“അവൻ ശ്വസിക്കുന്നുണ്ടായിരുന്നു, ഞാനും…” വെനസ്വേലയിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 18 ദിവസം പ്രായമായ കുഞ്ഞുമായി പുതുജീവിതത്തിലേക്ക് ഒരമ്മ

“അവൻ ജീവനോടെയിരിക്കുന്നിടത്തോളം കാലം എനിക്കും ജീവിക്കണമായിരുന്നു. അവൻ ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞാൻ ഇടയ്ക്കിടെ അവന്റെ മൂക്കിൽ തൊട്ടുനോക്കുമായിരുന്നു”. ഇരട്ട ഭൂചലനം കനത്ത നാശം വിതച്ച വെനസ്വേലയിലെ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 18 ദിവസം മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞിനൊപ്പം ജീവനോടെ രക്ഷപ്പെട്ട ദയാന പാറ്റിനോ എന്ന അമ്മയുടെ വാക്കുകൾക്ക് കണ്ണീരിന്റെ നനവും പ്രതീക്ഷയുടെ വെളിച്ചവുമുണ്ടായിരുന്നു. ദുരന്തത്തിന്റെ ഇരുട്ടറയിൽ കഴിഞ്ഞ മണിക്കൂറുകളിൽ തനിക്ക് ജീവിക്കാനുള്ള ഏക പ്രചോദനം തന്റെ മകനായിരുന്നുവെന്ന് ദയാന എന്ന ഇരുപത്തിയഞ്ചുകാരി പറയുന്നു.

വിറങ്ങലിച്ച് പോയ ആ നിമിഷം!

വടക്കൻ തീരദേശ മേഖലയായ ലാ ഗ്വൈറയിലെ എട്ടാം നിലയിലുള്ള ഫ്ലാറ്റിൽ പാത്രങ്ങൾ കഴുകുകയായിരുന്ന ദയാന, ചെറിയൊരു ഭൂചലനമെന്ന് കരുതിയാണ് കുഞ്ഞിനെയുമെടുത്ത് മാറിയത്. എന്നാൽ പെട്ടെന്ന് കെട്ടിടം തകരുകയായിരുന്നു. “ഞാൻ വായുവിൽ പറന്നുയരുന്നതുപോലെയാണ് എനിക്ക് തോന്നിയത്. പിന്നീട് മണ്ണിലേക്കും വെള്ളത്തിലേക്കും താഴ്ന്നുപോയി, ഒടുവിൽ ഇരുണ്ട ഒരു കുഴിയിൽ ചെന്ന് വീണു. ഫർണിച്ചറുകൾക്കിടയിൽ ഞാൻ ചതഞ്ഞുപോയെങ്കിലും പറന്നുയരുന്നതിനിടയിലും കുഞ്ഞിനെ കൈകളിൽ നിന്ന് വിടാതെ പിടിച്ചത് എങ്ങനെയെന്നത് എനിക്ക് ഇപ്പോഴും ആശ്ചര്യമാണ്” ദയാന പറയുന്നു.

തന്റെ ഇടതു കാൽ സിമന്റ് പാളികൾക്കിടയിൽ കുടുങ്ങിപ്പോയെന്നും തല ഒരു വലിയ പാറക്കല്ലിൽ അമർന്നിരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. നിലവിളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ദയാന, രക്ഷാപ്രവർത്തകരുടെ ശബ്ദം കേൾക്കുമ്പോൾ മാത്രം ഉച്ചത്തിൽ ഒച്ചവെക്കാൻ തീരുമാനിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു ബൈബിൾ തൊട്ടറിയാൻ കഴിഞ്ഞതാണ് തനിക്ക് ജീവനോടെയിരിക്കാൻ പ്രത്യാശ നൽകിയതെന്ന് അവർ കൂട്ടിച്ചേർത്തു.

രക്ഷകനായി എത്തിയ സഹോദരൻ

അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ദയാനയുടെ സഹോദരൻ പേര് വിളിച്ച് തിരയുന്നത് കേട്ടതാണ് വഴിത്തിരിവായത്. “ഞാൻ ഇവിടെയുണ്ട്” എന്ന് പൂർണ്ണശക്തിയോടെ ദയാന നിലവിളിച്ചു. “ഞാൻ നിന്നെ കണ്ടെത്തി, നിങ്ങളെ പുറത്തെടുക്കാതെ ഞാൻ ഇവിടുന്ന് പോകില്ല” എന്ന് സഹോദരൻ ഉറപ്പുനൽകി. വ്യാഴാഴ്ച രാത്രിയോടെ അതിനൂതനമായ രക്ഷാപ്രവർത്തനത്തിലൂടെ അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തു. ദയാനയുടെ കാലുകൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും കുഞ്ഞ് നേരിയ പോറലുകളോടെ സുരക്ഷിതനാണ്.

‘ഞാൻ വീണ്ടും ജനിച്ചതുപോലെ തോന്നി’

അപകടസമയത്ത് കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ ദയാനയുടെ ഭർത്താവ് ജെർസൺ മതിൽ ചാടിയാണ് രക്ഷപ്പെട്ടത്. തങ്ങൾ താമസിച്ചിരുന്ന എട്ട് നില കെട്ടിടം പൂർണ്ണമായി തകർന്നടിഞ്ഞത് കണ്ട് ഇനി ഭാര്യയേയും കുഞ്ഞിനേയും ഒരിക്കലും കാണാൻ കഴിയില്ലെന്നും അവർക്ക് അരുതാത്ത് എന്തോ സംഭവിച്ചെന്നും അദ്ദേഹം കരുതി. അവരെ ജീവനോടെ തിരികെ കിട്ടിയ നിമിഷം ഒരു അദ്ഭുതമാണെന്ന് ജെർസൺ പറഞ്ഞു. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആകാശത്തേക്ക് നോക്കി കണ്ണീർ വാർക്കുന്ന ജെർസണിന്റെ വീഡിയോ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നു.

“ആ നിമിഷം വിവരിക്കാനാകാത്തതായിരുന്നു. എന്റെ മകനെ കണ്ടപ്പോൾ ഞാൻ വീണ്ടും ജനിച്ചതുപോലെ തോന്നി,” അദ്ദേഹം പറഞ്ഞു. വെനസ്വേലയിൽ പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ കുഞ്ഞ്. തങ്ങളുടെ വീടും സമ്പാദ്യങ്ങളും വളർത്തുനായയെയുമെല്ലാം ഈ ദുരന്തത്തിൽ നഷ്ടപ്പെട്ടെങ്കിലും, പൂജ്യത്തിൽ നിന്ന് ജീവിതം വീണ്ടും കെട്ടിപ്പടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ദമ്പതികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.