വി. നിക്കോളാസ് ഓഫ് ടൊളന്റീനോ എന്തുകൊണ്ട് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ മധ്യസ്ഥനായി?

‘മരിച്ചവർക്കു വേണ്ടി പ്രാർഥിക്കുക’ എന്ന കത്തോലിക്കാ സഭയുടെ നിർദേശം, അന്തരിച്ച ഒരു സുഹൃത്ത് പ്രത്യക്ഷപ്പെട്ട് പ്രാർഥന അപേക്ഷിച്ചതോടെ വി. നിക്കോളാസ് ഓഫ് ടൊളന്റീനോയ്ക്ക് ഒരു അനുഭവ യാഥാർഥ്യമായി മാറി. തിരഞ്ഞെടുക്കപ്പെട്ടവരെ സ്വർഗത്തിനായി ഒരുക്കുന്ന ‘ശുദ്ധീകരണാഗ്നി’ എന്ന കത്തോലിക്കാ സഭയുടെ ബോധനം മനസ്സിലാക്കാൻ പ്രയാസമായിരിക്കാം. എന്നാൽ, ചരിത്രമനുസരിച്ച് അന്തരിച്ച ഒരു സുഹൃത്ത് പ്രാർഥന അപേക്ഷിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടപ്പോൾ, മരിച്ചവർക്കായി പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം ഈ വിശുദ്ധന് നേരിട്ട് ബോധ്യപ്പെട്ടു.

സഭയിൽ സെപ്റ്റംബർ പത്തിന് തിരുനാൾ ആഘോഷിക്കുന്ന വി. നിക്കോളാസ് ഓഫ് ടൊളന്റീനോ, 1245 ൽ മധ്യ ഇറ്റലിയിലെ സാന്റ് ആഞ്ചലോ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ലൗകിക നിസ്സാരതകളെക്കുറിച്ചുള്ള പ്രാദേശിക സന്ന്യാസശ്രേഷ്ഠന്റെ പ്രസംഗം കേട്ടതിനു ശേഷം ചെറുപ്പത്തിൽ തന്നെ അദ്ദേഹം അഗസ്റ്റീനിയൻ സന്ന്യാസ സമൂഹത്തിലേക്ക് ആകർഷിക്കപ്പെട്ടു. സമീപനഗരമായ ടൊളന്റീനോയിലായിരുന്നു ഈ സന്ന്യാസ സമൂഹം. ഏഴു വർഷത്തെ പഠനത്തിനു ശേഷം നിക്കോളാസ് പൗരോഹിത്യം സ്വീകരിച്ചു.

വിശാലമനസ്കനും വിശുദ്ധനുമായിരുന്ന അദ്ദേഹം പലപ്പോഴും ഉപവാസത്തിലും തപസ്സിലും നീണ്ട മണിക്കൂറുകൾ പ്രാർഥനയിൽ ചെലവഴിച്ചു. താൻ കണ്ടുമുട്ടിയ പാവപ്പെട്ടവർക്ക് പ്രത്യേക രീതിയിൽ അദ്ദേഹം ഭക്ഷണം നൽകി (വെള്ളത്തിൽ മുക്കിയ വാഴ്ത്തിയ അപ്പം (blessed bread) അദ്ദേഹം അവർക്ക് നൽകി). ആരോഗ്യം വീണ്ടെടുക്കുന്നതിനായി അപ്പം വെള്ളത്തിൽ മുക്കിക്കഴിക്കാൻ ഒരിക്കൽ പരിശുദ്ധ കന്യാമറിയം ദർശനത്തിൽ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

‘പാണിനി ബെനഡെറ്റി’ (വാഴ്ത്തിയ അപ്പം) എന്ന് വിളിക്കപ്പെടുന്ന ഇതിലൂടെ, ടൊളന്റീനോയിൽ ജീവിച്ചിരുന്ന പല രോഗികൾക്കും രോഗശാന്തി നൽകുന്നതിലും ചിലരെ മരണത്തിൽ നിന്ന് ഉയിർപ്പിക്കുന്നതിലും വരെ നിക്കോളാസ് പ്രശസ്തനായി.

