യാത്രാവിവരണം 4: എഫേസൂസിലെ കാഴ്ചകള്‍ 

റവ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ

ഗ്രാൻഡ് തിയേറ്ററിന്റെ വലിപ്പത്തിൽ നിന്ന് താഴേക്കിറങ്ങി തുറസ്സായ വഴികളിലൂടെ നടക്കുമ്പോൾ, ഇരുവശത്തും ചിതറിക്കിടക്കുന്ന കൂറ്റൻ മാർബിൾ കല്ലറകളിലേക്ക് ഞങ്ങളുടെ കണ്ണുടക്കി. റോമൻ സാമ്രാജ്യത്തിന്റെ ഉന്നതിയിൽ, നഗരത്തിലേക്കുള്ള പ്രധാന പാതകളുടെ ഇരുവശത്തുമാണ് പ്രഭുക്കന്മാരുടെയും വ്യാപാരികളുടെയും ശവകുടീരങ്ങൾ നിർമ്മിച്ചിരുന്നത്. ഒരു ശ്മശാനത്തിന്റെ ഭീകരതയോടെയല്ല, മറിച്ച് ദിവസേന ആയിരക്കണക്കിന് മനുഷ്യർ കടന്നുപോകുന്ന തിരക്കുപിടിച്ച വഴികളിൽ തന്നെയാണ് മരണപ്പെട്ടവരെയും അവർ കിടത്തിയിരുന്നത്. ഫാ. ഡോ. ജോജിൻ ഇലഞ്ഞിക്കലിന്റെ എഫേസൂസ് യാത്രയുടെ രണ്ടാം ഭാഗം.  

1. അർത്തെമിസ് ദൈവാലയവും വിഗ്രഹാരാധനയുടെ കോട്ടയും

പുരാതന ലോകത്തിലെ ഏഴ് അദ്ഭുതങ്ങളിൽ ഒന്നായ അർത്തെമിസ് ക്ഷേത്രം (Temple of Artemis) സ്ഥിതിചെയ്തിരുന്നത് എഫേസൂസിലാണ്. നഗരവളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തന്നെ എഫേസൂസിനെ ലോകപ്രശസ്തമാക്കിയ പ്രധാന ഘടകങ്ങളിലൊന്നും ഈ ദൈവാലയമായിരുന്നു. ഗ്രീക്ക് പുരാണങ്ങളിൽ വനത്തിന്റെയും വേട്ടയുടെയും ദേവതയാണ് അർത്തെമിസ് എങ്കിലും, എഫേസൂസിലെ ആരാധന തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ അവൾ വനദേവതയായിരുന്നില്ല, മറിച്ച് പ്രകൃതിയുടെയും ഫലഭൂയിഷ്ഠതയുടെയും മാതൃത്വത്തിന്റെയും സങ്കൽപമായിരുന്നു. നൂറുകണക്കിന് കൂറ്റൻ മാർബിൾ സ്തംഭങ്ങളാൽ തീർത്ത, ഗ്രീസിലെ പാർത്ഥെനനേക്കാൾ വലിയ ആ അദ്ഭുത ദൈവാലയം കാണാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീർഥാടകർ ഒഴുകിയെത്തിയിരുന്നു.

