
വത്തിക്കാൻ വിദേശകാര്യ സെക്രട്ടറിയായ (സെക്രട്ടറി ഫോർ റിലേഷൻസ് വിത്ത് സ്റ്റേറ്റ്സ് ആൻഡ് ഇന്റർനാഷണൽ ഓർഗനൈസേഷൻസ്) ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ നടത്തുന്ന മോസ്കോ ദൗത്യത്തിന്റെ രണ്ടാം ദിനത്തിൽ, റഷ്യൻ ഫെഡറേഷന്റെ തലസ്ഥാനമായ മോസ്കോയിലെ ‘ക്രൈസ്റ്റ് ദി സേവ്യർ’ ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ചു. മോസ്കോ പാത്രിയാർക്കേറ്റിന്റെ എക്സ്റ്റേണൽ ചർച്ച് റിലേഷൻസ് വിഭാഗം വൈസ് പ്രസിഡന്റായ ആർച്ച്പ്രീസ്റ്റ് ഇഗോർ യാക്കിംചുക്, ആർച്ച്ബിഷപ്പ് ഗല്ലഗറെ സ്വീകരിച്ചു.
ഓഗസ്റ്റ് 25 ന് ഇതേ വകുപ്പിന്റെ ചെയർമാൻ വോളോ കൊളാംസ്കിലെ ആന്റണി മെത്രാപ്പോലീത്തയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സന്ദർശനം. ക്രൈംലിന് സമീപം സ്ഥിതി ചെയ്യുന്നതും സ്വർണ്ണ താഴികക്കുടങ്ങളാൽ മനോഹരവുമായ ഈ പ്രൗഢഗംഭീര കത്തീഡ്രൽ ആർച്ച്ബിഷപ്പ് ഗല്ലഗർ അപ്പോസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് ജിയോവന്നി ഡി ആനിയെല്ലോയോടൊപ്പമാണ് സന്ദർശിച്ചത്.
നെപ്പോളിയന്റെ അധിനിവേശത്തിൽ നിന്ന് റഷ്യ രക്ഷപ്പെട്ടതിന്റെ ആഘോഷമായി ‘ക്രൈസ്റ്റ് ദി സേവ്യർ’ (രക്ഷകനായ ക്രിസ്തു) എന്ന പേരിൽ ഒരു കത്തീഡ്രൽ നിർമ്മിക്കാൻ 1812-ൽ അലക്സാണ്ടർ ഒന്നാമൻ ചക്രവർത്തി പദ്ധതിയിട്ടിരുന്നെങ്കിലും, 1860-ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 1883-ൽ അലക്സാണ്ടർ മൂന്നാമനാണ് ഇവിടെ കിരീടധാരണം ചെയ്യപ്പെട്ട ആദ്യത്തെ ചക്രവർത്തി. എന്നാൽ ഈ ആരാധനാലയത്തിന്റെ ചരിത്രം വലിയ തകർച്ചകൾ നിറഞ്ഞതായിരുന്നു. സോവിയറ്റ് ഭരണകൂടത്തിന് കീഴിൽ 1931-ൽ ഇത് ബോംബുവച്ച് തകർത്തു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഈ സ്ഥലത്ത് സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ നീന്തൽക്കുളം നിർമ്മിക്കുകയുണ്ടായി. സോവിയറ്റ് ഭരണകൂടത്തിന്റെ പതനത്തോടെ, 1990 ഫെബ്രുവരിയിൽ കത്തീഡ്രൽ അടിത്തറ മുതൽ പുനർനിർമ്മിക്കാൻ റഷ്യൻ ഓർത്തഡോക്സ് സഭയ്ക്ക് അനുമതി ലഭിച്ചു. 1992-ൽ രൂപീകരിച്ച നിധിയിലൂടെയാണ് പുനർനിർമ്മാണത്തിനുള്ള തുക കണ്ടെത്തിയത്. റഷ്യയിലുടനീളമുള്ള വിശ്വാസികൾ ഇതിലേക്ക് സാമ്പത്തിക സംഭാവനകൾ നൽകി.
മോസ്കോയിലെ ക്രൈസ്റ്റ് ദി സേവ്യർ കത്തീഡ്രലിൽ ചരിത്രപരവും ആത്മീയവുമായ നിരവധി അപൂർവ ശേഖരങ്ങളുണ്ട്. തകർച്ചയെ അതിജീവിച്ചതോ റഷ്യൻ കരകൗശല വിദഗ്ദ്ധർ പുനർനിർമ്മിച്ചതോ ആയ ആരാധനാ വസ്ത്രങ്ങൾ, ചരിത്രരേഖകൾ, അപൂർവ വസ്തുക്കൾ എന്നിവ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിശുദ്ധ ലൂക്കാ വരച്ചതെന്ന് കരുതപ്പെടുന്നതും റഷ്യൻ വിശ്വാസികളുടെ പ്രധാന ആരാധനാ പാത്രവുമായ ‘വിർജിൻ ഓഫ് വ്ളാഡിമിർ’ എന്ന മാതാവിന്റെ രൂപത്തിന് മുന്നിൽ ആർച്ച്ബിഷപ്പ് ഗല്ലഗർ പ്രാർഥനയ്ക്കായി ചെലവഴിച്ചു.




