ലോകത്ത് ഓരോ മണിക്കൂറിലും അഞ്ച് സ്ത്രീകൾ പങ്കാളിയാലോ, ബന്ധുവിനാലോ കൊല്ലപ്പെടുന്നു: യുഎൻ റിപ്പോർട്ട്

കഴിഞ്ഞ വർഷം ലോകമെമ്പാടും ഏകദേശം 47,000 സ്ത്രീകളും പെൺകുട്ടികളും സ്വന്തം ജീവിതപങ്കാളിയാലോ, കുടുംബാംഗത്താലോ കൊല ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ‘സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിന’ത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പുറത്തുവിട്ട യുഎൻ വിമന്റെ ‘2026 ഫെമിസൈഡ് ബ്രീഫ്’ (2026 Femicide Brief) റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. ഒരു സ്ത്രീക്കോ, പെൺകുട്ടിക്കോ ഏറ്റവും അപകടകരമായ ഇടം അവളുടെ വീട് തന്നെയായി തുടരുകയാണെന്നും, ഈ പ്രവണതയിൽ വർഷങ്ങളായി കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പ്രധാന കണക്കുകളും പ്രാദേശിക നിരക്കുകളും

കഴിഞ്ഞ വർഷം ലോകത്ത് നടന്ന ആകെ 78,000 സ്ത്രീഹത്യകളിൽ ഏകദേശം 60 ശതമാനവും ജീവിതപങ്കാളിയോ, കുടുംബാംഗമോ ആണ് നടത്തിയത് എന്നത് ഞെട്ടിക്കുന്ന സത്യമാണ്. ശരാശരി ഓരോ മണിക്കൂറിലും അഞ്ച് സ്ത്രീകൾ വീതമോ, പ്രതിദിനം 129 സ്ത്രീകൾ വീതമോ കൊല്ലപ്പെടുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ 2024 ലെ 50,000 എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണത്തിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും, ഇത് യഥാർഥത്തിലുള്ള കുറവല്ലെന്നും കണക്കെടുപ്പിലെ മെച്ചപ്പെടുത്തലുകൾ മൂലമുണ്ടായ മാറ്റമാണെന്നും യുഎൻ വ്യക്തമാക്കി.

ലോകത്തിന്റെ ഒരു ഭാഗവും ഇത്തരം അക്രമങ്ങളിൽ നിന്നും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് പറയുന്നു. ഓരോ ഒരുലക്ഷം സ്ത്രീ ജനസംഖ്യയിലും പങ്കാളിയാലോ, ബന്ധുവിനാലോ കൊല്ലപ്പെടുന്നവരുടെ നിരക്ക് വിവിധ ഭൂഖണ്ഡങ്ങളിൽ ഇങ്ങനെയാണ് യുഎൻ രേഖപ്പെടുത്തിയിരിക്കുന്നത് – ആഫ്രിക്ക: 2.9 നിരക്കോടെ ഏറ്റവും ഉയർന്ന നിരക്ക്, അമേരിക്ക: 1.4, ഓഷ്യാനിയ: 1.1, ഏഷ്യ: 0.6, യൂറോപ്പ്: 0.5.

സ്ത്രീഹത്യകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ദീർഘകാലമായി തുടരുന്ന അക്രമങ്ങളുടെയും ഭീഷണികളുടെയും ദുരുപയോഗത്തിന്റെയും അവസാന ഘട്ടമാണ്. എന്നാൽ, മിക്ക സ്ത്രീകളും പെൺകുട്ടികളും സഹായം തേടാറില്ല, അല്ലെങ്കിൽ അവർക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ല. ഇതുമൂലം കുറ്റവാളികൾ ജീവിതകാലം മുഴുവൻ ശിക്ഷയിൽ നിന്നും രക്ഷപെടുകയാണ്.

മന്ദഗതിയിലുള്ള കുറവ്

ലോകമെമ്പാടും പൊതുവായ നരഹത്യാ നിരക്കുകൾ കുറഞ്ഞുവരുമ്പോൾ, പക്ഷെ സ്ത്രീഹത്യാ നിരക്കുകൾ കുറയുന്ന വേഗത വളരെ മന്ദഗതിയിലാണെന്ന് യുഎൻ കണ്ടെത്തി. 2010 മുതൽ കഴിഞ്ഞ വർഷം വരെയുള്ള കാലയളവിൽ, അമേരിക്കയിൽ പൊതുവായ നരഹത്യാ നിരക്ക് സ്ത്രീഹത്യാ നിരക്കിനേക്കാൾ ഇരട്ടിയോളം വേഗത്തിലും, യൂറോപ്പിൽ ഏകദേശം ഒന്നര ഇരട്ടി വേഗത്തിലുമാണ് കുറഞ്ഞത്.

ഇനിയും വൈകാതെ സ്ത്രീകൾക്ക് സുരക്ഷിതമായി പരാതി നൽകാനും സംരക്ഷണവും പിന്തുണയും നേടാനും കഴിയുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് യുഎൻ വിമൻ എക്സിക്യൂട്ടീവ് ഡയറക്ടർ സിമ ബഹൂസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.