തീവ്രപരിചരണ വിഭാഗത്തിലെ മാമ്മോദീസ: ദൈവകരം പിടിച്ച് ജീവിതത്തിലേക്ക് പിച്ചവച്ച് കുഞ്ഞ് അന

ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള യാത്രയിൽ ദൈവത്തിന്റെ സ്നേഹവും കരുണയും വെളിപ്പെടുന്ന നിമിഷങ്ങൾക്ക് ആശുപത്രി കിടക്കകൾ പലപ്പോഴും സാക്ഷിയാകാറുണ്ട്. കഠിനമായ രോഗാവസ്ഥയിൽ ദൈവികമായ സ്പർശനത്താൽ ജീവിതത്തിലേക്ക് തിരികെ നടന്ന ഒരു കുഞ്ഞിന്റെ അനുഭവം പ്രാർഥനയുടെയും വിശ്വാസത്തിന്റെയും വലിയൊരു നേർക്കാഴ്ചയാകുകയാണ്. ബ്രസീലിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വച്ച് നടന്ന മാമ്മോദീസാശുശ്രൂഷയ്ക്കിടെയാണ് എല്ലാവരെയും അതിശയിപ്പിച്ച ആ സംഭവം നടന്നത്.

കഠിനമായ ശ്വാസകോശ അണുബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് അന വിക്ടോറിയ എന്ന കുഞ്ഞിനെ ബ്രസീലിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ, കിടക്കയ്ക്കരികിൽ വച്ച് തന്നെ അടിയന്തിരമായി മാമ്മോദീസ ശുശ്രൂഷ നടത്താൻ വൈദികനോട് അഭ്യർഥിക്കുകയായിരുന്നു. അങ്ങനെ ദൈവത്തിന്റെ അനുഗ്രഹം തേടി വൈദികൻ പ്രാർഥന ആരംഭിക്കുകയും കുഞ്ഞിന് വിശുദ്ധ മാമ്മോദീസ നൽകുകയും ചെയ്തു.

പ്രാർഥന പുരോഗമിക്കവേ, അവിടെയുണ്ടായിരുന്ന ഡോക്ടർമാരെയും ബന്ധുക്കളെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ട് ആ അദ്ഭുതം സംഭവിച്ചു! കുഞ്ഞിന്റെ ശരീരത്തിലെ ഓക്സിജൻ അളവ് വളരെ കുറഞ്ഞ നിലയിലായ 91 ശതമാനത്തിൽ നിണ്, പ്രാർഥനയുടെ ഒടുവിൽ 98 ശതമാനത്തിലേക്ക് ഉയർന്നത് വലിയ ഒരു അദ്ഭുതമായാണ് അവിടെയുള്ളവർ കണ്ടത്. പ്രാർഥനയുടെ ഓരോ ഘട്ടത്തിലും മെഡിക്കൽ മോണിറ്ററിലെ അക്കങ്ങൾ ഉയർന്നുവന്നത് ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും കരുണയുടെയും വ്യക്തമായ അടയാളമായി മാതാപിതാക്കൾ അനുഭവിച്ചറിഞ്ഞു. ഈ അപൂർവ നിമിഷം ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകളുടെ ഹൃദയം തൊടുകയും വൈറലായി മാറുകയും ചെയ്തു.

മനുഷ്യന്റെ ചികിത്സകൾക്കും ബുദ്ധിക്കും അപ്പുറത്ത് ദൈവീകമായ ഒരു ശക്തി നമ്മെ കരുതുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ സംഭവം. പ്രാർഥനയിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹം കുഞ്ഞിന്റെ കുടുംബത്തിന് മാത്രമല്ല, അവിടെയുണ്ടായിരുന്ന മെഡിക്കൽ സംഘത്തിനും വലിയൊരു പ്രത്യാശയാണ് നൽകിയത്. ഏത് കഠിന സാഹചര്യത്തിലും ദൈവത്തിലുള്ള വിശ്വാസം നമ്മെ കാത്തുസൂക്ഷിക്കുമെന്ന സന്ദേശമാണ് ഈ സംഭവം ലോകത്തിന് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.