ജെമെല്ലി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മടങ്ങുന്നതിനിടയിൽ, കാൻസർ രോഗത്തിൽ നിന്ന് പൂർണ്ണമായും മുക്തി നേടിയ 13 കാരിയായ ഉക്രേനിയൻ പെൺകുട്ടിയെ ലെയോ പതിനാലാമൻ മാർപാപ്പ സ്നേഹത്തോടെ അഭിവാദ്യം ചെയ്തു. യുദ്ധക്കെടുതികളിൽ നിന്ന് രക്ഷപെട്ട് ഇറ്റലിയിൽ അഭയം പ്രാപിച്ച വാർവാര എന്ന പെൺകുട്ടിയാണ് ആശുപത്രിക്കു പുറത്തുവച്ച് മാർപാപ്പയെ നേരിൽ കണ്ടത്.
കഴിഞ്ഞ ഡിസംബർ 31 ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഒരു കൂടിക്കാഴ്ചയിലാണ് വാർവാര ആദ്യമായി മാർപാപ്പയെ കാണുന്നത്. ആ സമയം അവൾ കാൻസർ ബാധിതയും ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുകയുമായിരുന്നു. അന്ന് പാപ്പ നൽകിയ സാന്ത്വനവാക്കുകളും ആശീർവാദവും തനിക്ക് വലിയ പ്രചോദനമായിരുന്നു എന്ന് വാർവാര ഓർക്കുന്നു. പിന്നീട് രോഗത്തിൽ നിന്ന് പൂർണ്ണമായും മുക്തി നേടിയ വാർവാര, പാപ്പ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്ന സമയം പാപ്പയെ കാണാനും ആശംസകൾ അറിയിക്കാനും ആഗ്രഹിച്ചിരുന്നു. എങ്കിലും അത് നടക്കുമെന്ന് അവൾ കരുതിയിരുന്നില്ല.
ശനിയാഴ്ച ഉച്ചയോടെ മാതാപിതാക്കൾക്കൊപ്പം ജെമെല്ലി ആശുപത്രിയിലെത്തിയ വാർവാരയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥർ മാർപാപ്പയുടെ കാറിനടുത്തേക്ക് പോകാൻ അനുവാദം നൽകുകയായിരുന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ അവരുടെ പഴയ കൂടിക്കാഴ്ചയുടെ ഫോട്ടോയും, തനിക്ക് യുദ്ധമുഖത്ത് തുണയായിരുന്ന പാവയെ ഓർമ്മിപ്പിക്കുന്ന ഒരു ചെറിയ പാവയും അവൾ മാർപാപ്പയ്ക്ക് സമ്മാനമായി നൽകി. ഡിസംബറിലെ ആ ആലിംഗനം തനിക്ക് രോഗത്തെ തോൽപിക്കാനുള്ള വലിയ ശക്തി നൽകിയെന്നും, ഈ പ്രതിസന്ധിഘട്ടത്തെ മറികടന്ന് സുവിശേഷ പ്രഘോഷണവുമായി മുന്നോട്ടുപോകാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നും വാർവാര മാർപാപ്പയോട് ആശംസിച്ചു.
ഉക്രൈൻ സ്വദേശിനിയായ വാർവാര, യുദ്ധത്തെ തുടർന്ന്, ഇറ്റലിയിലെ ടൂറനു സമീപമുള്ള കാസ്റ്റെലാമോണ്ടെയിൽ അഭയം കണ്ടെത്തുകയായിരുന്നു. 2025 ലാണ് വാർവാരയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. ഇതേ തുടർന്ന് കാസ്റ്റെലാമോണ്ടെ കേന്ദ്രീകരിച്ചുള്ള ‘ലാ മെമ്മോറിയ വിവ’ (La Memoria Viva) എന്ന ജീവകാരുണ്യ സംഘടനയുടെ പിന്തുണയോടെ, അവളെ ല്വീവിൽ നിന്ന് ഒഴിപ്പിച്ച് ടൂറിനിലെ റെജീന മാർഗരിറ്റ ആശുപത്രിയിൽ ചികിത്സയ്ക്കായി ഇറ്റലിയിലെത്തിച്ചു. ദിവസങ്ങൾക്കു മുൻപ് നടത്തിയ പരിശോധനകളിൽ കാൻസർ പൂർണ്ണമായി മാറിയെന്ന സന്തോഷവാർത്ത അറിഞ്ഞാണ് മാർപാപ്പയെ കാണാൻ അവൾ എത്തിയത്. വാർവാരയെ അനുഗ്രഹിച്ച മാർപാപ്പ അവൾക്ക് തന്റെ ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു.




