
സംഗീതത്തിന് പ്രത്യാശയും സന്തോഷവും വിശ്വാസവും നൽകാനും ആളുകളെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള ശക്തമായ ഒരു മാധ്യമമാകാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയുമാണ് കൊളംബിയൻ കത്തോലിക്കാ ഗായികയും ഗാനരചയിതാവുമായ കാരോ റാമിറസ്, ‘സിയേലോ അബിയേർത്തോ’ (Cielo Abierto) സംഘത്തിന്റെ ഭാഗമായി മെക്സിക്കോ സിറ്റിയിൽ എത്തിച്ചേർന്നിരിക്കുന്നത്. ഏകദേശം 15 വർഷങ്ങൾക്കു മുൻപ് യുവജന കൂട്ടായ്മകളിലൂടെയാണ് തന്റെ സംഗീതയാത്ര ആരംഭിച്ചതെന്ന് റാമിറസ് അനുസ്മരിച്ചു. പിന്നീട് വിവിധ രാജ്യങ്ങളിൽ സംഗീതപരിപാടികൾ അവതരിപ്പിക്കുന്ന തരത്തിലേക്ക് ആ യാത്ര വളരുകയായിരുന്നു.
ഇലക്ട്രോണിക്, പോപ്പ്, കുംബിയ, ആരാധനാ ഗാനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന സംഗീതശൈലികൾ ഉൾക്കൊള്ളുന്നതാണ് റാമിറയുടെ ഗാനങ്ങൾ. എന്നാൽ, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലേക്ക് ഒതുങ്ങിനിൽക്കുന്നതിനേക്കാൾ ദൈവവുമായുള്ള തന്റെ ബന്ധമാണ് ‘താൻ സൃഷ്ടിക്കുന്ന സംഗീതത്തിന്റെ അടിസ്ഥാനം’ എന്ന് അവർ വ്യക്തമാക്കി.
“ദൈവം എനിക്ക് അനുഭവിക്കാൻ അവസരം നൽകിയ അനുഭവസാക്ഷ്യങ്ങളാണ് എന്റെ രചനകൾ. ആ അനുഭവങ്ങളിൽ നിന്നാണ് ഞാൻ പാട്ടുകൾ എഴുതാനുള്ള പ്രചോദനം ഉൾക്കൊള്ളുന്നത്” എന്ന് ഈ കലാകാരി വിശദീകരിച്ചു. പ്രതിസന്ധികളുടെയും കാത്തിരിപ്പിന്റെയും നിമിഷങ്ങൾ മുതൽ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
ഇരുളിന്റെ നടുവിലും ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് സംസാരിക്കുന്ന ആദ്യകാല ഗാനങ്ങളിലൊന്നായ ‘എറെസ് തു’ (Eres tú – ഇത് അവിടുന്നാണ്), ദൈവമാണ് തന്നെയും ഭർത്താവിനെയും ഒന്നിപ്പിച്ചതെന്ന് വിവരിക്കുന്ന “നുവെസ്ട്ര ഹിസ്റ്റോറിയ” (Nuestra historia – നമ്മുടെ കഥ) എന്നിവ അവയിൽ ചിലതാണ്. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, “ദൈവവുമായുള്ള ബന്ധത്തിലും വിശ്വാസപ്രക്രിയയിലും ആശ്രയിക്കാനും, ദൈവം നൽകുന്ന ആന്തരികപ്രചോദനങ്ങളിലേക്ക് ശ്രദ്ധ ചെലുത്താനും റാമിറസ് മറ്റ് സംഗീതജ്ഞരോടും ആരാധനാ ഗായകരോടും നിർദേശിച്ചു.
അതുകൊണ്ടു തന്നെ വേദിയിൽ കയറുന്നതോ, ഒരു ഗാനം പങ്കുവയ്ക്കുന്നതോ വെറുമൊരു സംഗീത അവതരണം മാത്രമല്ലെന്ന് റാമിറസ് ചൂണ്ടിക്കാണിക്കുന്നു. “നിങ്ങൾ പാടുകയോ, ഒരു സംഗീതതാളം പങ്കുവയ്ക്കുകയോ ചെയ്യുക മാത്രമല്ല, മറിച്ച് ദൈവം നിങ്ങളിലുണ്ടാക്കിയ ആ സാക്ഷ്യവും അനുഭവവുമാണ് നിങ്ങൾ വഹിക്കുന്നത്,” അവർ പറയുന്നു.
നിലവിൽ അമേരിക്കയിലെ അലബാമയിൽ താമസിക്കുന്ന റാമിറസ്, തന്റെ സംഗീതജീവിതത്തോടൊപ്പം EWTN ലെ ജോലിയും മുന്നോട്ട് കൊണ്ടുപോകുന്നു. അവിടെ ക്രിയേറ്റീവ് സർവീസസ് വിഭാഗത്തിന്റെ ഭാഗമായി ടെലിവിഷൻ, റേഡിയോ, EWTN+ പ്ലാറ്റ്‌ഫോം എന്നിവയ്‌ക്കായുള്ള ഗ്രാഫിക് സാമഗ്രികളുടെ നിർമ്മാണത്തിൽ പങ്കാളിയാകുന്നു. റാമിറസിനെ സംബന്ധിച്ചിടത്തോളം, സംഗീതം വെറുമൊരു കലാജീവിതത്തിനപ്പുറമുള്ള ഒരു ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്.
വേദനകളിലൂടെ കടന്നുപോകുന്നവർക്ക് സംഗീതം ഏറെ മൂല്യവത്താണെന്ന് ചൂണ്ടിക്കാണിച്ച ഈ ഗായിക, കലാകാരന്മാർക്ക് ദൈവകരങ്ങളിലെ ഉപയോഗപ്രദമായ ഉപകരണങ്ങളാകാൻ കഴിഞ്ഞാൽ, അനേകം ആത്മാക്കളെ ശരിയായ വഴി കണ്ടെത്താൻ സഹായിക്കാൻ നമുക്ക് സാധിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു.
സെപ്റ്റംബർ 19, 20 തീയതികളിൽ മെക്സിക്കോ സിറ്റിയിലെ നാഷണൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘സിയേലോ അബിയേർത്തോ’ എന്ന കത്തോലിക്കാ സംഗീതപരിപാടിയിൽ കാരോ റാമിറസിന്റെ ഗാനങ്ങൾ അവതരിപ്പിക്കും. വില്ലി ഡയസ്, കാർലോസ് ഒമർ അൽകോസർ എന്നിവരുൾപ്പെടെയുള്ള മറ്റ് കത്തോലിക്കാ ഗായകരും ഇതിൽ പങ്കെടുക്കും. ഏകദേശം 20,000 കാണികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019 മുതൽ ഈ ദൗത്യത്തിന്റെ ഭാഗമാണ് റാമിറസ്. വലിയൊരു സംഗീതപരിപാടി എന്നതിലുപരി, ദിവ്യകാരുണ്യ ഈശോയെ മഹത്വപ്പെടുത്തുകയാണ് ഇതിലെല്ലാം ഏറ്റവും പ്രധാനമെന്ന് ഉറപ്പുവരുത്താൻ കലാകാരന്മാരും സംഘാടകരും ആത്മീയമായും സാങ്കേതികമായും പ്രൊഫഷണലായും പൂർണ്ണ സജ്ജരാകുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.