നിക്കോളാസിന്റെ ജീവിതകാലത്ത്, 1274 ലെ ലിയോൺസിലെ രണ്ടാം കൗൺസിലിൽ വച്ച് കത്തോലിക്കാ സഭ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള വിശ്വാസ സത്യം ഔദ്യോഗികമായി നിർവചിച്ചു. ഒരാൾ ദൈവകൃപയിൽ മരണപ്പെടുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ നേരിട്ട് സ്വർഗത്തിലേക്ക് പോകുകയോ, അല്ലെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ശുദ്ധീകരണസ്ഥലം എന്ന് വിളിക്കപ്പെടുന്ന ഒരു അവസ്ഥയിലൂടെ ശുദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നുവെന്ന് ഈ വിശ്വാസ സത്യം പഠിപ്പിക്കുന്നു.

മിഡ്‌വെസ്റ്റ് അഗസ്റ്റീനിയൻസ് വിശദീകരിക്കുന്നതുപോലെ, ഒരു രാത്രിയിൽ നിക്കോളാസ് ഉറങ്ങുമ്പോൾ, തനിക്ക് പരിചയമുള്ള അന്തരിച്ച ഒരു സന്ന്യാസിയുടെ ശബ്ദം അദ്ദേഹം കേട്ടു. താൻ ശുദ്ധീകരണസ്ഥലത്താണെന്നും ക്രിസ്തുവിന്റെ ശക്തിയാൽ താനും അവിടെയുള്ള മറ്റ് ആത്മാക്കളും സ്വതന്ത്രരാക്കപ്പെടേണ്ടതിന് തങ്ങൾക്കായി വിശുദ്ധ കുർബാന അർപ്പിക്കണമെന്നും ആ സന്ന്യാസി നിക്കോളാസിനോട് അഭ്യർഥിച്ചു. ഏഴു ദിവസത്തോളം നിക്കോളാസ് അപ്രകാരം ചെയ്തതിനു ശേഷം, സന്ന്യാസി വീണ്ടും അദ്ദേഹത്തോട് സംസാരിക്കുകയും നന്ദി പറയുകയും ചെയ്തു. ധാരാളം ആത്മാക്കൾ ഇപ്പോൾ ദൈവത്തോടൊപ്പമുണ്ടെന്ന് അദ്ദേഹം നിക്കോളാസിന് ഉറപ്പുനൽകി.

നിക്കോളാസിനെക്കുറിച്ച് വിചിത്രമായ പല ഐതിഹ്യങ്ങളുമുണ്ട്. പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രം ഇതിലൊരു സംഭവം ചിത്രീകരിക്കുന്നു. രോഗബാധിതനായി കിടപ്പിലായിരുന്ന നിക്കോളാസ് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചെങ്കിലും, പാകം ചെയ്ത രണ്ട് കാടപ്പക്ഷികളെ വാഴ്ത്തി (അദ്ദേഹം ഒരു സസ്യഭുക്കായിരുന്നു). തുടർന്ന് ചത്ത ആ കാടപ്പക്ഷികൾ പറന്നുപോയി.

1305 അല്ലെങ്കിൽ 1306 ൽ രോഗബാധയെത്തുടർന്ന് നിക്കോളാസ് അന്തരിച്ചു. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്ന മുന്നൂറോളം അദ്ഭുതങ്ങൾ അംഗീകരിച്ചുകൊണ്ട്, അഗസ്റ്റീനിയൻ വിഭാഗക്കാരനായ യൂജീനിയസ് നാലാമൻ മാർപാപ്പ 1446 ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ മധ്യസ്ഥൻ എന്നതിലുപരി, മഹാമാരികൾക്കും തീപിടിത്തങ്ങൾക്കുമെതിരെയുള്ള മധ്യസ്ഥനായും വി. നിക്കോളാസ് അറിയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.