നിരാശയ്‌ക്കെതിരെയുള്ള പ്രത്യാശയുടെ ഗോപുരമാണ് ഉക്രൈനിലെ സഭ: ഉക്രൈനിലെ വത്തിക്കാൻ നൂൺഷ്യോ

യുദ്ധക്കെടുതി അനുഭവിക്കുന്ന ഉക്രൈനിൽ സന്നിഹിതരായിരിക്കുക എന്നതും ജനങ്ങൾക്ക് പ്രത്യാശ പകരുക എന്നതുമാണ് കത്തോലിക്കാ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നെന്ന് ഉക്രൈനിലെ വത്തിക്കാൻ നൂൺഷ്യോ ആർച്ച് ബിഷപ്പ് വിസ്വാൽദാസ് കുൽബോകാസ്. ഇറ്റലിയിൽ ഒക്ടോബർ 15-ന് നടന്ന, ‘ഇന്നത്തെ ഉക്രൈനിലെ സഭ: ഭൂരാഷ്ട്രീയം, നയതന്ത്രം, സഹകരണം’ എന്ന ഓൺലൈൻ കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭൗതീകമായ അകലം മാനസികമായ അകലത്തിനും ഇടയാക്കുമെന്നതിനാൽ സഭ എപ്പോഴും ജനങ്ങളുടെ കൂടെയുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധം ഉണ്ടാക്കുന്ന മാനസികാഘാതങ്ങളെ ചെറുക്കുന്നതിൽ സഭ നൽകുന്ന പ്രത്യാശ വളരെ വലുതാണ്. ഉക്രൈനിലെ ജനങ്ങൾ ഒറ്റയ്ക്കല്ലെന്നും ആഗോള സഭയുടെ കാരുണ്യം അവർക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ കൂടെയുണ്ടാവുക എന്നത് വലിയൊരു കാര്യമായി തോന്നില്ലെങ്കിലും, പലപ്പോഴും ചെയ്യാൻ സാധിക്കുന്ന ഏക കാര്യം അതു മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങൾക്ക് ഞങ്ങളെ ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും. ആക്രമണം നടത്തുന്ന വിഭാഗം ഉൾപ്പെടെ എല്ലാ കക്ഷികളുമായും ആശയവിനിമയത്തിന് ഞങ്ങൾ തയ്യാറാണ്.”- ആർച്ച് ബിഷപ്പ് പറഞ്ഞു.

കത്തോലിക്കാ സഭയും വിവിധ അന്താരാഷ്ട്ര സംഘടനകളും ചേർന്ന് ഇതുവരെ ഒരു ബില്യൺ യൂറോയിലധികം ($1 billion) വിലമതിക്കുന്ന മാനുഷിക സഹായങ്ങളാണ് ഉക്രൈനിലെ ജനങ്ങൾക്ക് എത്തിച്ചു നൽകിയിട്ടുള്ളത്. ഭക്ഷണവും വെള്ളവും പാർപ്പിടവും നൽകുന്നതിനൊപ്പം യുദ്ധബാധിതർക്ക് ആവശ്യമായ മാനസിക പിന്തുണയും സഭ ഉറപ്പാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.