വിഗ്രഹാരാധനയും കച്ചവടവും ഒന്നുചേർന്ന ആ നഗരം റോമൻ സാമ്രാജ്യത്തിന്റെ പതാകയ്ക്കു കീഴിൽ പണത്തിന്റെയും സ്വാധീനത്തിന്റെയും മര്യാദകൾക്കപ്പുറം അന്ധമായ വിജാതീയ വിശ്വാസങ്ങളുടെ കേന്ദ്രമായി മാറി. അതിനെതിരെ ശബ്ദിച്ച പൗലോസിന്റെ പ്രസംഗങ്ങളിൽ പ്രകോപിതരായ ജനക്കൂട്ടം “എഫേസൂസുകാരുടെ അർത്തെമിസ് ദേവി വലിയവളാകുന്നു” എന്ന്  അലറിവിളിച്ചുകൊണ്ട് അദ്ദേഹത്തിനു നേരെ അക്രമം അഴിച്ചുവിട്ട അതേ വേദിയാണിത്. പിന്നീട് റോമിലെ തടവറയിൽ കിടന്നുകൊണ്ട് പൗലോസ് ശ്ലീഹാ ഈ മണ്ണിലെ, സുവിശേഷത്തിൽ വിശ്വസിച്ച പ്രിയപ്പെട്ട മക്കൾക്കായി എഴുതിയ ‘എഫേസൂസുകാർക്കുള്ള ലേഖന’ പച്ശാത്തലമൊക്കെ ഓർമ്മ വന്നു. എന്നാൽ, അന്ന് ലോകത്തെ വിസ്മയിപ്പിച്ച ആ മഹാനിർമ്മിതിയുടെ ഇന്നത്തെ അവസ്ഥ ഏതൊരു സഞ്ചാരിയുടെയും ഉള്ളിൽ വല്ലാത്തൊരു ശൂന്യതയും വിങ്ങലും അവശേഷിപ്പിക്കും. ഭൂകമ്പങ്ങളും ആക്രമണങ്ങളും കാറ്റിന്റെയും മഴയുടെയും പ്രഹരങ്ങളുമേറ്റ് ആ വലിയ ക്ഷേത്രം ഇന്ന് പൂർണ്ണമായും തകർന്നുതരിപ്പണമായിരിക്കുന്നു.

നൂറിലേറെ മാർബിൾ തൂണുകൾ പ്രതാപത്തോടെ നിലനിന്നിരുന്ന സ്ഥാനത്ത്, തകർന്നവശേഷിച്ച കല്ലുകൾ കൂട്ടിവച്ച് പുനർനിർമ്മിച്ച ഒരൊറ്റ ഒറ്റപ്പെട്ട സ്തംഭം മാത്രമാണ് ഇന്ന് ഉയർന്നു നിൽക്കുന്നത്. ഒറ്റപ്പെട്ടു നിൽക്കുന്ന ആ സ്തംഭത്തിനു മുകളിൽ ഇന്ന് ഒരു പെലിക്കൻ പക്ഷി കൂട് വച്ചിരിക്കുന്നു! ചുറ്റും കാട്ടുപുല്ലുകളും ചളിനിറഞ്ഞ വെള്ളക്കെട്ടും മാത്രം. ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും പ്രൗഢമായ ആരാധനാലയവും സാമ്രാജ്യങ്ങളുടെ അഹങ്കാരവുമായിരുന്ന ആ പുണ്യഭൂമി, ഇന്ന് കാലത്തിന്റെ ക്രൂരമായ കുത്തൊഴുക്കിൽ വെറുമൊരു നിശ്ശബ്ദ സ്മാരകമായി മാറിനിൽക്കുന്നത് കാണുമ്പോൾ, കാലത്തിന്റെ കളിമുറ്റത്ത് സാമ്രാജ്യങ്ങളുടെ പ്രതാപവും മനുഷ്യന്റെ അഹങ്കാരവുമെല്ലാം വെറുമൊരു നിഴൽനാടകം മാത്രമാണെന്ന്വ ഓർമ്മ രും.

2. സെൽസസ് ലൈബ്രറിയും മാറുന്ന കാഴ്ചകളും

എഫേസൂസ് യാത്രയിലെ ഏറ്റവും മനോഹരവും പ്രൗഢവുമായ കാഴ്ച സെൽസസ് ലൈബ്രറി (Library of Celsus) തന്നെയായിരുന്നു. എഡി രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ അദ്ഭുത സങ്കേതം, ഒരുകാലത്ത് റോമൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗ്രന്ഥശാലയായിരുന്നു. ആയിരക്കണക്കിന് പാപ്പിറസ് ചുരുളുകളിൽ അറിവ് സൂക്ഷിച്ചുവച്ചിരുന്ന ആ കൂറ്റൻ മാർബിൾ മന്ദിരത്തിനു മുന്നിൽ നിൽക്കുമ്പോൾ, ഏതു സഞ്ചാരിയിലും ചരിത്രത്തോടുള്ള ആദരവ് ഉണരും.

പാടിയത്ത് പിതാവിനെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ഈ ചരിത്രസങ്കേതമായിരുന്നു. ഒരു തത്വശാസ്ത്രജ്ഞന്റെ ദാർശനിക വീക്ഷണത്തോടെ ആ പുരാതന മന്ദിരത്തെ നോക്കിക്കണ്ട അദ്ദേഹം, പൗരാണിക വിജ്ഞാനത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് അവിടെ നിന്ന് ഒരു വീഡിയോ സന്ദേശം ചിത്രീകരിച്ചു. ആ ചരിത്രത്തോടും ദാർശനിക ചിന്തകളോടും പിതാവ് പ്രകടിപ്പിച്ച ആദരവ് അത്രമേൽ ആർദ്രമായി തോന്നി.

