
പ്രാർഥനയും സാമൂഹിക നീതിയും പരസ്പരപൂരകങ്ങൾ മാത്രമല്ല, യഥാർഥത്തിൽ വേർപെടുത്താനാവാത്തതാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച സ്ഥാപകന്റെ മാതൃക പിന്തുടർന്ന് ദൈവരാജ്യ നിർമ്മിതിക്ക് സംഭാവന നൽകുന്നതിന്, സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോളിന്റെ യു.എസ് പ്രതിനിധി സംഘത്തിന് മാർപാപ്പ നന്ദി അറിയിച്ചു.
പതിനേഴാം നൂറ്റാണ്ടിൽ ശുശ്രൂഷ ചെയ്തിരുന്ന ഫ്രഞ്ച് വൈദികനായ വിശുദ്ധ വിൻസെന്റ് ഡി പോൾ, പാവപ്പെട്ടവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കായി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയാണ്. ഇതിന്റെ പേരിൽ 1885-ൽ ലെയോ പതിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ കത്തോലിക്കാ ജീവകാരുണ്യ സംഘടനകളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.
റോമിലെ സന്ദർശനം വിൻസെൻഷ്യൻ അംഗങ്ങളുടെ “വിശ്വാസത്തെ ശക്തിപ്പെടുത്താനും, കർത്താവിനെയും സഭയെയും സേവിക്കാനുള്ള അവരുടെ ആഗ്രഹത്തെ ആഴത്തിലാക്കാനും” സഹായിക്കട്ടെ എന്ന് മാർപാപ്പ ആശംസിച്ചു.
“അതോടൊപ്പം, ദൈവകൃപ നിങ്ങളുടെ സേവനത്തെ തുടർന്നും നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കർത്താവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പ്രാർഥനയും സാമൂഹിക നീതിയും പരസ്പരപൂരകങ്ങൾ മാത്രമല്ല, വേർപെടുത്താനാവാത്തതാണെന്നും വിശുദ്ധ വിൻസെന്റ് ഡി പോൾ കാണിച്ചുതന്നു. അതിനാൽ, അദ്ദേഹത്തിന്റെ മാതൃക പിന്തുടരുന്നതിനും മധ്യസ്ഥത തേടുന്നതിനുമായി നിങ്ങളുടെ സ്വർഗീയ മധ്യസ്ഥനിലേക്ക് നിങ്ങൾ നിരന്തരം തിരിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” മാർപാപ്പ പറഞ്ഞു.
മറ്റുള്ളവർക്കായി എപ്പോഴും സ്വയം സമർപ്പിക്കാൻ വിൻസെൻഷ്യൻ അംഗങ്ങളോട് ലെയോ പതിനാലാമൻ ആഹ്വാനം ചെയ്തു. “അതുവഴി കർത്താവിന്റെ കൃപ നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രമേണ ശുദ്ധീകരിക്കുകയും, നിങ്ങൾ സേവിക്കുന്നവരിലും നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നവരിലും ക്രിസ്തുവിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും.” പാപ്പ കൂട്ടിച്ചേർത്തു.




