
രാഷ്ട്രീയ എതിരാളികൾക്കും സാധാരണ പൗരന്മാർക്കുമെതിരെ നിക്കരാഗ്വൻ ഭരണകൂടം വ്യവസ്ഥാപിതമായി അതിക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര വിദഗ്ധസംഘം വെളിപ്പെടുത്തി. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും രാജ്യത്തെ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അധികാരം നിലനിർത്തുകയാണെന്നും യുഎൻ മനുഷ്യാവകാശ സമിതി പുറത്തിറക്കിയ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
2018 മുതൽ രാഷ്ട്രീയ തടവുകാരായി കുറഞ്ഞത് എട്ട് പേരെങ്കിലും തടവറകളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎൻ ചൂണ്ടിക്കാണിക്കുന്നു. കുറ്റകരമായ സാഹചര്യങ്ങളും വൈദ്യസഹായം നിഷേധിക്കപ്പെട്ടതുമാണ് ഇതിന് കാരണം. പ്രമുഖ തദ്ദേശീയ (Indigenous) നേതാവും മുൻ നിയമസഭാംഗവുമായ 73 കാരൻ ബ്രൂക്ലിൻ റിവേരയുടെ കസ്റ്റഡി മരണത്തെ യുഎൻ റിപ്പോർട്ട് പ്രത്യേകമായി അപലപിച്ചു. മൂന്ന് വർഷത്തോളം രഹസ്യ തടങ്കലിൽ പാർപ്പിച്ച അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണങ്ങൾ പരസ്പരവിരുദ്ധവും വൈദ്യശാസ്ത്രപരമായി അസംബന്ധവുമാണെന്ന് വിദഗ്ധർ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 161 തിരോധാന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 29 പേരുടെ തിരോധാനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. രാഷ്ട്രീയ എതിർപ്പുകളെ അമർച്ച ചെയ്യാൻ നിയമവിരുദ്ധ തടവറകളും പീഡനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കാണാതായവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, അന്താരാഷ്ട്ര നിയമപ്രകാരം നിക്കരാഗ്വൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ യു.എൻ വിദഗ്ധർ മുന്നോട്ടുവച്ചു.




