ക്ഷീണിതമായ ആത്മാവിനുള്ള മരുന്നാണ് പ്രാർത്ഥനയെന്ന് ഫ്രാൻസിസ് പാപ്പാ

ക്ഷീണിതമായ ആത്മാവിനുള്ള ഏറ്റവും നല്ല മരുന്ന് പ്രാർത്ഥനയാണ്. പല വൈദ്യചികിത്സകളെയും പോലെ പ്രാർത്ഥനയെന്ന മരുന്നിൽ സ്ഥിരത പ്രധാനപ്പെട്ടതാണെന്നും ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 16-ന് ആഞ്ചലൂസ് പ്രാർത്ഥനക്കിടെ നടത്തിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നാം പലപ്പോഴും അടിയന്തിര ആവശ്യങ്ങളിൽ മാത്രം ദൈവത്തിന്റെ പക്കൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏറ്റവും പ്രധാനമായത് നാം അവഗണിക്കുകയും ദൈവത്തോടുള്ള നമ്മുടെ സ്നേഹം തണുത്തുപോവുകയും ചെയ്യുന്നു. ഇന്ന്, ശോഷിച്ച വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രതിവിധി യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു. പ്രാർത്ഥനയാണ് ആ പ്രതിവിധി. പ്രാർത്ഥന വിശ്വാസത്തിനുള്ള മരുന്നാണ്. അത് ആത്മാവിന്റെ പുനഃസ്ഥാപനമാണ്. ശരിയായ സമയത്ത് പതിവായി കഴിക്കുമ്പോൾ മരുന്ന് ശരീരത്തെ സുഖപ്പെടുത്തുന്നതു പോലെ സ്ഥിരമായ ദൈനംദിന പ്രാർത്ഥനക്ക് ആത്മാവിനെ സുഖപ്പെടുത്താൻ കഴിയും” – പാപ്പാ വെളിപ്പെടുത്തി.

നമുക്ക് ദൈവത്തിനായി സമർപ്പിക്കപ്പെട്ട സമയം ആവശ്യമാണ്. അങ്ങനെ അവന് നമ്മുടെ സമയത്തിലേക്ക്, നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാൻ കഴിയും. സ്ഥിരമായ ഈ പ്രാർത്ഥനാ നിമിഷങ്ങളിലാണ് നാം അവനോട് നമ്മുടെ ഹൃദയം തുറക്കുന്നത് എന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.