സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം

1993-ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ പ്രഖ്യാപനം യുഎൻ പൊതുസഭ അംഗീകരിച്ചതിനു ശേഷം, നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുകയാണ്. എന്നാൽ ഈ ദിനം ആചരിക്കുമ്പോൾ ഓർമ്മിക്കപ്പെടേണ്ട പേരാണ് മിറാബൽ സഹോദരിമാരുടേത്. വർഷം തോറും ആചരിച്ചുവരുന്ന ഈ ദിവസത്തിന് പിന്നിലെ ചരിത്രം ഈ സഹോദരിമാരുമായി ബന്ധപ്പെട്ടിരിക്കുന്നു. 1960 ൽ ഇതുപോലെ ഒരു നവംബർ 25 നാണ്, ഡൊമിനിക്കൻ സ്വേച്ഛാധിപതി റാഫേൽ ട്രൂജില്ലോയുടെ കീഴിൽ അനീതിക്കെതിരെ പോരാടിയതിന് മിറാബൽ സഹോദരിമാർ ദാരുണമായി വധിക്കപ്പെടുന്നത്. ഇതോടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം മിറാബൽ സഹോദരിമാരിൽ 3 പേരുടെ മരണത്തെ അനുസ്മരിക്കുന്ന ദിനം കൂടിയായി ആചരിക്കപ്പെടുകയാണ്.

മിറാബൽ സഹോദരിമാർ

കരീബിയൻ പ്രദേശത്തുള്ള രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്ക്, റാഫേൽ ട്രൂജില്ലോയുടെ സ്വേച്ഛാധിപത്യത്തിൻ കീഴിലായിരുന്നപ്പോൾ അവിടെ വസിച്ചിരുന്ന മൂന്ന് സഹോദരിമാരായിരുന്നു പാട്രിയ, മിനർവ, മരിയ തെരേസ എന്നിവർ. റാഫേൽ ട്രൂജില്ലോയുടെ ഭരണം അങ്ങേയറ്റം ക്രൂരമായിരുന്നു. അദ്ദേഹത്തിന്റെ വഴിയിൽ തടസ്സമായി നിന്നവരെയെല്ലാം ജയിലിലടയ്ക്കുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു പോന്നിരുന്ന കാലം. ട്രൂജില്ലോ പലപ്പോഴും തനിക്ക് ചൂഷണം ചെയ്യാൻ വേണ്ടി പെൺകുട്ടികളെ കണ്ടെത്താൻ ആളുകളെ നിയമിക്കുമായിരുന്നു. 1930 കളുടെ അവസാനത്തിൽ, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ താമസിച്ചിരുന്ന ആയിരക്കണക്കിന് ഹെയ്തിക്കാരെ വംശീയമായി കൂട്ടക്കൊല ചെയ്യാൻ ട്രൂജില്ലോ ഉത്തരവിട്ടു.

റാഫേൽ ട്രൂജില്ലോയുടെ ഭരണകാലത്തെ ക്രൂരവും വ്യവസ്ഥാപിതവുമായ അക്രമത്തെ ഈ മൂന്ന് സഹേദരിമാർ സജീവമായി എതിർത്തു. ഒപ്പം അദ്ദേഹത്തിന്റെ ഭരണകൂടത്തെ വെല്ലുവിളിക്കാൻ ഒരു രഹസ്യ പ്രസ്ഥാനത്തിന് ഇവർ നേതൃത്വം നൽകി. ഡെഡെ എന്ന് പേരുള്ള നാലാമത്തെ സഹോദരി കൂടി അവർക്ക് ഉണ്ടായിരുന്നു, എന്നാൽ അവർ ആക്ടിവിസത്തിൽ അവരോടൊപ്പം ചേർന്നില്ല. “അവർ എന്നെ കൊന്നാൽ, ഞാൻ ശവകുടീരത്തിൽ നിന്ന് എന്റെ കൈകൾ നീട്ടി കൂടുതൽ ശക്തയാകും,” എന്ന മിനർവ മിറാബലിന്റെ ഈ വാക്കുകൾ ഒരു കാലത്ത് ഒരു നാടിനെ ഇളക്കി മറിച്ചിരുന്നു.

