
2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ, പ്രാർഥനയാണ് ലോകത്തെ ഒന്നിപ്പിക്കാനുള്ള വഴിയെന്ന് ഓർമ്മിപ്പിച്ച് മെക്സിക്കോ സിറ്റി അതിരൂപത. ജൂൺ 28 ഞായറാഴ്ച പുറത്തിറങ്ങിയ ‘ദെസ്ദെ ലാ ഫെ’ (Desde la Fe) എന്ന തങ്ങളുടെ പ്രതിവാര മാസികയുടെ മുഖപ്രസംഗത്തിലാണ് മെക്സിക്കോ അതിരൂപത ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം എതിരാളികളായ കളിക്കാർ ഒരുമിച്ച് പ്രാർഥിക്കുന്നത് കാണുന്നതാണ് ലോകകപ്പ് സമ്മാനിച്ചതിൽ വച്ച് ഏറ്റവും ഹൃദയസ്പർശിയായതും പ്രത്യാശ നൽകുന്നതുമായ രംഗങ്ങൾ എന്ന് രൂപത പ്രസ്താവിച്ചു. “ഭൂമിയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒരു കായികമാമാങ്കത്തിൽ നിന്ന് ലഭിക്കുന്ന ശക്തമായ സന്ദേശമാണിത്. പ്രാർഥന ഏത് വ്യത്യാസങ്ങൾക്കും ഉപരിയായി നമ്മെ ഒന്നിപ്പിക്കുന്നു. കാരണം പ്രാർഥന നമ്മെ ഏവരെയും സ്നേഹിക്കുന്ന ദൈവവുമായി ഒന്നിപ്പിക്കുന്നതിലൂടെ, പരസ്പരം ഒന്നിപ്പിക്കാനും സഹായിക്കുന്നു”- രൂപത കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ 1,450-ലധികം ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത വെനസ്വേലൻ ജനതയുടെ ദുരിതങ്ങളെക്കുറിച്ചും മെക്സിക്കോ അതിരൂപത ഓർമ്മിപ്പിച്ചു.
മത്സരത്തിനൊടുവിൽ എതിരാളികളായ ഒരു കൂട്ടം കളിക്കാർ ഒരുമിച്ച് പ്രാർഥിക്കുന്ന ദൃശ്യം ദശലക്ഷക്കണക്കിന് ആളുകൾ കാണുമ്പോൾ, വിധ്വേഷത്തിൽ ആയിരിക്കുന്നവരെപ്പോലും ഒന്നിപ്പിക്കാൻ പ്രാർഥനയ്ക്ക് കഴിയുമെന്നതിന്റെ തെളിവാണെന്ന് പറഞ്ഞുകൊണ്ടാണ് മെക്സിക്കോ സിറ്റി അതിരൂപത മുഖപ്രസംഗം അവസാനിപ്പിച്ചത്.




