരിക്കപ്പെടുന്ന ഈ ലോകത്ത് ക്രൈസ്തവ ഐക്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ്, രാജാവും മാർപാപ്പയും ക്രൈസ്തവ സഹോദര്യത്തിൽ ഒന്നിച്ചിരിക്കുകയാണ്. കത്തോലിക്കാ സഭയും ചർച്ച് ഓഫ് ഇംഗ്ലണ്ടും തമ്മിൽ വേർതിരിക്കുന്ന കാര്യങ്ങളേക്കാൾ കൂടുതൽ, അവയെ ഒന്നിപ്പിക്കുന്ന ഘടകങ്ങളെ ഉയർത്തിക്കാട്ടുന്ന മതപരമായ പദവികൾ അര സഹസ്രാബ്ദത്തിനു ശേഷം ഇരുനേതാക്കളും സ്വീകരിച്ചിരിക്കുന്നു” എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഈ അപൂർവ നടപടി ആത്മീയ ഐക്യത്തിന്റെയും സഭൈക്യ സൗഹൃദത്തിന്റെയും ക്രൈസ്തവ സഹോദര്യത്തിന്റെയും ദൃശ്യമായ അടയാളമാണെന്ന് പ്രസ്താവന കൂട്ടിച്ചേർക്കുന്നു. വിൻഡ്‌സറിലെ സെന്റ് ജോർജ് കോളേജും ചാപ്പലും പരിശുദ്ധ സിംഹാസനവുമായി (Holy See) പുലർത്തുന്ന ചരിത്രപരമായ ബന്ധത്തെയും, കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും തമ്മിലുള്ള ബന്ധത്തിലുണ്ടായ പുരോഗതിയെയും ഈ പ്രഖ്യാപനം അടയാളപ്പെടുത്തുന്നു.

ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാനിലേക്കു നടത്തിയ ചരിത്രപ്രസിദ്ധമായ സന്ദർശനത്തിന്റെ ഒന്നാം വാർഷികവേളയിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. അന്ന് റോമിലെ സെന്റ് പോൾസ് ഔട്ട്‌സൈഡ് ദി വാൾസ് (St. Paul Outside the Walls) ബസിലിക്കയുടെയും അബെയുടെയും ‘റോയൽ കോൺഫ്രറ്റേണിറ്റി’യായി ബ്രിട്ടീഷ് രാജാവിനെ സ്വീകരിച്ചിരുന്നു. അന്നുതന്നെ, വിൻഡ്‌സറിലെ സെന്റ് ജോർജ് ‘പേപ്പൽ കോൺഫ്രറ്റേണിറ്റി’ പദവി സ്വീകരിക്കാൻ പരിശുദ്ധ പിതാവിനെയും ക്ഷണിച്ചിരുന്നു.

ഇതിന്റെ ഭാഗമായി റോമിലെ ബസിലിക്കയിൽ ചാൾസ് രാജാവിനായി പ്രത്യേക സിംഹാസനം ക്രമീകരിച്ചതുപോലെ, വിൻഡ്‌സറിലെ സെന്റ് ജോർജ് ചാപ്പലിൽ മാർപാപ്പയ്ക്കുള്ള പ്രത്യേക സിംഹാസനവും കൂദാശ ചെയ്ത് ഉദ്ഘാടനം ചെയ്യും. ഈ സിംഹാസനത്തിനു സമീപം, മുൻപ് രാജാവിന്റെ വത്തിക്കാൻ സന്ദർശനവേളയിൽ മാർപാപ്പ സമ്മാനിച്ച ‘ചെഫാലുവിലെ ക്രിസ്തുവിന്റെ സാദൃശ്യമുള്ള മൊസൈക് ചിത്രം’ (mosaic icon of Christ of Cefalù) സ്ഥാപിക്കും.

നിലവിൽ ചാൾസ് രാജാവിനും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ഭാവിയിലെ സന്ദർശനങ്ങളിൽ ഉപയോഗിക്കാനായി, രാജകീയചിഹ്നവും -Ut unum sint- (എല്ലാവരും ഒന്നാകേണ്ടതിന്) എന്ന ലത്തീൻ വാക്യവും ആലേഖനം ചെയ്ത പുതിയൊരു രാജകീയ സിംഹാസനം സെന്റ് പോൾസ് ഔട്ട്‌സൈഡ് ദി വാൾസ് ബസിലിക്കയിൽ സ്ഥാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.