എന്നാൽ, ആ ഗൗരവമാർന്ന ചിന്തകൾക്കിടയിലാണ് ഞങ്ങൾ മറ്റൊരു കാഴ്ചയിലേക്ക് ശ്രദ്ധ തിരിച്ചത്. ചരിത്രവും അറിവും നിശ്ശബ്ദമായി ഉറങ്ങുന്ന ആ പ്രൗഢമായ ലൈബ്രറിയുടെ തിരുമുറ്റത്ത് ഒരു ആഡംബര വിവാഹവിരുന്ന് (Marriage Banquet) ഒരുക്കാനുള്ള തിരക്കിലായിരുന്നു ആളുകൾ അന്ന്. ഇന്ന് സാമ്പത്തികശേഷിയുള്ള ആർക്കും ഇത്തരം ചരിത്രസ്മാരകങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുക്കാമത്രെത്രേ. എന്നാൽ അതിലുപരി, മനുഷ്യർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ ആഘോഷമാക്കാൻ ഈ പുരാതന ചരിത്രത്തിന്റെ തണൽ തിരഞ്ഞുപിടിക്കുന്നു എന്നത് ചിന്തനീയമാണ്. ഒരുകാലത്ത് വിജ്ഞാനത്തിന്റെയും വലിയ സാമ്രാജ്യങ്ങളുടെയും പ്രൗഢി വിളിച്ചോതിയ ഒരു സ്മാരകം, ഇന്ന് തലമുറകൾ കൈമാറിവരുന്ന മനുഷ്യബന്ധങ്ങളുടെയും പുതിയ തുടക്കങ്ങളുടെയും വേദിയായി മാറുന്നത് വല്ലാത്തൊരു അനുഭവമായിരുന്നു.

3.ആരവങ്ങൾ ഒടുങ്ങിയ അരങ്ങ്

ലൈബ്രറിയുടെ കാഴ്ചകളിൽ നിന്ന് അൽപം മാറി, ഫാ. റോജൻ നെൽപുരയ്ക്കൽ ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത് തൊട്ടടുത്തുള്ള മറ്റൊരു അദ്ഭുത നിർമ്മിതിയിലേക്കായിരുന്നു, ഇരുപത്തി അയ്യായിരത്തോളം പേരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള കൂറ്റൻ ‘ഗ്രാൻഡ് തിയേറ്റർ.’

പൗരാണിക ലോകത്തിലെ ഏറ്റവും വലിയ അരങ്ങുകളിലൊന്നായ ആ കൽമണ്ഡപത്തിനു മുന്നിൽ നിൽക്കുമ്പോൾ, അതിന്റെ തകർന്നുവീണ ചില ഭാഗങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുമാണ് ആദ്യം കണ്ണിൽപെട്ടത്. കാലത്തിന്റെ പ്രഹരമേറ്റ് ഭാഗികമായി തകർന്നിട്ടുണ്ടെങ്കിലും, അവിടെ പണ്ടൊരിക്കൽ മുഴങ്ങിയിരുന്ന എണ്ണമറ്റ രാഷ്ട്രീയ പ്രസംഗങ്ങളുടെയും നാടകങ്ങളുടെയും ആക്രോശങ്ങളുടെയും നൈമിഷികതയാണ് ആദ്യം മനസ്സിലേക്കേത്തിയത്. എന്നിട്ടും എത്രയോ പ്രസംഗകരുടെയും പ്രകടനങ്ങളുടെയും ചരിത്രപരമായ നിമിഷങ്ങൾക്കാവും ഈ കൽപടവുകൾ സാക്ഷ്യം വഹിച്ചിട്ടുണ്ടാവുക!