എങ്കിലും മിറാബൽ സഹോദരിമാർക്ക് പലപ്പോഴായി റാഫേൽ ട്രൂജില്ലോയിൽ നിന്ന് ഭീഷണികൾ നേരിടേണ്ടി വന്നു. അവരെ അറസ്റ്റ് ചെയ്യാനും ഉപദ്രവിക്കാനും അദ്ദേഹം പലപ്പോഴും ആളുകളോട് കൽപ്പിക്കുമായിരുന്നു. ട്രൂജില്ലോയുടെ പ്രവൃത്തികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ പ്രചാരണത്തിൽ, മിറാബൽ സഹോദരിമാർ അദ്ദേഹം കൊന്ന വ്യക്തികളുടെ പേരുകൾ അടങ്ങിയ ലഘുലേഖകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. 1960 നവംബർ 25 ന്, റാഫേൽ ട്രൂജില്ലോ അയച്ച വ്യക്തികൾ പാട്രിയ, മിനർവ, മരിയ തെരേസ എന്നിവരെ ലാത്തികൊണ്ട് അടിച്ചു കൊലപ്പെടുത്തി. എന്നാൽ കൊലപാതകം ഒരു അപകടം പോലെ തോന്നിപ്പിക്കുന്നതിനായി അവരുടെ മൃതദേഹങ്ങൾ റോഡിൽ നിന്ന് മാറ്റി സഹോദരിമാരുടെ ജീപ്പിൽ ഇട്ടു.

പക്ഷെ ഈ കൊലപാതകങ്ങൾ പൊതുജനങ്ങളുടെ വലിയ പ്രതിഷേധത്തിന് കാരണമായി. തുടർച്ചയായ ആറ് മാസത്തെ സംഘർഷങ്ങൾക്ക് ശേഷം മുൻ സഖ്യകക്ഷികളാൽ റാഫേൽ ട്രൂജില്ലോ കൊല്ലപ്പെട്ടു.

ചെറുത്തുനിൽപ്പിന്റെ പ്രതീകം

മിറാബൽ സഹോദരിമാർ ജനങ്ങളുടെ മനസ്സിൽ സ്ത്രീപക്ഷ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളായി മാറി. അവർ ‘ലാസ് മാരിപോസാസ്’ (ചിത്രശലഭങ്ങൾ) എന്നറിയപ്പെട്ടു. ഇളയ സഹോ​ദരി ഡെഡെ മിറാബൽ തന്റെ സഹോദരിയുടെ ഓർമ്മകളെ അനുസ്മരിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിനും സമയം ചെലവഴിച്ചു. 1999-ൽ നവംബർ 25 ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചു.

ഇന്നും പലരുടെയും ഉള്ളിൽ അവർ പോലും അറിയാതെ ശബ്ദമായി മിറാബൽ സഹോദരിമാർ ഉണ്ട്. തങ്ങൾക്ക് ചുറ്റും മറ്റ് സ്ത്രീകൾ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെ ചോദ്യം ചെയ്യുന്നവരുടെ ഉള്ളിൽ മിറാബൽ സഹോദരിമാരുടെ ഉള്ളിലെ അതേ തീജ്വാലയുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അടിച്ചമർത്തലിനെതിരെയും അതിക്രമങ്ങൾക്കെതിരെയും സംസാരിക്കാൻ ആ കാലത്ത് അവർ കാണിച്ച ധൈര്യം ഇന്നത്തെ നമ്മുടെ സഹോദരിമാർക്കുണ്ട്. അക്രമത്തിന് അടിമപ്പെട്ടല്ലാതെ ജീവിക്കാനുള്ള അവകാശം ഓരോ സ്ത്രീക്കും ഉണ്ടെന്ന് അന്ന് ആ മൂന്ന് സഹോദരിമാർ ഉച്ചത്തിൽ പറഞ്ഞുതന്നത് ഇന്നത്തെ തലമുറവരെ കേട്ടു. ലോകത്തിലെ തെറ്റുകൾ തുറന്നുപറയുന്നതിനും അവയെക്കുറിച്ച് സംസാരിക്കുന്നതിനും അന്നവർ കാണിച്ച മാതൃക ഇന്നും പുതുയു​ഗത്തിലെ സ്ത്രീകൾക്ക് വലിയ പ്രചേദനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.