
ബംഗ്ലാദേശിലെ ധാക്കയിൽ വ്യോമസേനാ പരിശീലനവിമാനം ഒരു സ്‌കൂളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണമടഞ്ഞ 31 പേർക്കുവേണ്ടി പ്രാർഥിച്ച് ലെയോ പതിനാലാമൻ പാപ്പ. പരിശുദ്ധ പിതാവിനുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശത്തിൽ, മരണമടഞ്ഞവരെ ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിനു ഭരമേൽപിക്കുകയും അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അവരുടെ ദുഃഖത്തിൽ ആശ്വാസം കണ്ടെത്താനും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും ആശ്വാസം നൽകാനും പ്രാർഥിക്കുകയും ചെയ്തു.
ഈ തിങ്കളാഴ്ച ധാക്കയിലെ ബി എ എഫ് ബിർ ഉത്തോം എ കെ ഖണ്ഡ്കർ വ്യോമതാവളത്തിൽ നിന്ന് ബംഗ്ലാദേശ് വ്യോമസേനാ വിമാനം പറന്നുയർന്നപ്പോഴാണ് അപകടം നടന്നത്. കുറച്ചു മിനിറ്റുകൾക്കുശേഷം, വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. പൈലറ്റ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ടോവ്കിർ ഇസ്ലാം, വിമാനം ജനവാസമേഖലയിൽ നിന്ന് അകറ്റാൻ ശ്രമിച്ചെങ്കിലും പക്ഷെ നിയന്ത്രണം വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
ഉത്തര ജില്ലയിൽ സ്ഥിതിചെയ്യുന്ന മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് എന്ന സ്വകാര്യ സ്കൂളിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ക്‌ളാസ്സുകൾ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളിന്റെ ഇരുനില കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറുകയും വലിയൊരു തീപിടിത്തം ഉണ്ടാകുകയുമായിരുന്നു. അപകടത്തിൽ സ്ഥിരീകരിച്ച 31 മരണങ്ങൾക്കു പുറമെ 160 ലധികം പേർക്ക് പരിക്കേറ്റു.




