
പെറുവിലെ ലിമയിൽ സ്ഥിതിചെയ്യുന്ന വി. റോസയുടെ ചരിത്രപ്രസിദ്ധമായ വീടിനു സമീപത്തു നിന്ന് 450 വർഷത്തോളം പഴക്കമുള്ള പുരാതന ആശുപത്രിയുടെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ചരിത്രപരമായും ആത്മീയമായും ഏറെ പ്രാധാന്യമുള്ള ഒരു കണ്ടുപിടിത്തമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ലിമയിലെ പ്രാദേശിക ഭരണകൂടവും പുരാവസ്തുവകുപ്പും ചേർന്ന് നടത്തിയ ഖനനത്തിലാണ് കൊളോണിയൽ കാലഘട്ടത്തിലെ ഈ കെട്ടിടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 16-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പണിതുയർത്തിയ ‘സാൻ ബർതോലോമെ’ (San Bartolomé) ആശുപത്രിയുടെ ഭാഗങ്ങളാണ് ഇവയെന്നാണ് നിഗമനം. അമേരിക്കൻ വൻകരയിലെ ആദ്യത്തെ വിശുദ്ധയായ ലിമയിലെ റോസ, തന്റെ ജീവിതകാലത്ത് രോഗികളെയും ദരിദ്രരെയും പരിചരിക്കുന്നതിൽ വലിയ താൽപര്യം കാണിച്ചിരുന്നു. സ്വന്തം വീടിന്റെ ഒരു ഭാഗം രോഗികൾക്കായുള്ള പരിചരണകേന്ദ്രമാക്കി മാറ്റിയിരുന്ന വിശുദ്ധയുടെ സേവനവഴികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ.
ആശുപത്രിയുടെ തറഭാഗങ്ങൾ, കളിമൺ പാത്രങ്ങൾ, കൊളോണിയൽ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വിവിധ നിർമ്മാണ സാമഗ്രികൾ, ഔഷധങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ എന്നിവ ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും രോഗികൾക്കും വൈദ്യസഹായം നൽകിയിരുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇതെന്ന് ചരിത്രകാരന്മാർ വ്യക്തമാക്കുന്നു.
ലിമയുടെ സമ്പന്നമായ കത്തോലിക്കാ പാരമ്പര്യത്തെയും വി. റോസയുടെ കാരുണ്യപ്രവർത്തനങ്ങളുടെ ചരിത്രപശ്ചാത്തലത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ ഈ ഗവേഷണത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




