ഞായർ പ്രസംഗം: മംഗളവാർത്താക്കാലം ഒന്നാം ഞായർ നവംബർ 29, ലൂക്കാ 1: 5-20 സഖറിയായ്ക്ക് അറിയിപ്പ്: ദൈവം ഓര്‍ക്കുന്നു

മനുഷ്യബുദ്ധിക്ക് അഗ്രാഹ്യനായ ദൈവം മനുഷ്യന് മനസ്സിലാകുന്ന രീതിയില്‍ മനുഷ്യാവതാരം ചെയ്തവന്റെ പ്രത്യാശ പങ്കുവയ്ക്കുന്ന കാലമാണ് മംഗളവാര്‍ത്താക്കാലം. മനുഷ്യപുത്രന്‍ ജനിക്കുന്നതിനും, സമയവും കാലവും പിളരുന്നതിനും തൊട്ടുമുന്‍പ് പ്രവചനങ്ങളും ദൂതുകളും നിലച്ച ഒരു വരണ്ട 400 വര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് പ്രത്യാശയുടെ പൊന്‍പ്രഭ വിരിയിച്ചുകൊണ്ട് ആ വൃദ്ധപുരോഹിതന് ദൈവാനുഭവം ഉണ്ടാകുന്നത്. ദൈവാലയത്തില്‍ തുടങ്ങി ദൈവാലയത്തില്‍ അവസാനിക്കുന്ന ലൂക്കാ സുവിശേഷത്തിലെ ആദ്യ 25 വചനങ്ങളാണ് ഇന്ന് നമ്മുടെ വചനവിചിന്തനത്തിനായി നല്‍കുന്നത്.

കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും തെരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും അതീവസൂക്ഷ്മതയും അവധാനവും കാണിക്കുന്ന ലൂക്കാ സുവിശേഷകന്‍ തന്റെ സുവിശേഷത്തിലെ ആദ്യ കഥാപാത്രമായി അവതരിപ്പിക്കുന്നത് സക്കറിയ എന്ന പുരോഹിതനെയാണ്. സക്കാര്‍, യാഹ്വെ എന്ന രണ്ട് ഹീബ്രൂപദങ്ങള്‍ ലോപിച്ചാണ് സക്കറിയ എന്ന പേര് ഉണ്ടാകുന്നത്. മനുഷ്യരക്ഷാചരിത്രത്തിന്റെ പൂര്‍ത്തീകരണമായ മിശിഹാരഹസ്യം അനാവരണം ചെയ്യുമ്പോള്‍ സുവിശേഷകന്‍ വളരെ ബോധപൂര്‍വമാണ് ‘ദൈവം ഓര്‍മ്മിച്ചു’ എന്ന് പേരുള്ള സക്കറിയായെ സ്മരിച്ചുകൊണ്ട് വിവരണം ആരംഭിക്കുന്നത്. രക്ഷ ആരംഭിക്കുന്നത് ദൈവത്തിന്റെ ഓര്‍മ്മയില്‍ നിന്നാണ്.

