പെറുവിൽ വെടിവെപ്പിൽ വൈദികന് പരിക്ക്: മരണത്തിന്റെ സംസ്കാരം ഉപേക്ഷിക്കാൻ ആഹ്വാനവുമായി കത്തോലിക്കാ സഭ

പെറുവിലെ കല്ലാഓയിലുള്ള കാർമൻ ഡി ലാ ലെഗുവ പ്രദേശത്തുണ്ടായ വെടിവെപ്പിൽ വൈദികനും മറ്റ് രണ്ട് പേർക്കും പരിക്കേറ്റു. സാന്ത തെരേസിറ്റ ദേവാലയത്തിലെ വികാരിയായ ഫാദർ ജോസ് അർകാഡിയോ നസാരിയോ അയാലയ്ക്കാണ് ഇടത് കവിളിൽ വെടിയേറ്റത്. സംഭവത്തെ ശക്തമായി അപലപിച്ച കല്ലാഓ രൂപത, സമൂഹത്തിൽ പടർന്നുപിടിക്കുന്ന ‘മരണത്തിന്റെ സംസ്കാരം’ ഉപേക്ഷിച്ച് സമാധാനത്തിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തു.

രൂപതയുടെ ഔദ്യോഗിക പത്രക്കുറിപ്പ് അനുസരിച്ച്, കല്ലാഓയിലെ കർമൻ ഡി ലാ ലെഗുവ ജില്ലയിലുള്ള സാൻ ഫെർണാണ്ടോ നഗരപ്രദേശത്തെ സാന്ത തെരേസിറ്റ ദെൽ നിഞ്ഞോ ജെസൂസ് പള്ളിക്ക് സമീപം വെള്ളിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. വിശുദ്ധ കുർബാനയ്ക്കു ശേഷം ജനങ്ങളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന വൈദികനു നേരെ പ്രദേശം കേന്ദ്രീകരിച്ചുണ്ടായ സംഘർഷത്തിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. ഫാദർ ജോസ് അർകാഡിയോയ്ക്ക് പുറമേ ഡാർവിസ് ജെസ്യൂസ് മോനാഗ്രോ പെന്യ, എഡിത്ത് ജോസഫിന റോഡ്രിഗസ് എന്നീ മറ്റ് രണ്ടുപേർക്കും വെടിവെപ്പിൽ പരിക്കേറ്റു.

പരിക്കേറ്റ വൈദികനെ ഉടൻ തന്നെ ഡാനിയൽ അൽസിഡെസ് കരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയ്ക്കു ശേഷം ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് അദ്ദേഹം ഇടവകയിലേക്ക് മടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആഴത്തിലുള്ള ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തിയ കല്ലാഓ രൂപത, ഇരകളായവരോടും അവരുടെ കുടുംബങ്ങളോടും അനുതാപം പ്രകടിപ്പിച്ചു. പ്രദേശത്ത് വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിലും സഭ ആശങ്ക അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.