
2002 സെപ്റ്റംബർ 24 നാണ് ഇന്ത്യയെ നടുക്കി ഗുജറാത്തിൽ ഭീകരാക്രമണമുണ്ടായത്. ഗാന്ധിനഗറിലുള്ള അക്ഷർധാം ക്ഷേത്രത്തിലായിരുന്നു ആക്രമണം നടന്നത്. ആയുധധാരികളായി അക്ഷർധാമിൽ പ്രവേശിച്ച രണ്ടു ഭീകരർ നടത്തിയ ആക്രമണത്തിൽ 30 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിപ്പോർട്ടുകളനുസരിച്ച് വൈകുന്നേരം 04.45 നാണ് ഭീകരർ ക്ഷേത്രത്തിന്റെ മൂന്നാമത്തെ കവാടത്തിനു സമീപമെത്തിയത്. സുരക്ഷാ പരിശോധകരുടെ കണ്ണുവെട്ടിച്ച് മതിൽ ചാടിക്കടന്ന് അകത്തുപ്രവേശിച്ച അവർ വെടിയുതിർത്തു തുടങ്ങുകയായിരുന്നു. 15 നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയ പൊലീസും കമാൻഡോ യൂണിറ്റുകളും തീർഥാടകരെ ക്ഷേത്രത്തിൽ നിന്ന് പുറത്തെത്തിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകൾ പുലർച്ചയോടെ ഭീകരരെ കീഴ്‌പ്പെടുത്തി. ഒക്ടോബർ ഏഴിനാണ് അക്ഷർധാം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നത്.
ആദ്യശ്രമത്തിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹമെത്തിക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറിയത് 2014 സെപ്റ്റംബർ 24 നായിരുന്നു. എംഓഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാർസ് ഓർബിറ്റർ മിഷൻ സ്പേസ്ക്രാഫ്റ്റാണ് അന്നു രാവിലെ 07.17 ഓടെ ചുവന്ന ഗ്രഹത്തിന്റ ഭ്രമണപഥത്തിലെത്തിയത്. മംഗൾയാൻ എന്നും ഈ ദൗത്യം അറിയപ്പെടുന്നു. അതുവരെ ലോകമാസകലം നടത്തിയ 51 ചൊവ്വാദൗത്യങ്ങളിൽ വിജയിക്കുന്ന 21-ാമത്തേതായിരുന്നു ഇന്ത്യയുടെ മംഗൾയാൻ. ഗ്രഹാന്തരദൗത്യങ്ങളിൽ ഏറ്റവും ചെലവ് കുറഞ്ഞതുമായിരുന്നു അത്. സെപ്റ്റംബർ 22 ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ നാസയുടെ മാവൻ ദൗത്യത്തിന്റെ പത്തിലൊന്നു മാത്രമാണ് മംഗൾയാൻ ദൗത്യത്തിന് ചെലവായത്.
2018 സെപ്റ്റംബർ 24 നാണ് പാക്യോങ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. സിക്കിമിലെ ആദ്യത്തേതും ഇന്ത്യയിലെ നൂറാമത്തേതുമായ വിമാനത്താവളമാണ് പാക്യോങ്. സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിന്റെ പ്രാദേശിക വിമാനത്താവള വികസനപദ്ധതിയായ ഉഡാൻ സ്കീമിന്റെ ഭാഗമായി നിർമിച്ചാതാണ് എയർപോർട്ട്. തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്ന് 30 കിലോമീറ്റർ മാറിയാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4,500 അടി ഉയരത്തിലുള്ള ഈ എയർപോർട്ട് 201 ഏക്കറുകളിലാണ് വ്യാപിച്ചുകിടക്കുന്നത്. 605 കോടിയാണ് നിർമ്മാണച്ചെലവ്. ആദ്യഘട്ടത്തിൽ കൊൽക്കത്തയിൽ നിന്നും ഗുവാഹത്തിയിൽ നിന്നുമാണ് പാക്യോങിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിച്ചത്.
സുനീഷ വി എഫ്




