
തെക്കൻ ജോർദാനിലെ കരാക് പ്രവിശ്യയിലുള്ള ഹമൂദ് ഗ്രാമത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് ദൈവാലയത്തിൽ മൃതസംസ്കാര ചടങ്ങിനിടെ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് ഏഴുപേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
കരാക് പ്രവിശ്യയിലെ ദൈവാലയത്തിനുള്ളിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ ആളപായമുണ്ടായതായി ജോർദാൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവർക്കായി സുരക്ഷാസേന തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ കൊല്ലപ്പെട്ടവരുടെയോ, പരിക്കേറ്റവരുടെയോ കൃത്യമായ എണ്ണമോ, ആക്രമണം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ല.
ഹമൂദിലെ ദൈവാലയത്തിൽ ഒരു മൃതസംസ്കാര ചടങ്ങ് നടക്കുമ്പോൾ വാഹനം നിർത്തി പുറത്തിറങ്ങിയ തോക്കുധാരികളായ രണ്ടുപേർ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ജോർദാന്റെ അൽ-മമ്ലക്ക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. തോക്കുധാരികളിൽ ഒരാളുടെ കൈയിൽ റൈഫിളും രണ്ടാമന്റെ കൈയിൽ പിസ്റ്റളും ഉണ്ടായിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മിനിറ്റുകളോളം നീണ്ടുനിന്ന വെടിവയ്പ്പിൽ, ദുഃഖസൂചകമായി തടിച്ചുകൂടിയ നിരവധി ആളുകളാണ് ഇരയായത്.
സംഭവസ്ഥലത്തെത്തിയ സുരക്ഷാസേന ദൈവാലയത്തിനു ചുറ്റും സുരക്ഷ ശക്തമാക്കുകയും പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളുടെ വിവരങ്ങളോ, ആക്രമണത്തിനു പിന്നിലെ ലക്ഷ്യമോ ജോർദാൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടുമില്ല.
സുരക്ഷാ ഏജൻസികൾ സംഭവസ്ഥലത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗികമായി പുറത്തുവിടുമെന്നും ജോർദാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് മൊമാനി അറിയിച്ചു. അധികൃതർക്ക് അന്വേഷണം പൂർത്തിയാക്കാൻ സമയം നൽകണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
സംഭവത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുതെന്നും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന ഔദ്യോഗിക പ്രസ്താവനകൾ മാത്രം പിന്തുടരണമെന്നും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. മുസ്ലീം വിഭാഗക്കാർക്കൊപ്പം പുരാതന ക്രൈസ്തവസമൂഹങ്ങളും സഹവസിക്കുന്ന പ്രദേശമാണ് കരാക് പ്രവിശ്യയിലെ ഹമൂദ് ഗ്രാമം. ആക്രമണത്തിനു പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും അന്വേഷണം പൂർത്തിയായ ശേഷമേ വ്യക്തത വരികയുള്ളൂ.




