
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വലിയ കുറവില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. നിലവിൽ പ്രതിദിനം പതിനായിരത്തിനു മുകളിലാണ് പനി ബാധിച്ച് ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്ക്. ഇതിനൊപ്പം മറ്റ് പകർച്ചവ്യാധികൾ ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 1,014 പേർക്ക് രോഗം ബാധിക്കുകയും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, സ്കൂളുകളിലും കുട്ടികൾക്കിടയിൽ പനി പടരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതൽ രോഗികളുള്ളത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ കൃത്യമായ ചികിത്സ തേടണമെന്ന് ആരോഗ്യ അധികൃതർ നിർദേശിക്കുന്നു. പനി പടരാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗബാധിതർ വിശ്രമിക്കണമെന്നും നിർദേശമുണ്ട്.




