9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം: ഓർമ്മപുതുക്കലും സമാധാനസന്ദേശവുമായി അമേരിക്കൻ കത്തോലിക്കാ മെത്രാന്മാർ

അമേരിക്കയിൽ നടന്ന 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികവേളയിൽ, ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും സമാധാനത്തിനായി ആഹ്വാനം ചെയ്തും അമേരിക്കൻ കത്തോലിക്കാ മെത്രാന്മാർ. പ്രത്യേക പ്രാർഥനാചടങ്ങുകളും വിശുദ്ധ കുർബാനയും സംഘടിപ്പിച്ചുകൊണ്ട്, വേർപിരിഞ്ഞു പോയവരുടെ കുടുംബങ്ങളെയും രക്ഷാപ്രവർത്തകരെയും അവർ പ്രാർഥനയിൽ ഓർത്തു.

അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി (USCCB) പ്രസിഡന്റും ഒക്ലഹോമ സിറ്റി ആർച്ച്ബിഷപ്പുമായ പോൾ കോക്ക്ലി പുറപ്പെടുവിച്ച സന്ദേശത്തിൽ, ഭീതിയും അനിശ്ചിതത്വവും നിറഞ്ഞ ആ ദിനങ്ങളിൽ ദൈവികവിശ്വാസമാണ് ജനങ്ങൾക്ക് കരുത്തേകിയതെന്ന് ഓർമ്മിപ്പിച്ചു. ലോകമെമ്പാടും സംഘർഷങ്ങൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ക്രിസ്തുവിന്റെ സമാധാന സന്ദേശവാഹകരായി മാറാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

യുഎസ് ഉക്രേനിയൻ കത്തോലിക്കാ മെത്രാന്മാർ സംയുക്തമായി പുറത്തിറക്കിയ ഇടയലേഖനത്തിൽ, മനുഷ്യന്റെ ഉള്ളിൽ വെറുപ്പ് നിറയുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളെയും അതിനോടൊപ്പം തന്നെ പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യർ കാണിച്ച കരുണയെയും ത്യാഗത്തെയും കുറിച്ച് പരാമർശിച്ചു. രക്ഷാപ്രവർത്തകരുടെയും സാധാരണക്കാരുടെയും ധീരത നന്മയുടെ വലിയ ഉദാഹരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ന്യൂയോർക്ക് ആർച്ച്ബിഷപ്പ് റൊണാൾഡ് ഹിക്സ്, സെന്റ് പാട്രിക്സ് കത്തീഡ്രലിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു.

തുടർന്ന് വാഷിംഗ്ടൺ ഡിസിയിലെ ബസിലിക്ക ഓഫ് ദി നാഷണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷനിലും പെൻസിൽവാനിയയിലെ ഫ്ലൈറ്റ് 93 നാഷണൽ മെമ്മോറിയലിലും വിവിധ വിശുദ്ധ കുർബാനകളും പ്രാർഥനാചടങ്ങുകളും നടന്നു. ഭീകരതയ്ക്കും അക്രമത്തിനും മുന്നിൽ നിരാശരാകാതെ പ്രത്യാശയോടെ മുന്നേറാനും മെത്രാന്മാർ ജനങ്ങളെ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.