
1937 ആഗസ്റ്റ് 28 നാണ് പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചത്. ജപ്പാൻകാരനായ സകിചി ടൊയോഡാ എന്നയാളാണ് ഇതിനു തുടക്കം കുറിച്ചത്. യാത്രചെയ്യാൻ കഴിയുന്ന കാർ നിർമ്മിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി മകൻ കിരിച്ചോ ടൊയോഡയെ ചുമതലപ്പെടുത്തി. എന്നാൽ ലോകമഹായുദ്ധം കാരണം കാർ നിർമ്മിക്കാൻ കഴിഞ്ഞില്ല. അതിനു പകരം അവർ ആദ്യം വികസിപ്പിച്ചത് ജി-വൺ എന്ന പേരിൽ ഒരു ട്രക്കാണ്. 1936 ലാണ് മോഡൽ എ എ എന്ന ആദ്യ കാർ നിർമ്മിക്കുന്നത്. അതിന്റെ വിജയമാണ് വ്യാവസായികാടിസ്ഥാനത്തിൽ കാർ നിർമ്മിക്കുന്നതിനായി ടൊയോട്ട മോട്ടോർ കമ്പനിയുടെ രൂപീകരണത്തിലേക്കു നയിച്ചത്.
1963 ആഗസ്റ്റ് 28 നാണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ‘എനിക്കൊരു സ്വപ്നമുണ്ട്’ – എന്ന പ്രശസ്തമായ പ്രസംഗം നടത്തിയത്. അമേരിക്കയിലെ വാഷിംഗ്ടണിൽ നടന്ന പൗരാവകാശ റാലിയിലായിരുന്നു ഈ പ്രസംഗം. വംശീയ വേർതിരിവുകൾ അവസാനിപ്പിക്കുകയും പൗരാവകാശ നിയമനിർമ്മാണം പ്രോത്സാഹിപ്പിക്കുകയുമായിരുന്നു മാർച്ചിന്റെ ലക്ഷ്യം. അമേരിക്കൻ ചരിത്രത്തിലെ സുപ്രധാന പ്രസംഗങ്ങളിലൊന്നാണിത്. ലിങ്കൺ മെമ്മോറിയൽ മൈതാനത്തു തടിച്ചുകൂടിയ രണ്ടരലക്ഷത്തോളം വരുന്ന ആളുകളുടെ മുമ്പിലായിരുന്നു അദ്ദേഹം തന്റെ പ്രസംഗം നടത്തിയത്.
1996 ആഗസ്റ്റ് 28 നാണ് ലോകപ്രശസ്ത രാജകീയ ദമ്പതികളായിരുന്ന ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും വേർപിരിഞ്ഞത്. 15 വർഷങ്ങളും ഒരുമാസവും നീണ്ട ദാമ്പത്യമാണ് അതോടെ ഇരുവരും അവസാനിപ്പിച്ചത്. രാജകുമാരന്റെ വിവാഹേതര ബന്ധത്തിന്റെ പേരിൽ 1992 മുതൽ ഇരുവരും അകന്നു കഴിയുകയായിരുന്നു. 1994 ൽ നടന്ന ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ രാജകുമാരൻ ഇക്കാര്യം പരസ്യമായി സമ്മതിക്കുകയും ചെയ്തു. 1995 ൽ ഡയാന ബിബിസിക്കു നൽകിയ അഭിമുഖം വിവാദമായതിനു ശേഷമാണ് വിവാഹബന്ധം നിയമപരമായി അവസാനിപ്പാക്കാം എന്ന തീരുമാനത്തിലേക്ക് അവരെത്തിയത്.
സുനീഷ വി എഫ്




