
ശ്വാസകോശ ശസ്ത്രക്രിയയ്ക്കു വിധേയനായി ആശുപത്രിയിൽ നിന്ന് മടങ്ങിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക്, അടുത്ത മാസം നിശ്ചയിച്ചിരിക്കുന്ന ലാറ്റിൻ അമേരിക്കൻ സന്ദർശനത്തിന് ആരോഗ്യപരമായ തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഡോക്ടർ വെളിപ്പെടുത്തി. ഒക്ടോബർ 17 ന് ജെമെല്ലി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടതിനു പിന്നാലെ വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ്, മാർപാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തിയ പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറ ഇക്കാര്യം വ്യക്തമാക്കിയത്.
നവംബർ ആറ് മുതൽ 17 വരെയാണ് ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് പാപ്പയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ മാർപാപ്പ പൂർണ്ണ ആരോഗ്യവാനായി യാത്രയ്ക്ക് സജ്ജനാകുമെന്ന് പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറ വെളിപ്പെടുത്തി. ആശുപത്രി വിടുമ്പോൾ മാർപാപ്പയുടെ ആരോഗ്യനില തികച്ചും തൃപ്തികരമായിരുന്നുവെന്നും രക്തപരിശോധനാ ഫലങ്ങളും ഹൃദയത്തിന്റെ പ്രവർത്തനവും പൂർണ്ണമായും സാധാരണ നിലയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിവ് ഉദര പരിശോധനകൾക്കിടയിലാണ് മാർപാപ്പയുടെ ശ്വാസകോശത്തിലെ അഡിനോകാർസിനോമ കണ്ടെത്തിയത്. വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി മാർപാപ്പ ആത്മീയമായും മാനസികമായും തയ്യാറെടുത്തിരുന്നു എന്ന് മാർഗരിറ്റോറ പറഞ്ഞു. “വേഗത്തിൽ സുഖം പ്രാപിക്കാനുള്ള പാപ്പയുടെ ദൃഢനിശ്ചയം എല്ലാ കാര്യത്തിലും ഫലപ്രദമായിട്ടുണ്ട്. അത് തീർച്ചയായും പ്രശംസനീയമാണ്,” സ്റ്റെഫാനോ മാർഗരിറ്റോറ കൂട്ടിച്ചേർത്തു.



