നേപ്പാളിലെ പ്രളയദുരന്തം: ആയിരക്കണക്കിന് കുടുംബങ്ങൾക്ക് താങ്ങായി കാരിത്താസ് നേപ്പാൾ

നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ 900 കടന്നു. കാഠ്മണ്ഡുവിൽ നിന്നും മറ്റ് പ്രളയബാധിത മേഖലകളിൽ നിന്നും ലഭിക്കുന്ന ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് 919-ലധികം ആളുകൾ മരണപ്പെടുകയും അയ്യായിരത്തോളം ആളുകളെ (4,700-ലധികം) കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രത്യാശയുടെ കരം വിരിച്ച് ഇവരെ ചേർത്ത് പിടിക്കുകയാണ് കത്തോലിക്കാ സഭയുടെ ജീവകാരുണ്യ വിഭാഗമായ കാരിത്താസ് നേപ്പാൾ.

പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ അടിയന്തര ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം, ശുചിത്വ കിറ്റുകൾ എന്നിവ കാരിത്താസ് വിതരണം ചെയ്യുന്നുണ്ട്. വീടുകൾ നഷ്ടപ്പെട്ടവർക്ക് താൽക്കാലിക തമ്പുകളും ഷെൽട്ടറുകളും ഒരുക്കുന്നതിനായി റിലീഫ് ക്യാമ്പുകൾ സജ്ജീകരിച്ചു. കൂടാതെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനായി ബോഡി ബാഗുകൾ ഉൾപ്പെടെയുള്ള അടിയന്തര സാമഗ്രികൾ അധികൃതർക്ക് കൈമാറാൻ കാരിത്താസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, തുടർച്ചയായി പെയ്യുന്ന മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. റോഡുകളും പാലങ്ങളും തകർന്നതിനെ തുടർന്ന് പല ഗ്രാമങ്ങളും പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നേപ്പാൾ സൈന്യവും പൊലീസും പ്രാദേശിക സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തിരച്ചിൽ തുടരുന്നത്.

ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും ജീവകാരുണ്യ പ്രസ്ഥാനങ്ങളോടും കാരിത്താസ് സഹായം അഭ്യർഥിച്ചിട്ടുണ്ട്. പ്രളയബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും വരും ദിവസങ്ങളിലും നൽകുമെന്ന് കാരിത്താസ് ഭാരവാഹികൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.