ബാലാവകാശങ്ങൾ: സാംസ്കാരികമായ ഒരു പുനർവായന

ഡോ. സെമിച്ചൻ ജോസഫ്

“കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളല്ല, ഇന്നത്തെ യാഥാർഥ്യങ്ങളാണ്.” പ്രമുഖ ചിലിയൻ കവയിത്രിയും നയതന്ത്രജ്ഞയും നോബൽ സമ്മാനജേതാവുമായ ഗബ്രിയേല മിസ്ട്രൽ കുട്ടികളെക്കുറിച്ചു പങ്കുവച്ച ഈ ആശയം പിന്നീട് ആഗോളവ്യാപകമായി ബാലാവകാശ പ്രവർത്തകരും യൂണിസെഫ് പോലുള്ള പ്രസ്ഥാനങ്ങളും ഏറ്റെടുത്തു. നവംബർ 20 ന് ലോകം മറ്റൊരു അന്തർദേശീയ ബാലാവകാശ ദിനത്തിലേക്കു (World Children’s Day) കടക്കുമ്പോൾ, ‘എന്റെ ദിനം, എന്റെ അവകാശങ്ങൾ, എന്റെ ഭാവി’ (My day, my rights, my future) എന്നതാണ് 2026 ലെ ദിനാചരണ സന്ദേശമായി ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്നത്.

കുട്ടികളുടെ ശബ്ദത്തിന് കാതോർക്കാനും അവരുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കാനും ആഹ്വാനം ചെയ്യുന്ന ഈ സന്ദേശം, ബാലാവകാശങ്ങളുടെ യഥാർഥ അന്തസ്സത്ത സമൂഹത്തെ ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു. ആധുനിക ഭരണഘടനാ സങ്കൽപങ്ങളിലും സാമൂഹികശാസ്ത്ര സംവാദങ്ങളിലും ‘ബാലാവകാശങ്ങൾ’ എന്ന വിഷയം കേവലം ഒരു നിയമസംഹിതയ്ക്കപ്പുറം ഒരു ജനതയുടെ മാനവിക വികാസത്തിന്റെ അളവുകോലായി ഇന്ന് മാറിയിരിക്കുന്നു. എന്നിരുന്നാലും, സംരക്ഷണ നിയമങ്ങളും കൺവെൻഷനുകളും നിലനിൽക്കുമ്പോഴും, ആഗോളതലത്തിലും പ്രാദേശികമായും കുട്ടികൾ നേരിടുന്ന പീഡനങ്ങളും അവകാശലംഘനങ്ങളും ഒരു കാര്യം അടിവരയിടുന്നു: ബാലാവകാശങ്ങളുടെ കേവലമായ ഒരു നിയമവായനയല്ല, മറിച്ച് സമൂഹത്തിന്റെ ആഴത്തിലുള്ള സാംസ്കാരിക മനസ്സിനെക്കൂടി നവീകരിക്കുന്ന ഒരു പുനർവായനയാണ് ഇന്ന് അനിവാര്യം.

ചരിത്രപരമായി പരിശോധിക്കുമ്പോൾ, ‘കുട്ടിക്കാലം’ എന്ന അവസ്ഥയെ സവിശേഷമായ സംരക്ഷണവും കരുതലും സ്വാതന്ത്ര്യവും ആവശ്യമുള്ള ഒരു ഘട്ടമായി മാനവചരിത്രം എപ്പോഴും അടയാളപ്പെടുത്തിയിരുന്നില്ല എന്നത് കാണാം. വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ കുട്ടികൾ വെറും ‘ചെറിയ മുതിർന്നവർ’ (Miniature adults) മാത്രമായി പരിഗണിക്കപ്പെടുകയും ഫാക്ടറികളിലും കൽക്കരി ഖനികളിലും ക്രൂരമായ തൊഴിൽ ചൂഷണത്തിന് ഇരയാവുകയും ചെയ്തു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ 1924 ലെ ജനീവ പ്രഖ്യാപനവും, 1959 ലെ ബാലാവകാശ പ്രഖ്യാപനവും, തുടർന്ന് 1989 നവംബർ 20 ന് രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ കൺവെൻഷനും (UNCRC) നിർണ്ണായക പങ്ക്  വഹിച്ചു. ഇന്ത്യൻ പശ്ചാത്തലത്തിൽ ഭരണഘടനയുടെ അനുച്ഛേദം 21A, 24 എന്നിവയ്ക്കു പുറമെ, ‘പോക്സോ’ നിയമം (POCSO Act, 2012), ജുവനൈൽ ജസ്റ്റിസ് ആക്ട് (2015) എന്നിവ കുട്ടികളുടെ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിൽ വലിയൊരു നിയമപരമായ പരിണാമം സൃഷ്ടിച്ചു. എന്നാൽ, പുരോഗമനപരമായ ഈ നിയമസംഹിതകളെല്ലാം നിലനിൽക്കുമ്പോഴും, അവ നടപ്പിലാക്കേണ്ട സമൂഹത്തിന്റെ ‘സാംസ്കാരിക ബോധം’ ഇന്നും പല വൈരുധ്യങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.