ദൈവം നമ്മെ ഓര്‍ക്കുന്നുവെന്ന് ഈ ആരാധനാക്രമവത്സരത്തിന്റെ ആരംഭത്തില്‍ സഭ ഓര്‍മ്മിപ്പിക്കുന്നു. സക്കറിയായുടെ ജീവിതവും അതുപോലെ ചില ഓര്‍മ്മപ്പെടുത്തലുകളും പാഠങ്ങളും നമ്മുടെ മുന്‍പില്‍ കാഴ്ചവയ്ക്കുന്നു. ഇസ്രായേല്‍ ജനത്തിന് അബ്രാഹത്തിലൂടെ ദൈവം നല്‍കുന്ന അടിസ്ഥാനപരമായ വാഗ്ദാനമാണ് സന്താനപുഷ്ടി. ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണം പോലെ വലിയൊരു ജനമാക്കാമെന്ന് അബ്രാഹത്തോട് ദൈവം കൊടുക്കുന്ന ഉറപ്പില്‍ സക്കറിയായ്ക്ക് ഭാഗഭാഗിത്വമുണ്ടായിരുന്നില്ല. ഇങ്ങനെയുള്ളവരെ ശപിക്കപ്പെട്ടവരായി കരുതിയിരുന്നവരുടെ ഇടയിലാണ് സക്കറിയ തന്റെ പുരോഹിതധര്‍മ്മം നടത്തേണ്ടിയിരുന്നത്. അതായത്, ദൈവത്തിനും ജനങ്ങള്‍ക്കും മധ്യേ നിന്നുകൊണ്ട് അനുഗ്രഹങ്ങള്‍ക്ക് മാധ്യസ്ഥ്യം വഹിക്കേണ്ടവന്‍ ശപിക്കപ്പെട്ടവനായി കരുതപ്പെട്ട അവസ്ഥ. സക്കറിയായുടെ പേരും ജീവിതവുമായി നീതി പുലര്‍ത്തുന്നുണ്ടോയെന്ന് നാം ഒന്ന് ചിന്തിച്ചുപോകും. ഇങ്ങനെ കഴിയുന്ന ഒരാള്‍ക്ക് ‘ദൈവം ഓര്‍ത്തു’ എന്ന പേര് ഉചിതമാണോ.

അനപത്യദുഃഖത്തിന്റെ ആഴക്കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് തന്റെ നീണ്ട സഹനവര്‍ഷങ്ങളില്‍ ദൈവത്തെ പഴിപറയാനും അകന്നുമാറാനും സ്വാഭാവികമായി തോന്നിയേക്കാം. വലിയ സഹനങ്ങളും തീവ്രദുഃഖങ്ങളും ജിവിതത്തില്‍ കടന്നുവരുമ്പോള്‍ ദൈവം എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു എന്നൊക്കെ ചിന്തിക്കുന്നവരുടെ എണ്ണം കുറവല്ല. ഒരുപക്ഷെ, അവരുടെ ജീവിതത്തില്‍ അന്നുവരെ ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെയും മറന്നുകൊണ്ട് ദൈവം അവരെ ഓര്‍ക്കുന്നില്ല എന്ന ചിന്ത കടന്നുവന്നേക്കാം. ശിഷ്യന്മാര്‍ പോലും ഈശോ തോണിയില്‍ കൂടെയുണ്ടായിരുന്നിട്ടും തിരമാലകളിലും കൊടുങ്കാറ്റിലും അകപ്പെട്ടപ്പോള്‍ ഭയപ്പെടുന്നതായി നാം കാണുന്നുണ്ട്. “കര്‍ത്താവേ രക്ഷിക്കണമേ, ഞങ്ങളിതാ നശിക്കുന്നു” എന്നുപറഞ്ഞാണ് അവര്‍ അവിടുത്തെ വിളിച്ചുണര്‍ത്തിയത്.

അനുദിന ജീവിതത്തിലും നാം തകരുമെന്നു കരുതുന്ന ചില അവസരങ്ങളില്‍ ദൈവം ഒന്നുമറിയാത്തവനെപ്പോലെ ഉറങ്ങുന്നതായി നമുക്കു തോന്നാം. യേശു അവരെ ശാസിച്ചുകൊണ്ട് ‘അല്‍പവിശ്വാസികളേ’ എന്നു വിളിക്കുന്നു. കാറ്റിനെയും കടലിനെയും ശാന്തമാക്കാന്‍ കഴിവുള്ളവന് നമ്മുടെ ജീവിതങ്ങളെയും ശാന്തമാക്കാന്‍ കഴിയുമെന്ന അവബോധമാണ് നമുക്കു വേണ്ടത്. നമ്മുടെ ജീവിതനൗകയില്‍ അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട്. ഇങ്ങനെയൊരു ഉറപ്പ് സക്കറിയായ്ക്ക് ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. സഹനത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുന്നവനായിരുന്നിട്ടും അവന്‍ ദൈവകല്‍പനകള്‍ പാലിക്കുന്നവനും നീതിമാനുമായിരുന്നെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തില്‍ നിന്ന് അകന്നുപോയില്ലെന്നു മാത്രമല്ല, മനുഷ്യന് അസാധ്യമെന്നു തോന്നുന്നിടത്തും ദൈവത്തിനു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടാണല്ലോ തന്റെ വാര്‍ധക്യകാലത്തും തന്റെ അപമാനം നീക്കാന്‍ ദൈവത്തോടു പ്രാര്‍ഥിച്ചത്. അവനുണ്ടാകുന്ന ദൈവാനുഭവവും ദൂതന്റെ മറുപടിയുമെല്ലാം ദൈവം അവന്റെ സാഹചര്യങ്ങള്‍ കണ്ട് ഇടപെട്ടതിനുള്ള തെളിവാണ്.

