
മനുഷ്യസ്നേഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവച്ചുകൊണ്ട്, സ്നേഹം എന്നത് താൽകാലികമായ ഒരു വികാരമല്ലെന്നും മറിച്ച് ഒരു തീരുമാനവും ഒരു യാത്രയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ഉടമ്പടിയുമാണ് എന്ന് ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. ‘യുക്യാറ്റ്: ലവ് ഫോറെവർ’ (YouCat: Love Forever) എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ ആമുഖത്തിലാണ് മാർപാപ്പ ഇക്കാര്യം എടുത്തുപറഞ്ഞത്.
വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന യുവാക്കൾക്കായി തയ്യാറാക്കിയ ഈ പഠനഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് നവംബറിൽ പുറത്തിറങ്ങും. 2025 മേയിൽ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിന് തൊട്ടുപിന്നാലെ ആയിരുന്നു ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്. നിങ്ങളുടെ ഹൃദയം ആഴമേറിയതും ആവേശഭരിതവും ശാശ്വതവുമായ സ്നേഹത്തിനായി കൊതിക്കുന്നു. ഈ ആഗ്രഹം യാദൃശ്ചികമല്ലെന്നും മറിച്ച് നിങ്ങൾ സ്നേഹത്തിനായി സൃഷ്ടിക്കപ്പെട്ടവരാണെന്നതിന്റെ അടയാളമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
“ദൈവത്തിന് മനുഷ്യസ്നേഹത്തിൽ തന്റെ സാന്നിധ്യം അറിയിക്കാനും അതിനെ രൂപാന്തരപ്പെടുത്താനും സാധിക്കും. സ്വയം ദാനമായി നൽകി ശുശ്രൂഷ ചെയ്തുകൊണ്ടും ആവശ്യമെങ്കിൽ ക്ഷമിച്ചുകൊണ്ടും അവിടുന്ന് സ്നേഹിക്കുന്നതു പോലെ സ്നേഹിക്കാനുള്ള കഴിവ് ദൈവം നമുക്ക് നൽകുന്നു,” മാർപാപ്പ കൂട്ടിച്ചേർത്തു.
സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് സംസാരിക്കവെ, “അതൊരു അമ്പ് പോലെ വേഗത്തിലും വീര്യത്തോടെയും ഹൃദയത്തിൽ തറച്ചേക്കാം. എങ്കിലും അത് അവിടെ അവസാനിക്കുന്നില്ല” എന്ന് മാർപാപ്പ പറഞ്ഞു. കാരണം, അത് “താത്കാലികമോ, പെട്ടെന്ന് ഇല്ലാതാകുന്നതോ ആയ ഒരു വികാരമല്ല. ക്രിസ്തു സ്നേഹിച്ചതു പോലെ എനിക്ക് എങ്ങനെ സ്നേഹിക്കാൻ കഴിയും എന്ന ചോദ്യത്തിന് മുൻഗണന നൽകുകയും, എനിക്ക് എന്ത് ലഭിക്കും എന്ന ചോദ്യത്തെ പിന്നിലേക്ക് മാറ്റുകയും ചെയ്യുന്ന സ്നേഹത്തിലൂടെയാണ്, പരസ്പര വിശ്വാസത്തിലും എല്ലാ ദൈവവിളികളുടെയും ഹൃദയമിടിപ്പായ ‘എന്നേക്കുമായി’ എന്ന വാക്കിലും അധിഷ്ഠിതമായ ആഴമേറിയ ബന്ധങ്ങൾ കെട്ടിപ്പടുക്കപ്പെടുന്നത്,” എന്ന് പാപ്പ വിശദീകരിച്ചു.




