
ശസ്ത്രക്രിയയ്ക്കു ശേഷം ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ന് അഗോസ്റ്റിനോ ജെമെല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിൽ നിന്ന് ലെയോ പാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി. 71 കാരനായ മാർപാപ്പ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മാർപാപ്പയെ ചികിൽസിച്ച ഡോക്ടറായ ഡോ. ലൂയിജി കാർബോണെയും ശസ്ത്രക്രിയ നടത്തിയ സർജൻ പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറയുമാണ് പാപ്പ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത വിവരം അറിയിച്ചത്.
മടങ്ങിപ്പോകുമ്പോൾ ബാരിക്കേഡുകൾക്കു സമീപം തടിച്ചുകൂടിയ വിശ്വാസികളെ മാർപാപ്പ അഭിവാദ്യം ചെയ്തു. ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഫൗണ്ടേഷൻ ബോർഡ് ചെയർമാൻ ഡാനിയേലെ ഫ്രാങ്കോയും മാർപാപ്പയുടെ ഡിസ്ചാർജ് സമയം അവിടെയുണ്ടായിരുന്നു.
റോമൻ ആശുപത്രിയിൽ നിന്ന് പുറപ്പെടുന്നതിനു മുൻപ് ശനിയാഴ്ച ഉച്ചയോടെ മാർപാപ്പ കുർബാന അർപ്പിച്ചതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ദിവസങ്ങളിൽ ലെയോ പതിനാലാമൻ തന്റെ ഔദ്യോഗിക ചുമതലകൾ പുനരാരംഭിച്ചിരുന്നു. സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ ജനറൽ അഫയേഴ്സ് സബ്സ്റ്റിറ്റ്യൂട്ട് ആർച്ച്ബിഷപ്പ് പൗലോ റുഡെല്ലി, കോളേജ് ഓഫ് കർദിനാൾസ് ഡീൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ, റോം രൂപതയുടെ വികാരി ജനറൽ കർദിനാൾ ബാൾഡസാരെ റെയ്ന എന്നിവരുമായി പാപ്പ ആശുപത്രിയിൽ വച്ച് വിവിധ അവസരങ്ങളിൽ കൂടിക്കാഴ്ച നടത്തി.
മാർപാപ്പയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ഫോണിൽ സംസാരിച്ചതായി വെള്ളിയാഴ്ച പ്രസ്സ് ഓഫീസ് അറിയിച്ചിരുന്നു.




