
മനുഷ്യ ജീവന്റെ വിശുദ്ധിയും ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ സംഘടിപ്പിച്ച വാർഷിക ‘മാർച്ച് ഫോർ ലൈഫ് യുകെ’ റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. യുകെയിലുടനീളമുള്ള വിവിധ ഇടവകകളിൽ നിന്നും നഗരങ്ങളിൽ നിന്നും എത്തിയ കുടുംബങ്ങൾ, യുവാക്കൾ, വൈദികർ, സന്യാസിനികൾ, ബിഷപ്പുമാർ എന്നിവരടങ്ങുന്ന വൻ ജനസഞ്ചയമാണ് റാലിയിൽ അണിനിരന്നത്.
വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നടന്ന ദിവ്യബലിയോടെയും ഇമ്മാനുവൽ സെന്ററിൽ നടന്ന പ്രോ-ലൈഫ് സമ്മിറ്റോടെയുമാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ഇമ്മാനുവൽ സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം ലണ്ടൻ നഗരവീഥികളിലൂടെ നീങ്ങി പാർലമെന്റ് സ്ക്വയറിൽ സമാപിച്ചു.
“ഗർഭഛിദ്രം കുടുംബങ്ങളെ തകർക്കുന്നു” (Abortion Hurts the Family) എന്നതായിരുന്നു ഈ വർഷത്തെ പ്രധാന പ്രമേയം. ഗർഭപാത്രത്തിലെ ജീവൻ മുതൽ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവനുമുള്ള മൂല്യം വിളിച്ചോതുന്ന പ്ലാക്കാർഡുകളും ബാനറുകളും ഏന്തിയാണ് പങ്കാളികൾ സമാധാനപരമായി അണിനിരന്നത്. പരിപാടി നടക്കുന്നതിനിടെ പ്രതികൂല മുദ്രാവാക്യങ്ങളുമായി ഗർഭഛിദ്ര അനുകൂലികൾ വഴിയിലുടനീളം പ്രതിഷേധമുയർത്തി. എന്നാൽ പ്രകോപനങ്ങൾക്ക് മുതിരാതെ, പ്രാർത്ഥനയോടും സമാധാനപരമായ നിലപാടുകളോടും കൂടിയാണ് റാലിയിൽ പങ്കെടുത്തവർ ഇതിനോട് പ്രതികരിച്ചത്.
കത്തോലിക്കാ സഭയിലെ 15-ഓളം ബിഷപ്പുമാരും പ്രമുഖ സഭാ നേതാക്കളും റാലിക്ക് പിന്തുണയുമായി നേരിട്ടെത്തി. ഓരോ മനുഷ്യജീവിതവും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതാണെന്നും അതിനാൽ തന്നെ അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ബിഷപ്പുമാർ ഓർമ്മിപ്പിച്ചു.




