അയർലൻഡിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കാണാതായവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ

തീവ്രവാദികളുടെ തട്ടിക്കൊണ്ടു പോകലിനെ തുടർന്ന് കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്തവരുടെ കുടുംബങ്ങളുമായി വത്തിക്കാനിൽ പ്രത്യേക കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ. വടക്കൻ അയർലൻഡിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ കാലത്ത് റിപ്പബ്ലിക്കൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും രഹസ്യമായി മറവുചെയ്യുകയും ചെയ്തവരുടെ കുടുംബങ്ങളുമായിട്ടാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്.

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ അർമാഗ് ആർച്ച് ബിഷപ്പ് ഏമൺ മാർട്ടിൻ ഇവരെ ലെയോ മാർപാപ്പയ്ക്ക് പരിചയപ്പെടുത്തുകയും, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ ലഭിക്കുന്നതിനായി ഇവർ പതിറ്റാണ്ടുകളായി നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് കുടുംബങ്ങളെ ചേർത്തു പിടിച്ച പാപ്പ കാണാതായവർക്കായുള്ള പ്രാർഥന ചൊല്ലുകയും അവർക്കായി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു. അവർക്കൊപ്പം ഏതാനും മിനിറ്റുകൾ ചെലവഴിച്ച ശേഷം, കുടുംബങ്ങളെ ആശീർവദിച്ചിട്ടാണ് ലെയോ മാർപാപ്പ മടങ്ങിയത്.

അയർലൻഡിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ കാലത്ത് റിപ്പബ്ലിക്കൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും രഹസ്യമായി മറവുചെയ്യുകയും ചെയ്തവരെയാണ് ‘കാണാതായവർ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇരകളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി രൂപീകരിച്ച കമ്മീഷൻ പട്ടികപ്പെടുത്തിയ 17 പേരിൽ നാല് പേരുടെ മൃതദേഹങ്ങൾ, വിപുലവും കഠിനവുമായ തിരച്ചിലുകൾ നടത്തിയിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാൽ തന്നെ ഈ കുടുംബങ്ങൾ ഇന്നും വേദനയിൽ കഴിയുകയാണ്. അവർക്ക് ആശ്വാസമായി മാറുകയാണ് പാപ്പയുമായി ഉള്ള ഈ കൂടിക്കാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.