
നേപ്പാളിലുണ്ടായ പ്രളയം മൂലമുണ്ടായ മരണത്തിലും വലിയ നാശനഷ്ടങ്ങളിലും ലെയോ പതിനാലാമൻ മാർപാപ്പ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കളെ സർവശക്തന്റെ കാരുണ്യത്തിന് സമർപ്പിക്കുകയും പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബങ്ങൾക്ക് പാപ്പ അനുശോചനം അറിയിക്കുകയും ചെയ്തു.
ദുരന്തത്തിൽപെട്ട എല്ലാവർക്കും തന്റെ ആത്മീയസാന്നിധ്യം ഉറപ്പുനൽകിയ പാപ്പ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രാർഥിച്ചു. നേപ്പാളിലെ ജനങ്ങൾക്ക് ദൈവത്തിന്റെ സഹായവും സംരക്ഷണവും പാപ്പ നേർന്നു. ചൈനയുമായുള്ള നേപ്പാളിന്റെ വടക്കൻ അതിർത്തിക്കു സമീപമുള്ള ഗ്രാമങ്ങളിലുണ്ടായ വലിയ പ്രളയത്തെ തുടർന്ന് 350 ലധികം ആളുകൾ കൊല്ലപ്പെടുകയും 900 ലധികം ആളുകളെ കാണാതാവുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അയൽരാജ്യമായ ടിബറ്റിൽ നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഇതോടെ ദുരന്തബാധിത മേഖലയിലാകെ കാണാതായവരുടെ എണ്ണം 1,500 ഓളമായി. ഹിമാനിയുടെ (Glacier) ഒരു ഭാഗം ഇടിഞ്ഞുവീണതാണ് നേപ്പാൾ-ചൈന അതിർത്തിയിലെ നദീതടത്തിൽ പെട്ടെന്ന് പ്രളയം ഉണ്ടാകാൻ കാരണമെന്നാണ് കരുതുന്നത്. ഹിമാനി ഇടിഞ്ഞുവീണതിന്റെ ആഘാതം മൂലം ഭൂചലനത്തിന് സമാനമായ പ്രകമ്പനം അനുഭവപ്പെട്ടതായി ശാസ്ത്രജ്ഞർ പറഞ്ഞു.
നിരവധി ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. റോഡുകൾ, പാലങ്ങൾ, വൈദ്യുതനിലയങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകരുകയോ ഗുരുതരമായി നശിക്കുകയോ ചെയ്തു. പ്രളയം ഒരു പ്രധാന അതിർത്തി കടമ്പയെ ബാധിച്ചതോടെ ഗതാഗതവും വ്യാപാരപാതകളും തടസ്സപ്പെട്ടു. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനമതക്കാർ, ബോൺ മതാചാരികൾ എന്നിവർ പവിത്രമായി കരുതുന്ന കൈലാസ പർവതത്തിലേക്കും മാനസരോവർ തടാകത്തിലേക്കും തീർഥാടനത്തിനെത്തിയ നിരവധി വിദേശ വിനോദസഞ്ചാരികളെയും കാണാതായിട്ടുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിൽ ആയിരക്കണക്കിന് സൈനികരെയും പൊലീസിനെയും അടിയന്തര രക്ഷാപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിലേക്ക് എത്താനും രക്ഷപെട്ടവരെ ഒഴിപ്പിക്കാനും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിക്കാനും ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. തകർന്ന റോഡുകളും ദുർഘടമായ പർവതപാതകളും ഇനിയും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുമാണ് ഉയർത്തുന്നത്.
അയൽരാജ്യങ്ങളിൽ നിന്നും ഐക്യരാഷ്ട്ര സഭയിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും സാമ്പത്തിക സഹായവും ജീവനക്കാരും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഹായങ്ങൾ എത്താൻ തുടങ്ങിയിട്ടുണ്ട്. ആഗോളതാപനം മൂലം ഹിമാലയൻ ഹിമാനികൾ വേഗത്തിൽ ഉരുകുന്നതും പിന്നോട്ട് വലിയുന്നതും സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്കകൾ ഈ ദുരന്തം വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.




