ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 06

1990 സെപ്റ്റംബർ ആറിന് ഇന്ത്യൻ പാർലമെന്റ് പ്രസാർ ഭാരതി (ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) നിയമം പാസ്സാക്കി ചരിത്രപരമായ ഒരു നീക്കം നടത്തി. ഈ നിയമം പ്രസാർ ഭാരതി എന്നറിയപ്പെടുന്ന ഒരു പൊതുപ്രക്ഷേപണ കോർപ്പറേഷൻ സൃഷ്ടിക്കുന്നതിലേക്കു നയിച്ചു. എന്നിരുന്നാലും, 1997 സെപ്റ്റംബർ 15 നു മാത്രമാണ് ഈ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്.

അമേരിക്കൻ ഐക്യനാടുകളിൽ ഒരു പൊതുതിരഞ്ഞെടുപ്പിൽ ആദ്യമായി ഒരു സ്ത്രീ വോട്ട് ചെയ്തത് 1870 സെപ്റ്റംബർ ആറിനായിരുന്നു. ലൂയിസ ആൻ സ്വെയ്ൻ എന്ന വനിത 1870 സെപ്റ്റംബർ ആറിന് വ്യോമിംഗിലെ ലാറാമിയിൽ വച്ചായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, 1807 നു ശേഷം നിയമപരമായി വോട്ട് ചെയ്ത ആദ്യ വനിതയായിരുന്നു അവർ.

സ്വാതന്ത്ര്യ റഫറണ്ടത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ച് രണ്ടുദിവസത്തിനു ശേഷം, തെക്കുപടിഞ്ഞാറൻ കിഴക്കൻ ടിമോറിലെ കോവ ലിമ ജില്ലയിലെ സുവായിയിൽ 1999 സെപ്റ്റംബർ ആറിന് സുവായ് പള്ളി കൂട്ടക്കൊല നടന്നു. കിഴക്കൻ തിമോറിനെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിനു നൽകിയ റിപ്പോർട്ട് അനുസരിച്ച്, ഇന്തോനേഷ്യ അനുകൂല ലക്‌സോർ മിലിഷ്യയുടെ ആക്രമണങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ നഗരത്തിലെ ആവേ മരിയ പള്ളിയിൽ അഭയം തേടി. തുടർന്ന് ഇന്തോനേഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെ മിലിഷ്യ പുരോഹിതന്മാരെയടക്കം 345 പേരെ വരെ കൊന്നൊടുക്കി.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.