സുസ്ഥിര കേരളം: സ്വപ്നം കാണാം ഒരു പുത്തൻ മാവേലിനാട്

ഡോ. സെമിച്ചൻ ജോസഫ്

ഡോ സെമിച്ചൻ ജോസഫ്

“മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്നുപോലെ…” എന്ന പ്രശസ്തമായ ഈരടികൾ കേവലം ഒരു ഐതിഹ്യത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല. പട്ടിണിയും വഞ്ചനയും കള്ളത്തരങ്ങളുമില്ലാത്ത, പ്രകൃതിയും മനുഷ്യനും പരസ്പര സൗഹാർദത്തിൽ കഴിഞ്ഞിരുന്ന ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണത്. ഐക്യരാഷ്ട്രസഭ ഇന്ന് മുന്നോട്ടുവയ്ക്കുന്ന, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് വരുംതലമുറയ്ക്കായി നടപ്പിലാക്കേണ്ട ‘സുസ്ഥിരവികസനം’ എന്ന കാഴ്ചപ്പാട്  മാവേലിനാട് എന്ന ഈ സങ്കൽപ്പവുമായി കൂട്ടി വായിക്കേണ്ട ഒന്നാണ്.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സമത്വം തുടങ്ങിയ മേഖലകളിൽ കൈവരിച്ച മികച്ച നേട്ടങ്ങൾ മുൻനിർത്തി ‘കേരള മോഡൽ’ വികസനം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും ഒരു വഴികാട്ടിയായി നിലകൊള്ളാൻ കേരളത്തിന് കഴിഞ്ഞത് ഈ സാമൂഹ്യ മുന്നേറ്റങ്ങളിലൂടെയാണ്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ (SDG India Index) തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തുന്നതും, 0.775 എന്ന ഉയർന്ന ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്സ് (HDI) കൈവരിച്ചതും ഇതിന് തെളിവാണ്. മാവേലിനാട് എന്ന ഐതിഹ്യത്തിലെ സമത്വത്തിന്റെ ആദ്യപടി വിജയിപ്പിക്കാൻ ഈ നേട്ടങ്ങൾ നമ്മെ സഹായിച്ചുവെങ്കിലും, യഥാർഥ മാവേലിനാട് സാധ്യമാകണമെങ്കിൽ ഭൗതിക വികസനത്തിനൊപ്പം ശക്തമായ ഒരു പൗരബോധം കൂടി നമ്മുടെ സമൂഹത്തിൽ വളർന്നുവരേണ്ടതുണ്ട്.

ഹരിത സമ്പദ്‌വ്യവസ്ഥ ഉറപ്പാക്കിക്കൊണ്ട് പ്രകൃതിദത്ത നീരൊഴുക്കുകളെ തടസ്സപ്പെടുത്താത്തതും പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ അടിസ്ഥാനസൗകര്യ വികസനമാണ് ഇനി നമുക്ക് ആവശ്യം. പ്രതിദിനം അയ്യായിരത്തിലധികം ടൺ ഖരമാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ മാലിന്യസംസ്‌കരണം വലിയൊരു വെല്ലുവിളിയാണ്. പുനരുപയോഗ ഊർജ്ജസ്രോതസ്സുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനൊപ്പം വിഷരഹിതമായ ഭക്ഷ്യോത്പാദനത്തിനായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും വേണം. തലമുറകൾക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നേറുമ്പോൾ മാത്രമേ വികസനം സുസ്ഥിരമാകൂ.

ഈ കാഴ്ചപ്പാടുകൾ വെറും സിദ്ധാന്തങ്ങളിൽ ഒതുങ്ങാതെ പ്രായോഗികതലത്തിൽ എത്തിക്കാൻ നാം നിത്യജീവിതത്തിൽ ചില കാര്യങ്ങൾ ശീലമാക്കേണ്ടതുണ്ട്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി വീടുകളിൽ ബയോബിന്നുകളും കമ്പോസ്റ്റ് യൂണിറ്റുകളും നിർബന്ധമാക്കുക, അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൃത്യമായി കൈമാറുക എന്നിവ ഇതിൽ പ്രധാനമാണ്. വീടിന് മുന്നിലെ പൊതുവഴികളിലെ കാടുവെട്ടി തെളിയിക്കാനും ജലാശയങ്ങൾ സംരക്ഷിക്കാനും പ്രാദേശിക തലത്തിൽ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കാം. കൂടാതെ, സ്വകാര്യ വാഹനങ്ങൾ കുറച്ച് പൊതുഗതാഗത സംവിധാനങ്ങളോ ഇലക്ട്രിക് വാഹനങ്ങളോ പരമാവധി പ്രയോജനപ്പെടുത്തുന്നതും, വാട്ടർ ടാപ്പുകൾ വെറുതെ തുറന്നുവിടാതിരിക്കുന്നതും, വീടുകളിൽ മഴവെള്ള സംഭരണികൾ സ്ഥാപിക്കുന്നതും മാറ്റത്തിന് വേഗം കൂട്ടും.

സുസ്ഥിര വികസന സങ്കൽപ്പത്തിന്റെ ഏറ്റവും വലിയ ശക്തി വ്യക്തിപരമായ  പൗരബോധമാണ്. പ്രതിവർഷം നാലായിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും നാല്പതിനായിരത്തോളം റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന നമ്മുടെ സംസ്ഥാനത്ത് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. ഇതിനൊപ്പം തന്നെ ബസ് സ്റ്റാൻഡുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും മറ്റു പൊതുയിടങ്ങളിലെയും ശൗചാലയങ്ങൾ ശുചിയായും ഉപയോഗയോഗ്യമായും സംരക്ഷിക്കേണ്ടത് നമ്മുടെ വ്യക്തിപരമായ ബാധ്യതയാണ്. പൊതു ശൗചാലയങ്ങൾ വൃത്തികേടാക്കാതെ ഉപയോഗിക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക എന്നിവ ഉന്നതമായ ഒരു സമൂഹത്തിന്റെ അടയാളമാണ്.

ഭാവി തലമുറയുടെ ആവശ്യങ്ങളെ തടസ്സപ്പെടുത്താതെ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് സുസ്ഥിരവികസനം. സമത്വവും സമൃദ്ധിയും മാത്രമല്ല, പരസ്പര ബഹുമാനവും നിയമപരിപാലനവും പ്രകൃതിസ്നേഹവും ഒത്തുചേരുന്നതാണ് ആധുനിക കാഴ്ചപ്പാടിലെ മാവേലിനാട്. ഭൗതികമായ പുരോഗതിക്കൊപ്പം ഉന്നതമായ പൗരബോധവും കൈകോർക്കുന്ന ആ പുതിയ ‘സുസ്ഥിര മാവേലിനാട്’ കെട്ടിപ്പടുക്കാൻ നമുക്ക് ഒന്നായി മുന്നേറാം.

(മൂവാറ്റുപുഴ നിർമ്മല കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രഫസറും  സ്മാർട്ട് ഇന്ത്യാ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപകനും ആണ് ലേഖകൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.