എല്ലാ വിശുദ്ധരും, ഏതവസ്ഥയിലും ദൈവം അവരോടൊപ്പമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചവരായിരുന്നു. “എന്റെ കര്‍ത്താവ് അറിയാതെ എനിക്കൊന്നും സംഭവിക്കില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്” എന്ന അല്‍ഫോന്‍സാ സൂക്തം എല്ലാവര്‍ക്കും പരിചിതമാണ്. അതുപോലെ അമ്മത്രേസ്യാ പറയുന്നുണ്ട്, “എനിക്ക് പ്രത്യാശയുടെ വലിയ ആയുധമേയുള്ളൂ. എല്ലാ വേദനകളിലും സഹനങ്ങളിലും ദൈവം എന്റെ കണ്ണീര്‍ കാണുന്നുണ്ട് എന്ന ഉറച്ച വിശ്വാസം.” ഒരിക്കല്‍, തനിക്ക് കഴിവില്ല കോണ്‍വെന്റിലെ ലില്ലിപ്പൂക്കള്‍ക്കിടയിലെ ചെറിയ കാട്ടുപൂവാണ് താന്‍ എന്ന് അപകര്‍ഷതാബോധത്തോടെ വേദനിച്ചപ്പോള്‍ ഈശോ പറഞ്ഞത്, “ഏറ്റവും ചെറിയ കാട്ടുപൂക്കള്‍ കൊണ്ടു പോലും എന്റെ അള്‍ത്താര അലങ്കരിക്കാന്‍ എനിക്ക് സാധിക്കുമെന്നാണ്.” ഏശയ്യായുടെ പുസ്തകം 43-ാം അധ്യായത്തില്‍ “നീ എനിക്ക് പ്രിയങ്കരനും അമൂല്യനുമാണെന്നും” 49-ാം അധ്യായത്തില്‍ “നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു” എന്നും പറയുന്ന ഒരു ദൈവത്തിന് എങ്ങനെ നമ്മെ ഉപേക്ഷി ക്കാന്‍ സാധിക്കും. തന്റെ സഹനയാത്രയുടെ വേളയില്‍ പോലും ഓര്‍ശ്ലേം നഗരിയിലെ സ്ത്രീകളെ കണ്ട് ആശ്വസിപ്പിച്ച ഒരു ദൈവമാണ് നമുക്കുള്ളത്.