ഒരുകാലത്ത് റോമൻ സാമ്രാജ്യത്തിന്റെ ആഘോഷങ്ങളും ഗ്ലാഡിയേറ്റർ പോരാട്ടങ്ങളും അരങ്ങേറിയ ഈ കൂറ്റൻ കൽപടവുകൾ, ചരിത്രത്തിൽ മറ്റൊരു കാരണത്താൽ കൂടി പ്രാധാന്യമർഹിക്കുന്നുണ്ട്. എഫേസൂസിലെ അർത്തെമിസ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന വിഗ്രഹ നിർമ്മാതാക്കളുടെ എതിർപ്പിനെത്തുടർന്ന് അപ്പസ്തോലനായ വി. പൗലോസിന് വലിയൊരു ജനക്കൂട്ടത്തെ അഭിമുഖീകരിക്കേണ്ടി വന്നത് ഇതേ ഗ്രാൻഡ് തിയേറ്ററിൽ വച്ചായിരുന്നു (അപ്പ. പ്രവ. 19). സത്യദൈവത്തെക്കുറിച്ചുള്ള പൗലോസിന്റെ പ്രസംഗങ്ങൾ തങ്ങളുടെ വ്യാപാരാഭിവൃദ്ധിയെ ബാധിക്കുമെന്ന് ഭയന്ന ഡെമെത്രിയോസ് എന്ന വെള്ളിവിഗ്രഹപ്പണിക്കാരന്റെ നേതൃത്വത്തിൽ ജനക്കൂട്ടം “എഫേസൂസുകാരുടെ അർത്തെമിസ് വലിയവളാകുന്നു!” എന്ന് മണിക്കൂറുകളോളം ആക്രോശിച്ച് ബഹളമുണ്ടാക്കിയത് ഈ തിയേറ്ററിന്റെ തിരുമുറ്റത്തു വച്ചായിരുന്നു. അന്ന് ആ കൽമണ്ഡപത്തിൽ മുഴങ്ങിപ്പൊന്തിയ ജനക്കൂട്ടത്തിന്റെ ക്രോധവും സാമ്രാജ്യങ്ങളുടെ അഹങ്കാരവുമെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ എന്നേ ഒടുങ്ങിപ്പോയി. എന്നാൽ, അവിടത്തെ വിഗ്രഹങ്ങളും സാമ്രാജ്യത്വ പ്രതാപങ്ങളും മണ്ണടിയുകയും വി. പൗലോസ് പകർന്നുനൽകിയ വിശ്വാസദർശനം ലോകമെങ്ങും പടർന്നുപന്തലിക്കുകയും ചെയ്തു. കാലത്തിന്റെ ആ വലിയ വിരോധാഭാസത്തിന് സാക്ഷിയായി ആ കൽമണ്ഡപങ്ങൾ ഇന്നും അചഞ്ചലമായി നിലകൊള്ളുന്നു.

4. കല്ലറകളുടെ വഴിത്താര: മരണത്തെ ഓർമ്മിപ്പിച്ച പൗരാണിക പാതകൾ

ഗ്രാൻഡ് തിയേറ്ററിന്റെ വലിപ്പത്തിൽ നിന്ന് താഴേക്കിറങ്ങി തുറസ്സായ വഴികളിലൂടെ നടക്കുമ്പോൾ, ഇരുവശത്തും ചിതറിക്കിടക്കുന്ന കൂറ്റൻ മാർബിൾ കല്ലറകളിലേക്ക് (Sarcophagi) ഞങ്ങളുടെ കണ്ണുടക്കി. റോമൻ സാമ്രാജ്യത്തിന്റെ ഉന്നതിയിൽ, നഗരത്തിലേക്കുള്ള പ്രധാന പാതകളുടെ ഇരുവശത്തുമാണ് പ്രഭുക്കന്മാരുടെയും വ്യാപാരികളുടെയും ശവകുടീരങ്ങൾ നിർമ്മിച്ചിരുന്നത്. ഒരു ശ്മശാനത്തിന്റെ ഭീകരതയോടെയല്ല, മറിച്ച് ദിവസേന ആയിരക്കണക്കിന് മനുഷ്യർ കടന്നുപോകുന്ന തിരക്കുപിടിച്ച വഴികളിൽ തന്നെയാണ് മരണപ്പെട്ടവരെയും അവർ കിടത്തിയിരുന്നത്.

ജീവിതത്തിന്റെ മനോഹരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന വഴിപോക്കരെ നോക്കി “ഞങ്ങളും ഒരുകാലത്ത് നിങ്ങളെപ്പോലെ ജീവിച്ചിരുന്നവരാണ്; നാളെ നിങ്ങളും ഞങ്ങളെപ്പോലെ മണ്ണാകും” എന്ന് നിശ്ശബ്ദമായി ഓർമ്മിപ്പിക്കുകയായിരുന്നു (Memento Mori) ആ കൽപേടകങ്ങൾ.

