ശസ്ത്രക്രിയയ്ക്കു ശേഷം മാർപാപ്പ നടന്നുതുടങ്ങി; ആരോഗ്യനില തൃപ്തികരം

ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പ നടന്നുതുടങ്ങിയതായും പാപ്പയുടെ ആരോഗ്യനില പ്രതീക്ഷിച്ച രീതിയിൽ തൃപ്തികരമായി പുരോഗമിക്കുന്നതായും ഡോക്ടർമാർ അറിയിച്ചു. “പാപ്പയ്ക്ക് നടത്തിയ ശസ്ത്രക്രിയയുടെ സ്വഭാവമനുസരിച്ച് പരിശോധനാഫലങ്ങളെല്ലാം സാധാരണ നിലയിലാണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സുഖംപ്രാപിക്കൽ പ്രക്രിയ തൃപ്തികരമാണെന്ന് ഫലങ്ങൾ സ്ഥിരീകരിക്കുന്നു,” ഡോക്ടർമാർ കുറിച്ചു.

ശ്വാസകോശാർബുദത്തിന്റെ ഏറ്റവും സാധാരണ രൂപമായ ‘പൾമിനറി അഡിനോകാർസിനോമ’ ബാധിച്ച വലത് ശ്വാസകോശത്തിന്റെ താഴത്തെ പാട (lobe) നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. വത്തിക്കാൻ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പാപ്പയുടെ വ്യക്തിഗത ഫിസിഷ്യൻ ലൂയിജി കർബോൺ, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ സർജൻ ഡോ. സ്റ്റെഫാനോ മർഗരിത്തോറ എന്നിവർ ഒപ്പുവച്ചിട്ടുണ്ട്. മാർപാപ്പയ്ക്ക് നിശ്ചിത രക്തപരിശോധനകളും നെഞ്ചിലെ എക്സ് റേ എടുത്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

“പരിശോധനാഫലങ്ങളിൽ സാധാരണ നിലയിലുള്ള പുരോഗതി കാണിക്കുന്നുണ്ട്. മാർപാപ്പ റെസ്പിറേറ്ററി ഫിസിയോതെറാപ്പിക്ക് വിധേയനാവുകയും നടന്നുതുടങ്ങുകയും ചെയ്തു. ശ്വാസകോശ ശസ്ത്രക്രിയയ്ക്കു ശേഷം സുഖംപ്രാപിക്കാൻ നിർണ്ണായകമായ ഒരു പ്രവർത്തനമാണിത്. കൂടാതെ, പാപ്പ സാധാരണ രീതിയിലുള്ള ഭക്ഷണവും കഴിച്ചുതുടങ്ങി,” ഡോക്ടർമാർ അറിയിച്ചു.

ആശുപത്രിയിലാണെങ്കിലും, സഭയുടെ തലവനെന്ന നിലയിലുള്ള ഭരണപരമായ ചുമതലകൾ പൂർണ്ണമായി നിർവഹിക്കാൻ മാർപാപ്പയ്ക്ക് ആവശ്യമായ കരുത്തുണ്ടെന്ന് മണിക്കൂറുകൾക്കകം വ്യക്തമായി. ഉച്ചയോടെ, സ്ലൊവാക്യയിലെ കോസിസ് അതിരൂപതയുടെ മേലധ്യക്ഷസ്ഥാനത്തു നിന്നുള്ള ആർച്ച്ബിഷപ്പ് ബെർണാഡ് ബോബറുടെ രാജി പാപ്പ സ്വീകരിച്ചതായും പകരം ബിഷപ്പ് മാരെക് ഫോർഗാച്ചിനെ പുതിയ ആർച്ച്ബിഷപ്പായി നിയമിച്ചതായും വത്തിക്കാൻ പ്രഖ്യാപിച്ചു. കൂടാതെ, ബ്രസീലിലെ കുയാബയിലെ പുതിയ മെട്രോപോലീത്തൻ ആർച്ച്ബിഷപ്പായി ആർച്ച്ബിഷപ്പ് വെല്ലിംഗ്ടൺ ഡി ക്വിറോസ് വിയേരയെയും പാപ്പ നിയമിച്ചു.

വരും ആഴ്ചകളിൽ പാപ്പയുടെ ചികിത്സ എപ്രകാരം തുടരണമെന്ന് തീരുമാനിക്കുന്നതിൽ നിലവിലെ ആരോഗ്യപുരോഗതി നിർണ്ണായകമാകും. ചികിത്സയുടെ അടുത്ത ഘട്ടങ്ങളെക്കുറിച്ചും വരും ദിവസങ്ങളിലെ പാപ്പയുടെ ഔദ്യോഗിക പരിപാടികളെക്കുറിച്ചും തീരുമാനമെടുക്കുന്നതിനു മുൻപ് ഡോക്ടർമാർ പാപ്പയുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തൽകാലം, ഒക്ടോബർ 20 വരെയുള്ള പാപ്പയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.

അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളിൽ നിന്ന് സ്നേഹത്തിന്റെയും പിന്തുണയുടെയും സന്ദേശങ്ങൾ ജെമെല്ലി ആശുപത്രിയിലേക്ക് ഒഴുകിയെത്തുകയാണ്. ആശുപത്രിയുടെ മുറ്റത്ത് സ്ഥിതിചെയ്യുന്ന വി. ജോൺ പോൾ രണ്ടാമന്റെ രൂപത്തിനു മുന്നിൽ നിരവധി പേരാണ് പ്രാർഥനയോടെ എത്തിയിരിക്കുന്നത്.

നവംബർ ആദ്യം നിശ്ചയിച്ചിട്ടുള്ള യാത്ര തുടരാനുള്ള മാർപാപ്പയുടെ ആഗ്രഹം മത്തെയോ ബ്രൂണി മാധ്യമങ്ങളോട് വീണ്ടും എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.