
ബ്ലഡ് ബാങ്കുകളുടെ മധ്യസ്ഥനായ വിശുദ്ധ ജാനുവേരിയസിന്റെ തിരുനാൾ ദിനത്തിൽ വേറിട്ട രക്തദാന കാമ്പയിന് തുടക്കമിട്ട് യു.എസിലെ പെൻസിൽവേനിയയിലുള്ള അലന്റൗൺ രൂപത. സെപ്റ്റംബർ 19-ന് ആരംഭിച്ച മൂന്നാമത് വാർഷിക രക്തദാന കാമ്പയിൻ ഡിസംബർ 16 വരെ നീണ്ടുനിൽക്കും.
ഇറ്റലിയിലെ നേപ്പിൾസ് കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ജാനുവേരിയസിന്റെ രക്തം അദ്ഭുതകരമായി വീണ്ടും ദ്രാവകരൂപത്തിലായ തിരുനാൾ ദിനത്തിലാണ് രൂപത ഈ ദൗത്യത്തിന് തുടക്കം കുറിച്ചത്. മില്ലർ-കീസ്റ്റോൺ ബ്ലഡ് സെന്ററുമായി സഹകരിച്ചാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. രൂപതയിലെ 78 ഇടവകകളും ആറു ഹൈസ്‌കൂളുകളും ഈ കാമ്പയിനിൽ പങ്കാളികളാകുന്നുണ്ട്. കഴിഞ്ഞ വർഷം 63 ഇടവകകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമായി 821 യൂണിറ്റ് രക്തം ശേഖരിച്ചിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധനവാണ് അന്ന് രേഖപ്പെടുത്തിയത്.
നൈറ്റ്‌സ് ഓഫ് കൊളംബസ് പ്രതിനിധിയും സെന്റ് ജോസഫ് ദി വർക്കർ ഇടവകാംഗവുമായ ജോൺ ഫിറ്റ്സ്പാട്രിക് എന്ന വ്യക്തിയാണ് ഈ ആശയത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 26 വർഷത്തിനിടെ 92 ഗാലൺ രക്തം ദാനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. അലന്റൗൺ ബിഷപ്പ് ആൽഫ്രഡ് എ. ഷ്ലെർട്ടും കാമ്പയിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. രക്തദാനത്തിൽ പങ്കാളികളാകുന്നവർക്ക് ബിഷപ്പ് ആശീർവദിച്ച മെഡലുകളും പ്രാർഥനാ കാർഡുകളും സമ്മാനമായി നൽകുന്നുണ്ട്.
അമേരിക്കയിൽ നിലവിൽ കടുത്ത രക്തക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് രൂപതയുടെ ഈ ജീവകാരുണ്യ പ്രവർത്തനം ഏറെ ശ്രദ്ധേയമാകുന്നത്. കൃത്രിമമായി നിർമ്മിക്കാൻ കഴിയാത്ത രക്തം നൽകാൻ കൂടുതൽ ആളുകൾ മുന്നോട്ടുവരണമെന്ന് മില്ലർ-കീസ്റ്റോൺ അധികൃതരും അഭ്യർഥിച്ചു.