ആ വലിയ മാർബിൾ പെട്ടികളിലേക്ക് സൂക്ഷ്മമായി നോക്കിയാൽ അക്കാലത്തെ കൊത്തുപണികളുടെ സൗന്ദര്യം കാണാം. കല്ലറയുടെ ഉടമ ഒരു പോരാളിയോ, സൈനികനോ ആയിരുന്നെങ്കിൽ അതിൽ പരിചയും വാളും, നാടക കലാകാരനായിരുന്നെങ്കിൽ തിയേറ്റർ മാസ്കും, വ്യാപാരിയാണെങ്കിൽ അദ്ദേഹത്തിന്റെ തൊഴിലിന്റെ അടയാളങ്ങളും കൊത്തിവച്ചിരുന്നു. ശവകുടീരങ്ങൾ കൊള്ളയടിക്കുന്നവരിൽ നിന്ന് സംരക്ഷിക്കാൻ മെഡൂസയുടെ (Medusa) തലയോട്ടി പോലുള്ള പേടിപ്പെടുത്തുന്ന രൂപങ്ങളും അതിൽ കൊത്തിവച്ചിരിക്കുന്നത് കാണാം. നൂറ്റാണ്ടുകൾക്കിപ്പുറം, ആ കല്ലറകളെല്ലാം ഇന്ന് തുറക്കപ്പെട്ട നിലയിലാണ്. അവയിലുണ്ടായിരുന്ന നിധികളും അസ്ഥികളും കാലത്തിന്റെ കുത്തൊഴുക്കിൽ എങ്ങോ മറഞ്ഞുപോയി.

5. വിസ്മരിക്കപ്പെട്ട  ഒരു വിശുദ്ധ ഇടം

എഫേസൂസിന്റെ പ്രധാന പാതകളിലെ തിരക്കുകളിൽ നിന്നും ടൂറിസ്റ്റുകളുടെ കോലാഹലങ്ങളിൽ നിന്നും മാറി, വനപ്രദേശത്തോട് ചേർന്ന് വിജനമായി കിടക്കുന്ന ഒരു ഉൾവഴിയിലേക്ക് നടന്നപ്പോൾ ഞങ്ങളുടെ കണ്ണിൽപെട്ടത് ‘ചർച്ച് ഓഫ് സെന്റ് മേരി’ (Church of St. Mary) എന്ന ദിശാബോർഡായിരുന്നു. സാധാരണ സഞ്ചാരികൾ ആരുംതന്നെ കടന്നുചെല്ലാത്ത, തികച്ചും ഉപേക്ഷിക്കപ്പെട്ടതു പോലെ തോന്നിക്കുന്ന ആ വഴിയിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു.

കണ്ണെത്തുന്നിടത്തെല്ലാം തകർന്നു വീണ കൽത്തൂണുകളും അവശിഷ്ടങ്ങളും മാത്രമാണ് ഇന്ന് അവിടെയുള്ളത്. എഫേസൂസ് നഗരത്തിന്റെ മറ്റു ഭാഗങ്ങൾക്കു നൽകുന്ന പ്രാധാന്യമോ, പരിചരണമോ ഈ ചരിത്രഭൂമിക്ക് ലഭിക്കുന്നില്ല എന്നത് ദുഃഖകരമായ ഒരു യാഥാർഥ്യമായിരുന്നു. ഒരുപക്ഷേ, ചരിത്രത്തിൽ മറിയത്തിന്റെ നാമം ഉയർന്നുനിന്ന ഈ വിശുദ്ധ ഭൂമിയുടെ പ്രാധാന്യം ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കാനോ, ഇല്ലായ്മ ചെയ്യാനോ എന്നവണ്ണം ഇവിടത്തെ അധികാരികൾ മനഃപൂർവം ഈ നിർമ്മിതികളെ അവഗണിക്കുകയോ, തകർച്ചയ്ക്ക് വിട്ടുകൊടുക്കുകയോ ചെയ്തതാണോ എന്ന് ആ കാഴ്ചകൾ കണ്ടപ്പോൾ മനസ്സ് സംശയിച്ചു.

ഫാ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ
(തുടരും)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.