സിറിയയിൽ ക്രൈസ്തവഗ്രാമത്തിനു നേരെ വീണ്ടും ആക്രമണം; സുരക്ഷയും നീതിയും ആവശ്യപ്പെട്ട് ഗ്രാമവാസികൾ

സിറിയയിൽ ക്രൈസ്തവർ ഭൂരിപക്ഷമുള്ള അൽ-സുഖെയ്‌ലാബിയ (Al-Suqaylabiyah) ഗ്രാമത്തിനു നേരെ വീണ്ടും വംശീയ ആക്രമണം നടന്നു. ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് അയൽഗ്രാമമായ അൽ-ഖലാഅയിലെ (Al-Qalaa) മുസ്ലീം തീവ്രസംഘങ്ങൾ ഈ ഗ്രാമത്തിനു നേരെ ആക്രമണം നടത്തുന്നത്. സംഭവത്തെ തുടർന്ന് സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് പ്രദേശവാസികളും പ്രാദേശിക വൈദികരും ആവശ്യപ്പെട്ടു.

ഗ്രാമത്തിലെ ഒരു കടയുടമയെ ഭീഷണിപ്പെടുത്താൻ അൽ-ഖലാഅയിൽ നിന്നുള്ള ചില ചെറുപ്പക്കാർ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ, ഗ്രാമത്തിലെ മറ്റ് യുവാക്കൾ കടയുടമയുടെ രക്ഷയ്‌ക്കെത്തുകയും അക്രമികളെ തുരത്തുകയും ചെയ്തു. തുടർന്ന് ഒക്ടോബർ മൂന്നിന് രാത്രിയിൽ കൂടുതൽ ആയുധങ്ങളുമായി വൻസംഘമായി തിരിച്ചെത്തിയ അക്രമികൾ വീടുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരു ഗ്രീക്ക് ഓർത്തഡോക്സ് വൈദികനു നേരെയും അക്രമികൾ വെടിയുതിർത്തെങ്കിലും പരിക്കേൽക്കാതെ അദ്ദേഹം രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് അന്വേഷണം ആരംഭിക്കുകയും ആക്രമികളിൽ ചിലരെയും രണ്ട് ക്രൈസ്തവ യുവാക്കളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവാക്കളെ രണ്ട് ദിവസത്തിനു ശേഷം വിട്ടയച്ചു. അതേസമയം, ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈസ്റ്റർ ആഘോഷങ്ങൾക്ക് തൊട്ടുമുൻപ് ഇതേ രീതിയിൽ അൽ-ഖലാഅയിൽ നിന്നുള്ള സംഘം ഗ്രാമത്തിൽ ആക്രമണം നടത്തിയിരുന്നു. ഗ്രാമത്തിലെ ഒരു യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പ്രദേശവാസികളെ വടികളും കത്തികളുമായി എത്തിയ സംഘം ആക്രമിക്കുകയും കടകൾ തകർക്കുകയും ചെയ്തിരുന്നു.

അൽ-സുഖെയ്‌ലാബിയയിൽ ഉണ്ടായ വർഗീയ അക്രമസംഭവങ്ങളെ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) സ്ഥാപക പ്രസിഡന്റ് മെർവിൻ തോമസ് ശക്തമായി അപലപിച്ചു. ദുർബല വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സിറിയൻ ഭരണകൂടം തയ്യാറാകണമെന്നും, വർഗീയ പ്രചാരണങ്ങൾക്കും വിദ്വേഷപ്രസംഗങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹം സിറിയൻ സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.