നമ്മുടെ സംസ്കാരത്തിൽ പലപ്പോഴും കുട്ടികളെ ഒരു സ്വതന്ത്രവ്യക്തിയായി കാണുന്നതിനു പകരം മാതാപിതാക്കളുടെയോ, കുടുംബത്തിന്റെയോ ഒരു ‘സ്വകാര്യ സ്വത്ത്’ (Property) ആയിട്ടാണ് പൊതുവെ പരിഗണിക്കുന്നത്. ‘അടക്കമില്ലാത്തവനെ അടിയൊതുക്കണം’ എന്ന തരത്തിലുള്ള പരമ്പരാഗതമായ സാംസ്കാരിക ബോധ്യങ്ങൾ കുട്ടികൾക്കെതിരെയുള്ള ശാരീരിക-മാനസിക പീഡനങ്ങളെയും (Corporal Punishment) അവരുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്നതിനെയും ഇപ്പോഴും ന്യായീകരിക്കുന്നു. കുട്ടികളുടെ അഭിപ്രായങ്ങൾക്ക് വില കൽപിക്കാതെ, മുതിർന്നവരുടെ തീരുമാനങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കുന്ന പ്രവണത ബാലാവകാശങ്ങളുടെ കാതലായ ‘പങ്കാളിത്ത അവകാശത്തെ’ (Right to Participation) തന്നെയാണ് നിരാകരിക്കുന്നത്. നിയമവും സംസ്കാരവും തമ്മിലുള്ള ഈ വലിയ അകലമാണ് ആധുനിക സമൂഹത്തിൽ ബാലാവകാശങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഡിജിറ്റൽ യുഗത്തിന്റെയും നിർമ്മിതബുദ്ധിയുടെയും (AI) അതിവേഗത്തിലുള്ള കടന്നുവരവ് കുട്ടികളുടെ അവകാശ സംരക്ഷണമേഖലയിൽ പുതിയതും സങ്കീർണ്ണവുമായ വെല്ലുവിളികളാണ് ഉയർത്തുന്നത്.

സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ഓൺലൈൻ ബാലപീഡന സാമഗ്രികളുടെ (CSAM) വ്യാപനം, ഡിജിറ്റൽ ബുള്ളിയിംഗ്, സ്വകാര്യതാ ലംഘനങ്ങൾ എന്നിവ കുട്ടികളുടെ സുരക്ഷിതത്വത്തെ വലിയ തോതിൽ ബാധിക്കുന്നു. ഡിജിറ്റൽ സാക്ഷരതയുടെയും കൃത്യമായ രക്ഷാകർതൃ മേൽനോട്ടത്തിന്റെയും അഭാവം മൂലം കുട്ടികൾ പലപ്പോഴും സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളോ അല്ലെങ്കിൽ അറിയാതെ തന്നെ അതിന്റെ ഭാഗമോ ആയി മാറുന്നുണ്ട്. അതോടൊപ്പം, കോർപ്പറേറ്റ് വിപണികൾ കുട്ടികളെ ലക്ഷ്യമിട്ട് നടത്തുന്ന അനിയന്ത്രിതമായ പരസ്യങ്ങളും ഉപഭോഗ സംസ്കാരവും അവരുടെ സ്വാഭാവികമായ മാനസിക വികാസത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

