
ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാനിൽ തുടർച്ചയായ ദിവസങ്ങളിലുണ്ടായ അക്രമപരമ്പരകളുടെയും കൊള്ളകളുടെയും പശ്ചാത്തലത്തിൽ അടിയന്തര സുരക്ഷായോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ജോർജിയ മെലോനി. പ്രക്ഷോഭങ്ങളുടെ മറവിൽ നഗരത്തിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയതോടെയാണ് സർക്കാരിന്റെ നടപടി.
കഴിഞ്ഞ ദിവസങ്ങളിൽ ജീവിതച്ചെലവ് വർധിച്ചതിനെതിരെയും സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെയും മിലാൻ, ടൂറിൻ, ബൊളോഞ്ഞ എന്നിവിടങ്ങളിൽ വിദ്യാർഥികളുടെയും ജനങ്ങളുടെയും വലിയ പ്രകടനങ്ങൾ നടന്നിരുന്നു. എന്നാൽ, ഇതിനിടയിൽ സമാധാനപരമായ പ്രതിഷേധം അക്രമാസക്തമായി മാറുകയായിരുന്നു.
മിലാനിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിന്റെ സമീപപ്രദേശത്തും റോഡുകളിലും കറുത്ത വസ്ത്രം ധരിച്ചും മുഖംമൂടിയണിഞ്ഞുമെത്തിയ ഇരുനൂറോളം വരുന്ന കവർച്ചാസംഘങ്ങൾ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടു. കടകളുടെ ജനൽചില്ലുകൾ തകർത്ത ഇവർ സൂപ്പർമാർക്കറ്റുകളിലും പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും അതിക്രമിച്ചുകയറി കൊള്ള നടത്തുകയായിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ സ്റ്റോറുകൾ ആക്രമിക്കപ്പെട്ടു. കടകളിലെ കസേരകളും മേശകളും ബാരിക്കേഡുകളും നിരത്തുകളിൽ വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കികളും സായുധ വാഹനങ്ങളും ഉപയോഗിച്ചു. കത്തീഡ്രലിനു സമീപത്തെ ഗാലറിയും മറ്റ് പ്രധാന വീഥികളും സുരക്ഷാസേന അടച്ചുപൂട്ടി. സവിശേഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധമില്ലാത്ത, പ്രാഥമികമായി കൗമാരക്കാരായ കുട്ടികളും രണ്ടാം തലമുറ കുടിയേറ്റക്കാരുമാണ് അക്രമങ്ങൾക്കു പിന്നിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒറ്റദിവസം കൊണ്ട് അര മില്യൺ യൂറോയിലധികം നാശനഷ്ടങ്ങൾ കടയുടമകൾക്ക് ഉണ്ടായതായി റീട്ടെയിൽ അസോസിയേഷൻ അറിയിച്ചു.
സംഭവത്തെ തുടർന്ന് റോമിൽ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ നേതൃത്വത്തിൽ ഉന്നതതല സുരക്ഷായോഗം ചേരുമെന്ന് പ്രഖ്യാപിച്ചു. പൗരന്മാരുടെയും നിയമപാലകരുടെയും സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, പ്രതിഷേധങ്ങളുടെ മറവിൽ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മെലോനി വ്യക്തമാക്കി.
അക്രമങ്ങൾക്കു പിന്നിൽ പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയാണെന്ന് മിലാൻ മേയർ ജുസെപ്പെ സാല ആരോപിച്ചപ്പോൾ, അക്രമികളെ എപ്പോഴും ന്യായീകരിക്കുന്ന ഇടതുപക്ഷ നിലപാടുകളെ ആഭ്യന്തരമന്ത്രി മത്തെയോ പിയാന്തെദോസി ശക്തമായി വിമർശിച്ചു. പ്രക്ഷോഭകർ ഉന്നയിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.




