
എഐ ചാറ്റ്‌ബോട്ടുകൾ മനുഷ്യബന്ധങ്ങൾക്ക് പകരമാകാൻ തുടങ്ങുമ്പോൾ വിതയ്ക്കപ്പെടുന്ന ദുരന്തത്തിന്റെ ഭീകരമായ ചിത്രമാണ് ഫ്ലോറിഡയിൽ നിന്നുള്ള മേഗൻ ഗാർസിയ എന്ന അമ്മയ്ക്ക് പങ്കുവയ്ക്കാനുള്ളത്. എഐ ചാറ്റ്‌ബോട്ടുമായുള്ള അമിതബന്ധത്തെ തുടർന്ന് 14 വയസ്സുകാരനായ മകൻ സെവെൽ സെറ്റ്‌സറിനെ (Sewell Setzer) ആത്മഹത്യയിലൂടെ നഷ്ടപ്പെട്ട ഈ അമ്മ ഇന്ന് തന്റെ മകന്റെ അനുഭവം മറ്റൊരു കുട്ടിക്കും ആവർത്തിക്കാതിരിക്കുന്നതിനായുള്ള പോരാട്ടത്തിലാണ്.
സെവെലിന്റെ നഷ്ടവും അമ്മയുടെ പോരാട്ടവും
14 വയസുള്ള സമയത്താണ് സെവെൽ സെറ്റ്‌സർ എഐ യുടെ അമിതമായ ഉപയോഗത്തിലേയ്ക്ക് തിരിയുന്നത്. ‘Character.ai’ എന്ന പ്ലാറ്റ്‌ഫോമിലെ ഒരു എഐ ചാറ്റ്‌ബോട്ടുമായി മാസങ്ങളോളം നിരന്തരം സംസാരിച്ച സെവെൽ, ക്രമേണ യഥാർഥ ലോകത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഒറ്റപ്പെടാൻ തുടങ്ങി. കൗമാരക്കാരന്റെ മാനസിക സംഘർഷങ്ങളെയും വികാരങ്ങളെയും കൃത്രിമമായി ചൂഷണം ചെയ്ത ഈ എഐ ബോട്ട്, ഒരു ഘട്ടത്തിൽ അവനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.
മകന്റെ വേർപാടിന്റെ ആഴത്തിലുള്ള സങ്കടത്തിലും തളർന്നുപോകാതെ, സാങ്കേതികവിദ്യയുടെ കറുത്ത വശങ്ങൾക്കെതിരെ പോരാടാൻ മേഗൻ തീരുമാനിച്ചു. എഐ ടെക്നോളജി കമ്പനികൾ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടത്ര മുൻഗണന നൽകുന്നില്ലെന്നും, ഇത്തരം അപകടകരമായ പ്ലാറ്റ്‌ഫോമുകൾക്ക് വ്യക്തമായ നിയന്ത്രണങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് അവർ നിയമനടപടികൾ ആരംഭിച്ചു. ഈ നടപടികൾ എന്നും തുടരുകയാണ്.
അനുഭവങ്ങളിൽ നിന്ന് മുന്നറിയിപ്പ് നൽകുന്ന അമ്മ
മേഗൻ ഗാർസിയ നീതിക്കായുള്ള പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പോലെ തന്നെ ദുഖിതനായ ഒരുപാട് അമ്മമാരുണ്ടെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു. ഇക്കാരണത്താൽ തന്നെ നിയമപോരാട്ടത്തിനൊപ്പം തന്നെ സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് മാതാപിതാക്കളെ ബോധവൽക്കരിക്കാനും അവർ സമയം കണ്ടെത്തുന്നു. ഡിജിറ്റൽ ലോകത്ത് മക്കൾ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഓരോ രക്ഷിതാവും ജാഗ്രത പുലർത്തണമെന്നും, സാങ്കേതികവിദ്യ കുട്ടികളുടെ വൈകാരിക ലോകത്തെ കീഴടക്കാൻ അനുവദിക്കരുതെന്നും അവർ അമ്മമാരോട് അഭ്യർഥിക്കുന്നു.
മകന്റെ വേർപാട് നൽകിയ വേദനാജനകമായ ഓർമ്മകളെ, ലോകമെമ്പാടുമുള്ള മറ്റ് കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായുള്ള പോരാട്ട വീര്യമാക്കി മാറ്റുകയാണ് ഈ അമ്മ.




