ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 18

1920 ഒക്ടോബർ 18 നാണ് ബി.ബി.സി. സ്ഥാപിതമായത്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്നായിരുന്നു ആദ്യ പേര്. റേഡിയോയുടെ കണ്ടെത്തലിൽ സുപ്രധാനിയായ മാർക്കോണി ഉൾപ്പെടെയുള്ള പ്രധാന വയർലസ് നിർമാതാക്കൾ ചേർന്നാണ് ഈ കമ്പനി സ്ഥാപിച്ചത്. അതേ വർഷം നവംബർ 14ന് മാർക്കോണിയുടെ ലണ്ടനിലുള്ള സ്റ്റുഡിയോയിൽ നിന്ന് ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു. ജോൺ റെയ്ത്ത് എന്ന സ്കോട്ടിഷ് എഞ്ചിനീയറായിരുന്നു ബി. ബി. സി.യുടെ ആദ്യ ജനറൽ മാനേജർ. 1927ൽ കമ്പനി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനായി മാറി. ജോൺ റെയ്ത്ത് തന്നെ അതിന്റെ ആദ്യ ഡയറക്ടർ ജനറലുമായി.

1967 ഒക്ടോബർ 18നാണ് ആദ്യമായി ഒരു മനുഷ്യനിർമിത പേടകം ശുക്രന്റെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. റഷ്യൻ നിർമിത ബഹിരാകാശ പേടകമായ വെനേറ-4 ആയിരുന്നു ശുക്രന്റെ അന്തരീക്ഷത്തിൽ ആദ്യമായി പ്രവേശിച്ച മനുഷ്യനിർമിത വസ്തു. ഇതിനുമുമ്പ് മറൈനർ-2 എന്ന നാസയുടെ ബഹിരാകാശപേടകം ശുക്രനു സമീപത്തുകൂടെ സഞ്ചരിച്ചിരുന്നെങ്കിലും അന്തരീക്ഷത്തിൽ പ്രവേശിച്ചിരുന്നില്ല. 1967 ജൂൺ 12നാണ് വെനേറ-4 വിക്ഷേപിച്ചത്. ശുക്രന്റെ താപനില, സാന്ദ്രത, രാസഘടന എന്നിവയെക്കുറിച്ചുള്ള ആദ്യവിവരങ്ങൾ ലഭിച്ചത് ഈ ദൗത്യത്തിലൂടെയായിരുന്നു. ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ 90 മുതൽ 95 ശതമാനം വരെ കാർബൺ ഡൈ ഓക്സൈഡാണെന്ന് നിർണയിക്കാനും ഈ ദൗത്യം സഹായകമായി. ശുക്രനിൽ റേഡിയേഷൻ ബെൽറ്റുകളില്ലെന്നും, ഗ്രഹത്തിന്റെ കാന്തികക്ഷേത്രം ഭൂമിയുടെ കാന്തികക്ഷേത്രത്തേക്കാൾ 3000 മടങ്ങ് ദുർബലമാണെന്നും ഈ ഓർബിറ്ററിന്റെ ഉപകരണങ്ങളിൽ നിന്ന് ലഭിച്ച വിശദാംശങ്ങളിൽ നിന്നാണ് ശാസ്ത്രലോകം മനസിലാക്കിയത്.

കർണാടക-തമിഴ്നാട് സർക്കാരുകൾ സംയുക്തമായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തി്ന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഓപ്പറേഷൻ കൊക്കൂൺ അവസാനിച്ചത് 2004 ഒക്ടോബർ 18നായിരുന്നു. പത്തുവർഷം നീണ്ട ദൗത്യമാണ് അന്ന് രാത്രി 11.10ന് അവസാനിച്ചത്. സർക്കാരിനെയും നിമയസംവിധാനങ്ങളെയും വെല്ലുവിളിച്ചിരുന്ന കൂസ് മുനിസ്വാമി വീരപ്പൻ എന്ന കാട്ടുകൊള്ളക്കാരനെ കീഴ്പെടുത്താനുള്ളതായിരുന്നു ‘ഓപ്പറേഷൻ കൊക്കൂൺ’ എന്നപേരിൽ നടപ്പാക്കിയ ദൗത്യം. കെ. വിജയകുമാറായിരുന്നു ഓപ്പറേഷൻ സംഘത്തിന്റെ തലവൻ. കണ്ണിന്റെ ചികിത്സയ്ക്കായി സേലത്തിന് പോകാനൊരുങ്ങിയ വീരപ്പനെ, പോലീസ് തെറ്റിദ്ധരിപ്പിച്ച്, നേരത്തേ തയ്യാറാക്കിയ ആംബുലൻസിൽ കയറ്റുകയായിരുന്നു. മറഞ്ഞിരുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ കമാൻഡോകളുടെ നടുവിൽ വന്നു നിന്ന ആംബുലൻസിലേക്ക് 338 തവണ പോലീസ് വെടിയുതിർത്തു. അതിൽ മൂന്നെണ്ണം ദേഹത്ത് തറച്ചാണ് 52 വയസ്സുകാരനായിരുന്ന വീരപ്പൻ കൊല്ലപ്പെട്ടത്. 1990ലാണ് പ്രത്യേക ദൗത്യ സംഘം രൂപീകരിച്ചത്. 2001ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയാണ് ഓപ്പറേഷൻ കൊക്കൂണിന് അനുമതി നൽകിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.