ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാകാൻ കോസ്റ്ററിക്കക്കാരനായ 119 കാരൻ

കോസ്റ്ററിക്കയിലെ പസഫിക് തീരത്തിനടുത്തുള്ള സർഡിനാൽ (Sardinal) എന്ന ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന വ്യക്തിയാണ് 119 കാരനായ ജോസ് ഫ്ലോറസ് (Jose Flores). കൊച്ചുമകൾ തയ്യാറാക്കി നൽകുന്ന ഭക്ഷണവും ഉറക്കവും തമാശകളുമായി സന്തോഷത്തോടെ ജീവിക്കുന്ന ഈ വയോധികൻ ഇപ്പോൾ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഔദ്യോഗിക രേഖകൾ പ്രകാരം, 1907 ജൂലൈ 11 നാണ് ജോസ് ഫ്ലോറസ് ജനിച്ചത്. ഈ വിവരങ്ങൾ അന്താരാഷ്ട്ര സംഘടനകൾ ഔദ്യോഗികമായി അംഗീകരിച്ചാൽ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പുരുഷനായി അദ്ദേഹം മാറും.

ലോകത്ത് ഏറ്റവും കൂടുതൽ കാലം ആരോഗ്യത്തോടെ ആളുകൾ ജീവിക്കുന്ന ‘ബ്ലൂ സോൺ’ (Blue Zone) മേഖലകളിലൊന്നായ നിക്കോയ പെനിൻസുലയിൽ (Nicoya Peninsula) നിന്നാണ് ജോസ് ഫ്ലോറസ് വരുന്നത്. ഇവിടത്തെ ജനങ്ങളുടെ ദീർഘായുസ്സിനു പിന്നിൽ പ്രത്യേകമായ ചില ഘടകങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധരും ഗവേഷകരും ചൂണ്ടിക്കാണിക്കുന്നത്. കാത്സ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ കുടിവെള്ളം, ചോളവും ബീൻസും പ്രധാനമായുള്ള ലളിതമായ ഭക്ഷണം, നിരന്തരമായ ശാരീരിക അധ്വാനം, ശക്തമായ കുടുംബബന്ധങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രത്യേകതകൾ.

അതേസമയം, ജോസ് ഫ്ലോറസിന്റെ ജനനത്തീയതി സ്ഥിരീകരിക്കുന്നതിനുള്ള ചരിത്രരേഖകളുടെ പരിശോധനകൾ പുരോഗമിക്കുകയാണ്. ഗിന്നസ് ലോകറെക്കോർഡ് അധികൃതരും മറ്റ് അന്താരാഷ്ട്ര സംഘടനകളും അദ്ദേഹത്തിന്റെ ജനന സർട്ടിഫിക്കറ്റും മാമോദീസ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചുവരികയാണ്. ഈ പരിശോധനകൾ പൂർത്തിയായി അംഗീകാരം ലഭിച്ചാൽ കോസ്റ്ററിക്ക രാജ്യത്തിനും കുടുംബത്തിനും അതൊരു വലിയ അഭിമാന നിമിഷമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ കൊച്ചുമകൾ ഹെല്ലൻ ഫ്ലോറസ് പറയുന്നു.

എട്ട് മക്കളും 23 കൊച്ചുമക്കളും 25 കൊച്ചുകൊച്ചുമക്കളും അവരിൽ ഒരാൾക്ക് ഒരു മകളുമടങ്ങുന്ന വലിയൊരു കുടുംബമാണ് ജോസ് ഫ്ലോറസിന്റേത്. സ്നേഹവും പരിചരണവുമാണ് തന്നെ ഇത്രയും കാലം ജീവനോടെ നിലനിർത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നിലവിൽ ബ്രിട്ടന്റെ എഥേൽ കാറ്ററാം ആണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി (117 വയസ്സ്). ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരുന്നതോടെ ജോസ് ഫ്ലോറസിനും ഈ നേട്ടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.