
നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ ഒരു പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഫുലാനി തീവ്രവാദികൾ നടത്തിയ വിവിധ ആക്രമണങ്ങളിൽ മുപ്പതിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മാംഗു കൗണ്ടിയിൽ സെപ്റ്റംബർ അഞ്ചിന് നടന്ന അവസാന ആക്രമണത്തിൽ രണ്ട് ഗ്രാമങ്ങളിലായി മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടതായി പ്രദേശവാസിയായ ലിയോ ലോറൻസ് പറഞ്ഞു. ഫുങ്തിം പ്രദേശത്ത് ഒരാളും കിനാറ്റ് പ്രദേശത്ത് രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ മൂന്നിന് ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളായ കിനാറ്റ്, കോപ്-നാന്ലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടതായി കമ്മ്യൂണിറ്റി നേതാവ് തുബ്‌വോട്ട് സൺഡേ പറഞ്ഞു. കോപ്-നാന്ലെയിൽ ബുലസ് ഡാൻലാഡി (78), കിനാറ്റിൽ ക്വോപ്നാൻ ലോട്ട് യുനാന (33) എന്നിവരാണ് ഫുലാനി അക്രമികളുടെ വെടിയേറ്റു മരിച്ചത്.
ഓഗസ്റ്റ് 18 ന് പുലർച്ചെ മൂന്നുമണിയോടെ ബിൻ-പെർ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 25 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. ഈ കൂട്ടക്കൊല മാംഗു ലോക്കൽ ഗവൺമെന്റ് കൗൺസിൽ വക്താവ് ജെറമിയ ദാകഹപ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും, പലരുടെയും വീടുകൾ കത്തിക്കുകയും കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്തതായും ഡാനിയൽ മൂസ എന്ന പ്രദേശവാസി വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ അന്നുതന്നെ ഒരു പൊതുശ്മശാനത്തിൽ അടക്കം ചെയ്യുകയും, പരിക്കേറ്റവരെ ജോസ് (Jos) നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനു പുറമെ, ഓഗസ്റ്റ് 18 ന് സാബോൺ ലായിൽ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച ക്രിസ്ത്യൻ യുവാക്കൾക്കു നേരെ സൈന്യം നടത്തിയ വെടിവയ്‌പ്പിൽ ഒരു ക്രിസ്ത്യാനി കൊല്ലപ്പെട്ടു. ഓഗസ്റ്റ് 15 ന് ജ്വാക്, മുരീഷ് ഗ്രാമങ്ങളിലും ഓഗസ്റ്റ് ഒൻപതിന് ജകതായി ഗ്രാമത്തിലും അക്രമങ്ങൾ നടന്നു. സ്വന്തം ഗ്രാമത്തിന് കാവൽ നിൽക്കുന്നതിനിടെ ഫ്വാങ്ഷാക് ദാവൂക് എന്ന ക്രിസ്ത്യൻ യുവാവും കൊല്ലപ്പെട്ടു.