സഹനങ്ങളുണ്ടാകുമ്പോള്‍, ദൈവം ഓര്‍ക്കുന്നില്ല എന്നു കരുതി കൃപയുടെ വാതിലുകള്‍ അടയ്ക്കരുത് എന്ന് സക്കറിയായുടെ ജിവിതം നമ്മെ പഠിപ്പിക്കുന്നു. ഒരിക്കല്‍ തന്റെ അമ്മ തുന്നുന്നതു കണ്ട് മകന് ആശയക്കുഴപ്പമുണ്ടായി. കാരണം, അവന്‍ നിലത്തിരിക്കുമ്പോള്‍ കാണുന്നത് കുരുക്കുകളും കുടുങ്ങലുകളുമായിക്കിടക്കുന്ന വികൃതമായ നൂലുകളായിരുന്നു. അവന്‍ അമ്മയോടു ചോദിച്ചു: “എന്തിനാണമ്മേ ഇത്തരം ജോലികള്‍ ചെയ്ത് സമയം പാഴാക്കുന്നത്.” അമ്മ ഒന്ന് ചിരിച്ചുകൊണ്ട് അവനെ വാരിപ്പുണര്‍ന്നു. മുകളില്‍ നിന്നു കണ്ട കാഴ്ച അവനെ ആശ്ചര്യപ്പെടുത്തി. താഴെ വികൃതമായിക്കിടന്ന നൂലുകള്‍ ഏറെ ശ്രദ്ധയോടെ തുന്നിച്ചേര്‍ത്ത് മനോഹരമായ ഒരു ചിത്രം എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. താഴെ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ കാണുന്ന കുരുക്കുകളഴിക്കാന്‍ ദൈവം മൂര്‍ച്ചയുള്ള സൂചി ഉപയോഗിച്ച് ഞെരുക്കമുള്ള തുന്നലുകള്‍ നടത്തിയേക്കാം.

സക്കറിയായുടെ ജിവിതം കണ്ട് വില്യം ബെയ്‌ക്ലേ എഴുതുന്നു, ‘God has not called you for an easy life but for doing great things.’ സുഖജീവിതത്തിനല്ല, വലിയ പദ്ധതിക്കായാണ് ദൈവം നിന്നെ വിളിച്ചിരിക്കുന്നത്. സഹനവും വേദനകളും ഇല്ലാത്തവരായി ആരും തന്നെയില്ല. എന്നാല്‍, ഈ സാഹചര്യങ്ങളില്‍ ദൈവം ഓര്‍ക്കുന്നില്ല എന്നുള്ള തെറ്റിധാരണയിലേക്കു പോകരുതെന്ന് സക്കറിയ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യരക്ഷാ പദ്ധതിയുടെ ഭാഗമാകാന്‍ സക്കറിയായ്ക്ക് ഒരു പരീക്ഷണം അബ്രാഹത്തെപ്പോലെ ആവശ്യമെന്ന് ദൈവം കണ്ടു. അതുകൊണ്ട് ദൈവം ഓര്‍ത്തില്ല എന്നല്ല, ഈ ദൗത്യം ഏറ്റെടുക്കാന്‍ ദൈവം ഏറ്റവും സൂക്ഷ്മതയോടെ തന്റെ അനന്തജ്ഞാനത്തില്‍ തിരഞ്ഞെടുത്തു നിയോഗിക്കപ്പെട്ടവനായിരുന്നു സക്കറിയ. ഈ തെരഞ്ഞെടുപ്പിന് അവിടുത്തെ സ്‌നേഹത്തില്‍ ചാലിച്ച ഒരു കുരിശ് അവന് താങ്ങാവുന്ന അളവിലും കൊടുത്തു.

അതുകൊണ്ട് സഹനങ്ങളുണ്ടാകുമ്പോള്‍ ദൈവം ഓര്‍ത്തില്ല എന്നല്ല, ദൈവം വലിയ പദ്ധതി എന്നെ ഏല്‍പിച്ചിരിക്കുകയാണെന്നു വേണം സക്കറിയയുടെ ജീവിതത്തിലൂടെ നാം മനസ്സിലാക്കാന്‍. മനുഷ്യന്റെ സമയവും സമയപരിധിയും കഴിയുമ്പോള്‍ ദൈവത്തിന്റെ സമയത്ത് (KAIROS) അവിടുന്ന് ഇടപെടുന്നു. സക്കറിയയുടെ വിശ്വസ്തതയ്ക്ക് ദൈവം യോഹന്നാനെ നല്‍കുന്നതുപോലെ നമുക്കും നമ്മുടെ യോഹന്നാന് ‘യാഹ് ഹന്നാന്‍’ ദൈവത്തിന്റെ സമ്മാനത്തിനു വേണ്ടി കാത്തിരിക്കാം.

ബ്രദര്‍ ജോര്‍ജ് കവലക്കാട് DMBM

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.