ഡിജിറ്റൽ ലോകത്ത് പടരുന്ന വിദ്വേഷം: ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം ഓൺലൈൻ ജൂതവിരുദ്ധത എക്കാലത്തെയും ഉയർന്ന നിലയിൽ

ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ഒക്ടോബർ ഏഴ് ആക്രമണത്തിന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ, സമൂഹമാധ്യമങ്ങളിൽ ജൂതവിരുദ്ധത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്. പ്രമുഖ ഓസ്ട്രേലിയൻ ഗവേഷണ സ്ഥാപനമായ ‘ഓൺലൈൻ ഹേറ്റ് പ്രിവൻഷൻ ഇൻസ്റ്റിറ്റ്യൂട്ട്’ (OHPI) പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ ആശങ്കാജനകമായ വിവരങ്ങളുള്ളത്. യുദ്ധത്തിന് മുമ്പുള്ള പഴയ അവസ്ഥയിലേക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇനിയും തിരികെ എത്തിയിട്ടില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2022-ൽ നിരീക്ഷണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ തോതിലുള്ള ജൂതവിരുദ്ധ ഉള്ളടക്കങ്ങളാണ് 2026 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ രേഖപ്പെടുത്തിയത്.

മുഖ്യധാരാ പ്ലാറ്റ്‌ഫോമുകളിലെ പ്രചരണങ്ങൾ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ്, ടിക് ടോക്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ, റെഡ്ഡിറ്റ്, ടെലഗ്രാം, ഗാബ്, ബിറ്റ്ച്യൂട്ട്, ഒപ്പം ആദ്യമായി ഉൾപ്പെടുത്തിയ ‘ത്രെഡ്സ്’ എന്നിവയുൾപ്പെടെ 11 പ്രമുഖ പ്ലാറ്റ്‌ഫോമുകളിലെ 29,500-ലധികം വിദ്വേഷ ഉള്ളടക്കങ്ങൾ വിദഗ്ധർ വിശകലനം ചെയ്തു. ജൂത ശക്തിയെക്കുറിച്ചുള്ള പഴയകാല സിദ്ധാന്തങ്ങളും പരമ്പരാഗത അന്ധവിശ്വാസങ്ങളുമാണ് മിക്ക പ്ലാറ്റ്‌ഫോമുകളിലും ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നത്.

ഫേസ്ബുക്കിലും എക്സിലും വിദ്വേഷ പ്രചാരണങ്ങൾ ഉയർന്ന നിലയിൽ തുടരുമ്പോൾ, ഇൻസ്റ്റാഗ്രാം, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇവ നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. നാസി ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അക്രമ സ്വഭാവമുള്ള ഉള്ളടക്കങ്ങളും കമന്റ് ബോക്സുകളിൽ കൂടിവരുന്നു. ചെറിയ പ്ലാറ്റ്‌ഫോമുകളിലല്ല, മറിച്ച് മുഖ്യധാരാ സമൂഹമാധ്യമങ്ങളിലാണ് ഹോളോകോസ്റ്റ് നിഷേധം പോലുള്ള ഉള്ളടക്കങ്ങൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നതെന്നും പഠനം കണ്ടെത്തി. ലിങ്ക്ഡ്ഇനിൽ കാണപ്പെട്ട ജൂതവിരുദ്ധ ഉള്ളടക്കങ്ങളിൽ 70 ശതമാനവും ഇസ്രായേലുമായും സയണിസവുമായും ബന്ധപ്പെട്ടതാണ്.

കർശന നടപടികൾ വേണമെന്ന് ആവശ്യം

സമൂഹമാധ്യമങ്ങളിൽ വർധിച്ചുവരുന്ന ഈ വിദ്വേഷപ്രചാരണങ്ങൾ തടയാൻ സർക്കാരുകൾ കർശന നിയമങ്ങൾ കൊണ്ടുവരണമെന്നും, നിയമങ്ങൾ പാലിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്ക് കനത്ത പിഴ ചുമത്തണമെന്നും ഒഎച്ച്പിഐ ആവശ്യപ്പെടുന്നു. വിദ്വേഷ ഉള്ളടക്കങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനും കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തണമെന്നും, 2025 ജനുവരിയിൽ നിർത്തലാക്കിയ ഓട്ടോമേറ്റഡ് റിമൂവൽ സിസ്റ്റം മെറ്റ വീണ്ടും നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ ശക്തമായ ശുപാർശ ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.