ഹോംസിലെ ആർച്ച് ബിഷപ്പിന് നേരെ ആക്രമണം: ആശങ്കയിൽ ക്രൈസ്തവർ

സിറിയയിലെ ഹോംസിൽ മോഷണശ്രമത്തിനിടെ ബിഷപ്പിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവും ആശങ്കയും ഉയർത്തി ക്രൈസ്തവർ. മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ ആർച്ച് ബിഷപ്പ് ജീൻ-അബ്ദോ അർബാച്ചായിരുന്നു ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് ശേഷം രക്ഷപെട്ട ബിഷപ്പ് താൻ സുരക്ഷിതനാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്ന പ്രാർഥനകൾക്കും പിന്തുണയ്ക്കും നന്ദി പറയുന്നതായും അറിയിച്ചു.

എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (Aid to the Church in Need) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനു നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം തന്റെ നന്ദിയും നിലവിലെ അവസ്ഥകളും വ്യക്തമാക്കിയത്. കന്യകാമറിയത്തിന്റെ രൂപം ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ മോഷ്ടിച്ചെങ്കിലും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടാൻ കഴിഞ്ഞതിൽ 74-കാരനായ അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹം നെഞ്ചിൽ അണിയുന്ന കുരിശും മോഷ്ടാക്കൾ കവർന്നിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

74-കാരനായ ആർച്ച് ബിഷപ്പ് 2012 മുതൽ ഹോംസ് അതിരൂപതയെ നയിച്ചുവരികയാണ്; ദീർഘകാലത്തെ യുദ്ധത്തിനും പ്രതിസന്ധികൾക്കുമിടയിലും ജനങ്ങൾക്കൊപ്പം നിന്ന ധീരനായ ഇടയനായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന് നേരെയുണ്ടായ ഈ അതിക്രമത്തെ തുടർന്ന് വിശ്വാസികളും സഭാനേതൃത്വവും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

നവംബർ 17-ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ സിറിയയിലെ മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയാക് ഓർത്തഡോക്സ് പാത്രിയാർക്കീസുമാർ ആക്രമണത്തെ ശക്തമായി അപലപിച്ചു. ക്രൈസ്തവരെ എളുപ്പത്തിൽ ആക്രമിക്കാവുന്ന ലക്ഷ്യങ്ങളായോ ബലിയാടുകളായോ കണക്കാക്കരുതെന്ന് അവർ വ്യക്തമാക്കി. സമീപകാലത്ത് നടന്ന മറ്റ് ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും ചൂണ്ടിക്കാട്ടിയ സഭാ നേതാക്കൾ, അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഇല്ലാത്തത് സിറിയയിലെ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതായി മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.