
സെന്റ് കാതറിൻ ഡ്രെക്സെൽ കാത്തലിക് ദൈവാലയത്തിൽ, രണ്ടാം ക്ലാസ്സുകാരനായ ഗ്രെയ്സൺ എന്ന കൊച്ചുമിടുക്കൻ ‘ഒരു ദിവസത്തെ വികാരി’ ആയി മാറിയപ്പോൾ പൗരോഹിത്യത്തിലേക്ക് എത്തണമെന്ന അവന്റെ സ്വപ്നത്തിന് പുതിയൊരു ജീവൻ വയ്ക്കുകയായിരുന്നു. വീട്ടിൽ നിന്ന് കൊണ്ടുവന്ന നീലയും വെള്ളയും കലർന്ന വസ്ത്രങ്ങൾ അണിഞ്ഞ്, ഗ്രെയ്സൺ ഫാദർ മാറ്റിനൊപ്പം ഇടവക വൈദികന്റെ ദൈനംദിന ശുശ്രൂഷകളിൽ പങ്കാളിയായി.
വിശുദ്ധ കുർബാന അർപ്പണം, ഓഫീസിലെ ദൈനംദിന കാര്യങ്ങൾ, ഒരു കത്തോലിക്കാ സമൂഹത്തെ നയിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അവൻ അടുത്തറിഞ്ഞു. “ടീമിലേക്ക് സ്വാഗതം ഗ്രെയ്സൺ, നീ വന്നതിൽ ഞങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട്. നിന്റെ സേവനത്തിന് നന്ദി!” ഇടവക അധികൃതർ പങ്കുവച്ചു.
2026 ലെ വസന്തകാലത്ത് സെന്റ് ജോൺസ് റീജിയണൽ കാത്തലിക് സ്കൂൾ സംഘടിപ്പിച്ച ഒരു സൈലന്റ് ലേലത്തിലൂടെയാണ് ഗ്രെയ്സണ് ഈ പ്രത്യേക അവസരം ലഭിച്ചതെന്ന് സെന്റ് കാതറിൻ ഡ്രെക്സെലിലെ സോഷ്യൽ മീഡിയ മിനിസ്ട്രി ലീഡ് റഷെലി റോഡ്രിഗോ വ്യക്തമാക്കി. മേരിലാൻഡിലെ ഫ്രെഡറിക്കിലുള്ള സെന്റ് കാതറിൻ ഡ്രെക്സെൽ ഇടവക വികാരിയായ ഫാദർ മാറ്റാണ് ‘പാസ്റ്റർ ഫോർ എ ഡേ’ എന്ന ഈ അവസരം ലേലത്തിലെ ഒരു സമ്മാനമായി സ്പോൺസർ ചെയ്തത്.
ഒരു ദിവസം വൈദികനാകാൻ ആഗ്രഹിക്കുകയും വീട്ടിൽ അടിക്കടി വൈദികന്റെ വേഷം ധരിക്കുകയും ചെയ്യുന്ന ഗ്രെയ്സണെ സംബന്ധിച്ചിടത്തോളം ഈ സമ്മാനത്തിന് വലിയ അർഥമുണ്ടായിരുന്നു. സ്കൂളിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണുന്ന നീലയും വെള്ളയും വസ്ത്രങ്ങൾ അവൻ സ്വന്തമായി കൊണ്ടുവന്നതാണ്.




