
“…അവർ അവനോട് അവരുടെ ദേശം വിട്ടുപോകാൻ അഭ്യർഥിച്ചു…” (വാക്യം 34).
‘ഗദറായ ദേശവാസികൾ,’ ‘പിശാചുബാധിതർ’ എന്നിവരെ താരതമ്യം ചെയ്യുമ്പോൾ യേശുസാന്നിധ്യത്തോടുള്ള പ്രതികരണത്തിൽ പിശാചുബാധിതർ ദേശവാസികളേക്കാൾ മെച്ചപ്പെട്ടവരാണെന്ന് മനസ്സിലാകും. ഒന്നാമതായി, യേശുവിലെ ദൈവപുത്രത്വത്തെ തിരിച്ചറിയാൻ ഗദറായ ദേശവാസികൾ പരാജയപെട്ടപ്പോൾ, “…ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു…” എന്നു ചോദിച്ച്, യേശുവിനെ ദൈവപുത്രൻ എന്ന് സംബോധന ചെയ്യുന്നത് പിശാചുബാധിതരാണ്.
രണ്ടാമതായി, യേശുവിനോട് തങ്ങളെ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കാൻ അഭ്യർഥിക്കുക വഴി ദൈവാധികാരത്തോട് കൂടുതൽ വിധേയത്വം കാട്ടിയതും പിശാചുബാധിതരാണ്. മൂന്നാമതായി, ദേശവാസികൾ അവനോട് തങ്ങളുടെ ദേശം വിട്ടുപോകാൻ ആവശ്യപ്പെടുക വഴി ദൈവസാന്നിധ്യത്തേക്കാൾ അധികമായി പൈശാചികസാന്നിധ്യത്തെ തിരഞ്ഞെടുക്കുമ്പോൾ, പിശാചുബാധിതർ തങ്ങളെ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കാൻ മാത്രമാണ് അഭ്യർഥിക്കുക.
അതായത്, ‘പിശാചുബാധിതർ’ (Demoniac Possessed) പിശാചിനാൽ പീഡിപ്പിക്കപ്പെടുന്ന നിസ്സഹായരാണെങ്കിൽ, ഗദറായ ദേശവാസികൾ പിശാചിനാൽ നയിക്കപ്പെടാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്ന ‘പിശാചുബന്ധിതർ’ (Demoniac Addicted) ആണ്. പാപം ഒരു വീഴ്ചയാണെങ്കിൽ എഴുന്നേൽപ്പ് സാധ്യമാണ്. എന്നാൽ, ആലോചനാപൂര്‍വമായ തിരഞ്ഞെടുപ്പെങ്കിൽ എഴുന്നേൽപ്പ് അസാധ്യവും. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




