പപ്പുവ ന്യൂ ഗിനിയയിൽ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു: മരണത്തിന് പിന്നാലെ അക്രമവും സംഘർഷവും

പപ്പുവ ന്യൂ ഗിനിയയിലെ ഈസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയിലുള്ള മലഗുനനിലെ സെന്റ് ജോസഫ് ദി വർക്കർ ഇടവക വികാരിയായിരുന്ന ഫാദർ ഫ്രാൻസിസ് പാസ്ക കൊല്ലപ്പെട്ടു. റബൗൾ അതിരൂപത ഫിദെസ് വാർത്താ ഏജൻസിക്ക് അയച്ച പ്രസ്താവന പ്രകാരം, ഏതാനും ആഴ്ചകൾക്ക് മുമ്പ് വെടിയേറ്റ വൈദികനെ അതീവ ഗുരുതരാവസ്ഥയിൽ വുനാപോപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഗുരുതരമായ പരിക്കുകളെ തുടർന്ന് നവംബർ പത്തിനാണ് അന്തരിച്ചത്. പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ക്രിമിനൽ സംഘത്തിന്റെ ആക്രമണത്തിനാണ് അദ്ദേഹം ഇരയായതെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്.

അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ പ്രാദേശിക സമൂഹത്തിൽ സംഘർഷം ഉടലെടുത്തു. എതിരാളികളായ സംഘങ്ങൾ തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളെത്തുടർന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി പൊലീസ് 40 പേരെ അറസ്റ്റ് ചെയ്തു. ഇവാകാക്ക പ്രദേശത്തെയും മലഗുനയിലെയും യുവാക്കൾ തമ്മിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് ഇടപെടലുകൾ ഉണ്ടായിട്ടും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നു. റബൗളിലേക്കുള്ള റോഡ് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർക്കും യാത്രക്കാർക്കും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“ഒരു ദൈവപുരുഷനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇതിൽ ഉൾപ്പെട്ട യുവാക്കളെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും വേണം,” മലഗുനയിലെ സാമൂഹിക നേതാവായ അൽഫോൺസ് മൗർ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനോട് പറഞ്ഞു.

1965 ഏപ്രിൽ 17-ന് ജനിച്ച ഫാദർ ഫ്രാൻസിസ് 2004 ജൂൺ അഞ്ചിനാണ് വൈദികനായി അഭിഷിക്തനായത്. സെന്റ് ജോസഫ് പള്ളിയിലെ വിശ്വാസികളെയും ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെയും സേവിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും നീതി നടപ്പാക്കണമെന്നും ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നു.

ഈസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയിലുടനീളം അക്രമാസക്തമായ കവർച്ചകളും മോഷണങ്ങളും യുവജന സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നതെന്ന് പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.