വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ വണങ്ങിയ എട്ട് മാർപാപ്പമാർ

കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ, എട്ട് മാർപാപ്പമാർ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനായി ഇറ്റലിയിലെ പാവിയ സന്ദർശിച്ചിട്ടുണ്ട്. എ.ഡി 354-ൽ ഇന്നത്തെ അൾജീരിയയിലുള്ള തഗാസ്തെയിൽ ജനിച്ച അഗസ്റ്റിൻ, എ.ഡി 395-ൽ ഹിപ്പോയിലെ (ഇന്നത്തെ അന്നാബ) ബിഷപ്പായി മാറി. എ.ഡി 430-ൽ അക്രമികൾ ആ നഗരം വളഞ്ഞുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹം അന്തരിച്ചത്. സഭയിലെ ഈ മഹാപണ്ഡിതനെ അദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ നഗരത്തിലാണ് അടക്കം ചെയ്തത്, താമസിയാതെ തന്നെ അദ്ദേഹത്തിന്റെ കല്ലറ ഒരു തീർഥാടന സ്ഥലമായി മാറി.

അവിടെനിന്ന്, ചില വർഷങ്ങൾക്കോ പതിറ്റാണ്ടുകൾക്കോ ശേഷം അഗസ്റ്റിന്റെ ഭൗതികശരീരം സാർഡിനിയയിലേക്ക് മാറ്റപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. പിന്നീട്, എ.ഡി 723-ൽ അവ വടക്കൻ ഇറ്റലിയിലേക്ക് കൊണ്ടുവരികയും, ‘സാൻ പിയെത്രോ ഇൻ ചിയേൽ ദൊറോ’ ബസിലിക്കയിൽ സ്ഥാപിക്കുകയും ചെയ്തു.

വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ

പത്തൊൻപതാം നൂറ്റാണ്ടിൽ അൾജീരിയയിലേക്ക് തിരികെ കൊണ്ടുപോയ വലത്തെ കൈയിലെ അസ്ഥി ഒഴികെയുള്ള ഈ തിരുശേഷിപ്പുകൾ സാധാരണയായി അവിടെയുള്ള ‘ആർക്ക് ഓഫ് സെന്റ് അഗസ്റ്റിൻ’ എന്ന പെട്ടകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്റെ രേഖകൾ പ്രകാരം, വിശുദ്ധ അഗസ്റ്റിന്റെ കല്ലറ വണങ്ങാൻ പാവിയ സന്ദർശിച്ച സമീപകാലത്തെ എട്ട് മാർപാപ്പമാരുടെ പട്ടിക താഴെ നൽകുന്നു.

1. ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ (1914–1922)

1914-ൽ ബൊളോഞ്ഞയിലെ ആർച്ച് ബിഷപ്പായിരുന്ന സമയത്താണ് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ ഇവിടെ സന്ദർശനം നടത്തിയത്.

2. പയസ് പതിനൊന്നാമൻ മാർപാപ്പ (1922–1939)

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് 12 വർഷം മുൻപ്, 1910-ലാണ് അദ്ദേഹം ഇവിടം സന്ദർശിച്ചത്.

3. പയസ് പന്ത്രണ്ടാമൻ മാർപാപ്പ (1939–1958)

1913-ൽ മാർപാപ്പയാകുന്നതിന് മുൻപ് അദ്ദേഹം ഈ കല്ലറ സന്ദർശിച്ച് വണങ്ങിയിരുന്നു.

4. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ (1958–1963)

മാർപാപ്പയാകുന്നതിന് മുൻപ് പലതവണ അദ്ദേഹം ഇവിടം സന്ദർശിച്ചിട്ടുണ്ട്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് രണ്ട് മാസം മുൻപുള്ള സന്ദർശനവും ഇതിൽ ഉൾപ്പെടുന്നു.

5. പോൾ ആറാമൻ മാർപാപ്പ (1963–1978)

പുരോഹിതനായിരുന്ന കാലത്ത് – മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് – അദ്ദേഹം പലതവണ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.

6. ജോൺ പോൾ രണ്ടാമൻ മാർപാപ്പ (1978–2005)

മാർപാപ്പ പദവിയിലിരുന്ന് ഈ സ്ഥലം സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ. 1984-ലാണ് അദ്ദേഹം പാവിയയിലേക്ക് ഇടയസന്ദർശനം നടത്തിയത്.

7. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (2005–2013)

അദ്ദേഹം മാർപാപ്പയായിരുന്നപ്പോൾ ഇവിടെ സന്ദർശനം നടത്തിയ സമയത്ത്, അഗസ്റ്റീനിയൻ ഓർഡറിന്റെ പ്രിയോർ ജനറലായിരുന്ന ഫാ. റോബർട്ട് പ്രിവോസ്റ്റ് (ലെയോ പതിനാലാമൻ മാർപാപ്പ) ആണ് അദ്ദേഹത്തെ സഹായിച്ചിരുന്നത്.

8. ലെയോ പതിനാലാമൻ മാർപാപ്പ (2025-)

ഒരു അഗസ്റ്റീനിയൻ പുരോഹിതൻ കൂടിയായ ലെയോ പതിനാലാമൻ മാർപാപ്പ പലതവണ പാവിയ സന്ദർശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.