ലെയോ പാപ്പയുടെ അസ്സീസി സന്ദർശനം റദ്ദാക്കി; ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശ്രമത്തിനായി തീരുമാനം

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആരോഗ്യനില വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 27 ന് അസ്സീസിയിൽ നടക്കാനിരിക്കുന്ന ‘ആയുധമില്ലാത്തതും നിരായുധവുമായ സമാധാനം’ (Unarmed and Disarming Peace) എന്ന സമ്മേളനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശ്രമം കണക്കിലെടുത്താണ് ഒക്ടോബർ 27 ലെ അസ്സീസി സന്ദർശനം മാറ്റിവച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആരംഭിച്ച ലോകസമാധാന പ്രാർഥനാദിനത്തിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കുന്ന സംഘാടകർ, ക്രൈസ്തവസഭകളുടെയും മറ്റ് മതങ്ങളുടെയും നേതാക്കൾ, പ്രതിനിധികൾ, മറ്റ് അതിഥികൾ എന്നിവർക്ക് മാർപാപ്പ തന്റെ ആശംസകളും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ട് സന്ദേശം അയയ്ക്കുമെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.

അതേസമയം, മാർപാപ്പയുടെ ആരോഗ്യനില പരിശോധിച്ച ഡോ. ലൂയിജി കാർബോണും പ്രൊഫസർ സ്റ്റെഫാനോ മാർഗരിത്തോറയും ശസ്ത്രക്രിയയ്ക്കു  ശേഷമുള്ള രോഗമുക്തി വളരെ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി അറിയിച്ചു.

“ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങളേ ആയിട്ടുള്ളൂ എന്നതിനാൽ, ഒരു മുൻകരുതലെന്ന നിലയിൽ ഒക്ടോബർ 27 ലെ ഹെലികോപ്റ്റർ യാത്ര ഒഴിവാക്കാൻ നിർദേശിച്ചിരിക്കുകയാണ്,” വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഡോക്ടർമാർ വ്യക്തമാക്കി. ഒക്ടോബർ 13 നായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.