നിയമങ്ങൾ എത്ര ശക്തമാണെങ്കിലും, അവ നടപ്പിലാക്കേണ്ട നീതിന്യായ വ്യവസ്ഥ ഇന്ന് നേരിടുന്ന പ്രതിസന്ധികൾ ഈ രംഗത്തെ വെല്ലുവിളികളുടെ ആഴം കൂട്ടുന്നു. പ്രത്യേക കോടതികൾ നിലവിലുണ്ടെങ്കിൽ പോലും കേസുകളുടെ കുന്നുകൂടലും കാലതാമസവും കാരണം ഇരകളായ കുട്ടികൾക്ക് യഥാസമയം നീതി ലഭിക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. വിചാരണ വേളകളിൽ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും കുട്ടികളോടു പുലർത്തേണ്ട വൈകാരികമായ സമീപനം (Child-friendly approach) പൂർണ്ണമായി നടപ്പിലാകാത്തത് കുട്ടികളിൽ ‘ദ്വിതീയ പീഡനം’ (Secondary Victimization) ഉണ്ടാക്കുന്നു. ദീർഘിച്ച നിയമപോരാട്ടങ്ങൾക്കിടയിൽ പ്രതികളുടെ സ്വാധീനത്താൽ സാക്ഷികൾ കൂറുമാറുന്നതും ഇരകളുടെ കുടുംബങ്ങൾ ഒത്തുതീർപ്പുകൾക്ക് നിർബന്ധിതരാകുന്നതും നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ വലിയൊരു പോരായ്മയാണ്.

ഭാവിയിൽ ഈ രംഗത്ത് ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ സമഗ്രമായ പരിഷ്കാരങ്ങൾ അനിവാര്യമാണ്. കേവലം ശിക്ഷാനിയമങ്ങൾ കർശനമാക്കിയതുകൊണ്ടുമാത്രം പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകില്ല, മറിച്ച് വിദ്യാലയങ്ങളിലെ പാഠ്യപദ്ധതികളിൽ പ്രായത്തിന് അനുയോജ്യമായ ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസവും (Comprehensive Sexuality Education) ഭരണഘടനാപരമായ അവകാശ ബോധവൽക്കരണവും ഉൾപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓൺലൈൻ പീഡനങ്ങളെ തടയാനുള്ള ശക്തമായ സൈബർ പ്രതിരോധ സംവിധാനങ്ങൾ രൂപീകരിക്കണം. നീതിന്യായ പ്രക്രിയ കൂടുതൽ ശിശുസൗഹൃദമാക്കാനും പോക്സോ കേസുകൾ നിശ്ചിതസമയത്തിനകം തീർപ്പാക്കാനും ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്.

ഈ അന്തർദേശീയ ബാലാവകാശ ദിനം നമ്മോട് ആവശ്യപ്പെടുന്നത് കുട്ടികൾക്കു വേണ്ടി സംസാരിക്കുന്നതിനൊപ്പം, കുട്ടികളെ കേൾക്കാൻ കൂടി നാം തയ്യാറാകണം എന്നതാണ്. ബാലാവകാശ സംരക്ഷണം എന്നത് പൊലീസിന്റെയോ, കോടതികളുടെയോ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് അത് സമൂഹത്തിന്റെ ഒട്ടാകെയുള്ള സാംസ്കാരിക പുരോഗതിയുടെ ഭാഗമായി മാറണം. കുട്ടിയെ കേവലം ഒരു സംരക്ഷണവസ്തുവായി കാണാതെ, അവരെ ആദരവോടെയും അവകാശങ്ങളുള്ള ഒരു സ്വതന്ത്രവ്യക്തിയായും കാണാൻ നമ്മുടെ കുടുംബങ്ങളും പൊതുസമൂഹവും സന്നദ്ധമാകേണ്ടതുണ്ട്. ഭയമില്ലാതെ വളരാൻ കഴിയുന്ന, സ്വന്തം ശബ്ദമുയർത്താൻ സ്വാതന്ത്ര്യമുള്ള ഒരു സാമൂഹിക അന്തരീക്ഷം ഒരുക്കുമ്പോൾ മാത്രമേ ‘എന്റെ ദിനം, എന്റെ അവകാശങ്ങൾ, എന്റെ ഭാവി’ എന്ന സന്ദേശവും ബാലാവകാശങ്ങളുടെ അന്തസ്സത്തയും അതിന്റെ പൂർണ്ണമായ അർഥത്തിൽ സാർഥകമാവുകയുള്ളൂ. നിയമങ്ങളുടെ വരട്ടുതത്വങ്ങളിൽ നിന്ന് കുട്ടികളെ സ്നേഹത്തോടെയും മാനവികതയോടെയും കാണുന്ന ഒരു പുതിയ സാംസ്കാരിക വായനയിലേക്ക് നമ്മുടെ സമൂഹം വളരേണ്ടതുണ്ട്.

ഡോ. സെമിച്ചൻ ജോസഫ്
(മൂവാറ്റുപുഴ നിർമ്മല കോളേജിലെ സാമൂഹ്യപ്രവർത്തന വിഭാഗം അസി. പ്രൊഫസറും പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യാ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.