ആഫ്രിക്കയിലെ യുവാക്കൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പാലങ്ങൾ പണിയുന്നവരാകണം: ലെയോ പാപ്പ

ഘാനയിലെ അക്രയിൽ നടക്കുന്ന ആദ്യ പടിഞ്ഞാറൻ ആഫ്രിക്കൻ യുവജന ദിനത്തിൽ (WAYD) പങ്കെടുക്കുന്ന യുവാക്കൾ തങ്ങളുടെ സമൂഹങ്ങളിൽ ഐക്യം, ഉൾക്കൊള്ളൽ, നീതി, സമാധാനം എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാലങ്ങൾ പണിയുന്നവരാകണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. സെപ്റ്റംബർ 7 മുതൽ 11 വരെ നടക്കുന്ന ഈ സംഗമത്തിന്റെ പ്രമേയം ‘ധൈര്യമായിരിക്കുക, കത്തോലിക്കാ യുവാക്കളേ; പടിഞ്ഞാറൻ ആഫ്രിക്കയിലെ സമാധാനത്തിന്റെയും പ്രത്യാശയുടെയും വക്താക്കളും ഏജന്റുകളും’ എന്നതാണ്. റീജിയണൽ എപ്പിസ്കോപ്പൽ കോൺഫറൻസ് ഓഫ് വെസ്റ്റ് ആഫ്രിക്ക (RECOWA/CERAO) സംഘടിപ്പിച്ച ഈ പരിപാടിയിൽ മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ പങ്കെടുക്കുന്നുണ്ട്.

സെപ്റ്റംബർ എട്ടിന് നടന്ന യുവജന ദിനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ച വീഡിയോ സന്ദേശത്തിൽ, ഇംഗ്ലീഷിലും ഫ്രഞ്ചിലും സംസാരിച്ച പരിശുദ്ധ പിതാവ്, പോസിറ്റീവായ മാറ്റങ്ങൾക്ക് സംഭാവന നൽകുന്ന സംരംഭങ്ങളിൽ ഒരുമിച്ച് മുന്നേറാനും സഹകരിക്കാനും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാനും യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

“നിങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് നിങ്ങളുടെ സമൂഹങ്ങളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുമിച്ച് നടക്കുക എന്നതാണ്. ഒരുമിച്ച് നടക്കുക എന്നാൽ ആരും പാർശ്വവൽക്കരിക്കപ്പെടുകയോ ഒറ്റപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ തള്ളിക്കളയപ്പെടുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുക എന്നാണ്. ജനങ്ങൾക്കും സംസ്കാരങ്ങൾക്കും മതങ്ങൾക്കും ഇടയിൽ പാലങ്ങൾ പണിയുന്നവരാകുക,” മാർപാപ്പ പറഞ്ഞു.

യുവാക്കൾ നേരിടുന്ന പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും അവരുടെ ഭാവി പ്രതീക്ഷകളെയും പദ്ധതികളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മാർപാപ്പ സമ്മതിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മറ്റുള്ളവരെ സേവിക്കുന്നതിലും അവരോട് ഇടപഴകുന്നതിലും ക്രിസ്തുവിനെ അനുകരിക്കാൻ പരിശുദ്ധ പിതാവ് യുവാക്കളോട് അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.